News

വത്തിക്കാനില്‍ നിര്‍ണ്ണായക സ്ഥാനങ്ങള്‍ വഹിച്ച ടാൻസാനിയന്‍ കര്‍ദ്ദിനാള്‍ പോളികാർപോ ദിവംഗതനായി

പ്രവാചകശബ്ദം 23-02-2026 - Monday

ഡാർ-എസ്-സലാം: ടാൻസാനിയയിലെ ഡാർ-എസ്-സലാമിലെ മുന്‍ ആര്‍ച്ച് ബിഷപ്പും വത്തിക്കാനിലെ നിര്‍ണ്ണായകമായ വിവിധ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുകയും ചെയ്ത കർദ്ദിനാൾ പോളികാർപോ പെങ്കോ വിടവാങ്ങി. 81 വയസ്സായിരിന്നു. മൃതസംസ്കാരം ഫെബ്രുവരി 28 ശനിയാഴ്ച രാവിലെ 10 മണിക്ക് ദാർ എസ് സലാമിലെ പുഗു തീർത്ഥാടന കേന്ദ്രത്തിൽ നടക്കും. ലെയോ പതിനാലാമൻ മാർപാപ്പ കര്‍ദ്ദിനാളിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ആഫ്രിക്കയിലെ സഭയെയും പരിശുദ്ധ സിംഹാസനത്തെയും സേവിച്ച ജ്ഞാനിയും ദയയുള്ള ഇടയനുമെന്നാണ് പാപ്പ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

1944 ഓഗസ്റ്റ് 5ന് ടാൻസാനിയയിലെ സുംബവാംഗ രൂപതയിലെ മ്വാസിയിലാണ് ജനനം. 1971 ജൂൺ 20ന് വൈദികനായി അഭിഷിക്തനായി. രണ്ട് വർഷം ബിഷപ്പിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. 1984 ജനുവരി 6ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വിശുദ്ധ ജോൺ പോൾ രണ്ടാമനില്‍ നിന്നു മെത്രാന്‍ പട്ടം സ്വീകരിച്ചു. 1986-ൽ തുണ്ടുരു-മസാസി എന്ന രൂപതയുടെ പ്രഥമ ബിഷപ്പായി അദ്ദേഹം നിയമിതനായി. 1990-ൽ, ദാർ-എസ്-സലാമിന്റെ പിന്തുടർച്ചാവകാശമുള്ള ആർച്ച് ബിഷപ്പായി നിയമിതനായി.

1992 ജൂലൈയിൽ അദ്ദേഹം ഈ പദവി പൂർണ്ണമായും ഏറ്റെടുത്തു. 1998 ഫെബ്രുവരിയിൽ കർദ്ദിനാളായി ഉയർത്തപ്പെട്ടു. 2012-ൽ, റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ സർവകലാശാലയുടെ അന്താരാഷ്ട്ര ഗവേഷണ, ഇന്റർ ഡിസിപ്ലിനറി പഠന വിഭാഗത്തില്‍ കർദ്ദിനാൾ റോബർട്ട് സാറയോടൊപ്പം പ്രവര്‍ത്തിക്കുവാന്‍ തെരഞ്ഞെടുക്കപ്പെട്ടു. വത്തിക്കാനിൽ പരിശുദ്ധ സിംഹാസനത്തിന്റെ സംഘടനാപരവും സാമ്പത്തികവുമായ പ്രശ്‌നങ്ങളെക്കുറിച്ചു പഠിക്കുവാന്‍ രൂപീകരിച്ച കർദ്ദിനാൾമാരുടെ കൗൺസിലിൽ അദ്ദേഹം അംഗമായിരുന്നു.

ജനതകളുടെ സുവിശേഷവൽക്കരണത്തിനായുള്ള തിരുസംഘത്തിലും വിശ്വാസ തിരുസംഘത്തിലും മതാന്തര സംവാദത്തിനുവേണ്ടിയും സംസ്കാരത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിലും അദ്ദേഹം പ്രവര്‍ത്തിച്ചു. ആഫ്രിക്കയ്ക്കായുള്ള പ്രത്യേക കൗൺസിൽ, ബിഷപ്പുമാരുടെ സിനഡിന്റെ ജനറൽ സെക്രട്ടേറിയറ്റ്, കുടുംബത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ കമ്മിറ്റി എന്നിവയിലും അദ്ദേഹം സേവനം ചെയ്തു. 2005-ൽ ബെനഡിക്ട് പതിനാറാമനെയും 2013-ൽ ഫ്രാൻസിസ് പാപ്പയെയും തിരഞ്ഞെടുത്ത കോൺക്ലേവുകളിൽ അദ്ദേഹം പങ്കെടുത്തിരിന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️






Related Articles »