News - 2025
മുന്‍ പാരീസ് ആര്‍ച്ച് ബിഷപ്പായിരിന്ന കർദ്ദിനാൾ അന്ത്രേ വിംഗ് ദിവംഗതനായി
പ്രവാചകശബ്ദം 19-07-2025 - Saturday
പാരീസ്: ഫ്രാൻസിലെ കത്തോലിക്ക മെത്രാൻ സംഘത്തിൻറെയും പാരീസ് അതിരൂപതയുടെയും മുൻ അദ്ധ്യക്ഷൻ കർദ്ദിനാൾ അന്ത്രേ വിംഗ് ദിവംഗതനായി. 83 വയസ്സായിരിന്നു. ഇന്നലെ ജൂലൈ 18-ന് വെള്ളിയാഴ്ചയായിരുന്നു അന്ത്യം. നാഡീവ്യവസ്ഥയെ ബാധിച്ച് പേശികളുടെ ബലം ഇല്ലാതാക്കുന്ന “ഗിയെൻ ബറേ” രോഗം പിടിപെട്ടതിനെ തുടർന്നു 2017 മുതൽ അജപാലന പ്രവർത്തനങ്ങൾ ചുരുക്കാൻ നിർബന്ധിതനായ അദ്ദേഹം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. 2013-ൽ ഫ്രാൻസിസ് മാർപാപ്പയെ തിരഞ്ഞെടുത്ത പേപ്പൽ കോൺക്ലേവിൽ പങ്കെടുത്ത കർദ്ദിനാൾ ഇലക്ടർമാരിൽ ഒരാളായിരുന്നു അദ്ദേഹം.
1942 നവംബര്‍ 7ന് പാരീസിലാണ് കർദ്ദിനാൾ അന്ത്രേ വിംഗിന്റെ ജനനം. 1969 ജൂൺ 28ന് പൗരോഹിത്യം സ്വീകരിച്ചു. 1988 ഒക്ടോബർ 14ന് മെത്രാനായി അഭിഷിക്തനായി. 1999 മുതൽ 2005 വരെ ടൂർസ് അതിരൂപതയുടെയും 2005-2017 വരെ പാരിസ് അതിരൂപതയുടെയും ആർച്ചുബിഷപ്പായിരുന്നു. ബെനഡിക്ട് പതിനാറാമൻ പാപ്പ 2007 നവംബര്‍ 24ന് കർദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി. കര്‍ദ്ദിനാളിന്റെ നിര്യാണത്തോടെ കർദ്ദിനാൾ സംഘത്തിലെ അംഗസംഖ്യ 249 ആയി കുറഞ്ഞു. പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിൽ സമ്മതിദാനാവകാശം ഉള്ള കര്‍ദ്ദിനാളുമാരുടെ അംഗസംഖ്യ നിലവില്‍ 131 ആണ്. ശേഷിച്ച 118 പേർക്ക് പ്രായപരിധിയായ 80 വയസ് കടന്നതിനാൽ വോട്ടവകാശം ഇല്ല.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
