News - 2025
വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലൂടെ ഒരു യാത്ര: 'പെട്രോസ് എനി' പ്രദർശനം വത്തിക്കാനിൽ ആരംഭിച്ചു
പ്രവാചകശബ്ദം 24-07-2025 - Thursday
വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്റെ ബസിലിക്കയും മൈക്രോസോഫ്റ്റും ചേർന്ന് ബസിലിക്കയുടെ ഉത്ഭവവും, നിർമ്മാണവും മുതൽ നൂറ്റാണ്ടുകളായി അതിന്റെ എല്ലാ പരിണാമങ്ങളും ഉൾച്ചേർത്തുകൊണ്ടുള്ള ചരിത്രയാത്രയും, വിശുദ്ധ പത്രോസിന്റെ ജീവിതവും സാക്ഷ്യവും ഉൾപ്പെടുത്തിയുള്ള 'പെട്രോസ് എനി' പ്രദർശനം വത്തിക്കാനിൽ ആരംഭിച്ചു. നൂറ്റാണ്ടുകളായി, വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ പരിണാമത്തിന്റെ പ്രധാന വശങ്ങൾ പ്രദർശിപ്പിക്കുന്ന ഈ പ്രദര്‍ശനം തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും നൂതനമായ സന്ദർശനാനുഭവം നൽകുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
അപ്പസ്തോലന്മാരുടെ തലവനായ വിശുദ്ധ പത്രോസിന്റെ ചരിത്രത്തെയും, ലോകത്തിലെ ഏറ്റവും വലിയ ബസിലിക്കയെയും കുറിച്ചുള്ള ആഴത്തിലുള്ള പ്രദർശനത്തിന് "പത്രോസ് ഇവിടെ ഉണ്ട്" എന്നർത്ഥം വരുന്ന 'പെത്രോസ് എനി' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. നൂറ്റാണ്ടുകളായുള്ള ദേവാലയത്തിലെ മാറ്റങ്ങള്‍ ഉള്‍ചേര്‍ത്തു ആത്മീയത, കല, സാങ്കേതികവിദ്യ എന്നിവ ഇഴചേർന്ന ഒരു യാത്രയാണ് പ്രദർശനം. ബസിലിക്കയുടെ താഴികക്കുടത്തെ പിന്തുണയ്ക്കുന്ന തൂണുകളിലൊന്നിനുള്ളിൽ സ്ഥിതിചെയ്യുന്ന "ഒക്ടാഗണൽ മുറികൾ" എന്ന ഭാഗത്താണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.
'പെട്രോസ് എനി' പ്രദർശനം, തീർത്ഥാടകരുടെ മനസ്സിൽ നവമായ ഒരു ഒരു ചിന്ത സൃഷ്ടിക്കുന്നതിന് സഹായകരമാകുമെന്ന് ബസിലിക്കയുടെ ആർച്ചുപ്രീസ്റ്റ് കർദിനാൾ മൗറോ ഗംബെത്തി പ്രതീക്ഷ പ്രകടിപ്പിച്ചു. എല്ലാ ദിവസവും രാവിലെ 8. 30 മുതൽ വൈകുന്നേരം 17 വരെയാണ് പ്രദർശനം. ഓൺലൈനായും ടിക്കറ്റുകൾ ബുക്ക് ചെയ്യാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. www.basilicasanpietro.va എന്ന വെബ്സൈറ്റിലാണ് പ്രദര്‍ശനത്തിന് ടിക്കറ്റുകൾ ലഭ്യമാക്കുന്നത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
