News

'SSPX' നടത്തുന്ന കൂദാശകൾ അസാധു: വത്തിക്കാന്‍ ഡിക്രി പുറത്തിറക്കി

പ്രവാചകശബ്ദം 02-07-2026 - Thursday

വത്തിക്കാന്‍ സിറ്റി: ലെയോ പാപ്പയും വിശ്വാസകാര്യങ്ങളുമായി ബന്ധപ്പെട്ട വത്തിക്കാൻ ഡിക്കാസ്റ്ററിയും നല്‍കിയ മുന്നറിയിപ്പ് അവഗണിച്ച് മെത്രാഭിഷേകം നടത്തിയ വിശുദ്ധ പത്താം പീയൂസിന്റെ നാമധേയത്തിലുള്ള പൗരോഹിത്യ കൂട്ടായ്മ (Society of Saint Pius X- SSPX) സ്വമേധേയുള്ള പുറത്താകലിന് (latae sententiae excommunication) വിധേയമായതായി വത്തിക്കാന്‍ പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച ഡിക്രിയും വിശദീകരണ കുറിപ്പും വത്തിക്കാൻ വിശ്വാസകാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് പുറത്തിറക്കി. പ്രസ്തുത കൂട്ടായ്മ നടത്തുന്ന കൂദാശകൾ നിയമാനുസൃതമല്ലെന്നും, അവർ നടത്തുന്ന കുമ്പസാരവും വിവാഹവും അസാധുവാണെന്നും വിശുദ്ധ ബലിയർപ്പണങ്ങളിലും അവർ സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും വത്തിക്കാന്‍, ആഗോള കത്തോലിക്ക വിശ്വാസികളോട് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്നലെ ജൂലൈ ഒന്നാം തീയതി സ്വിറ്റ്‌സർലണ്ടിലെ എകോണിൽ നടത്തിയ മെത്രാഭിഷേകങ്ങളെ "ശീശ്മയുടെ സ്വഭാവമുള്ള ഒരു പ്രവര്‍ത്തി" എന്നാണ് ഡിക്കാസ്റ്ററി വിശേഷിപ്പിച്ചത്. വിശുദ്ധ പത്താം പീയൂസിന്റെ നാമധേയത്തിലുള്ള പൗരോഹിത്യ കൂട്ടായ്മയിലെ (SSPX) മെത്രാന്മാരായ അൽഫോൻസോ ദേ ഗലറേത്ത, ബെർണാഡ് ഫെല്ല, മെത്രാന്‍ പട്ട സ്വീകരണം നടത്തിയ പാസ്കൽ ഷ്റൈബർ, മൈക്കിൾ ഗോൾഡേഡ്, മൈക്കിൾ പ്വാൻസിനെ ദ് സിവ്രി, മാർക്ക് ഹാപ്പീർ എന്നിവർ സഭയിൽ പിളർപ്പുണ്ടാക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തിയാണ് നടത്തിയിരിക്കുന്നതെന്നും പാപ്പയുടെ അനുമതികൂടാതെയുള്ള മെത്രാഭിഷേക ചടങ്ങ് നടത്തിയതിനാൽ, സഭയിൽനിന്നുള്ള സ്വയം പുറത്താകലിന് (latae sententiae excommunication) എത്തിച്ചേർന്നിരിക്കുന്നുവെന്നും വിശ്വാസകാര്യങ്ങൾക്കായുള്ള ഡിക്കാസ്റ്ററി അധ്യക്ഷൻ കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് ഒപ്പിട്ട രേഖയില്‍ പറയുന്നു.

വിശുദ്ധ പോൾ ആറാമൻ പാപ്പയുടെ കാലം മുതൽ അടുത്തിടെ വരെ ഡിക്കാസ്റ്ററിയിൽ നടന്ന സംവാദങ്ങളിലൂടെ ആർച്ച് ബിഷപ്പ് മാർസെൽ ലെഫേബ്ര് ആരംഭിച്ച സമൂഹത്തോട് ചേർന്ന് നിൽക്കുന്നവരെ കത്തോലിക്ക സഭയോടുള്ള ഐക്യത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള നിരവധിയായ ശ്രമങ്ങൾ നടത്തിയിരുന്നു എങ്കിലും അവ ഫലം കണ്ടിരുന്നില്ലായെന്ന് ഡിക്രിയില്‍ പറയുന്നു. ഈ അവസ്ഥ, പരിശുദ്ധ പിതാവിന്റെ അനുമതിയില്ലാതെ കഴിഞ്ഞ ദിവസം നടന്ന മെത്രാഭിഷേകച്ചടങ്ങുകളോടെ കൂടുതൽ വഷളാകുകയായിരുന്നു. കാനോനികനിയമത്തിന്റെ തുറന്ന ലംഘനമാണ് ഈ ചടങ്ങിലൂടെ ഉണ്ടായത്.

ഈ ബോധ്യങ്ങളാൽ, തന്നിൽ ഏല്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വമനുസരിച്ച്, മേൽപ്പറഞ്ഞ മെത്രാഭിഷേക ചടങ്ങിലൂടെ വിശുദ്ധ പത്താം പീയൂസിന്റെ നാമധേയത്തിലുള്ള പൗരോഹിത്യ കൂട്ടായ്മ (SSPX) ചെയ്ത പ്രവര്‍ത്തി "ശീശ്മ"യിലേക്കാണ് നയിച്ചതെന്ന് ഡിക്കാസ്റ്ററി മനസിലാക്കുന്നു. ഈ പ്രവര്‍ത്തി, അതിലുൾപ്പെട്ട സമർപ്പിതരെയും അൽമായവിശ്വാസികളെയും കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത് ഈ തിന്മയിലേക്കാണ്. 1988-ൽത്തന്നെ, "ഇത്തരം അനുസരണക്കേട് റോമിന്റെ പ്രാമുഖ്യത്തെ പ്രായോഗികമായി തള്ളിക്കളയുന്ന ഒന്നായതിനാൽത്തന്നെ സഭയിൽനിന്ന് പുറത്താക്കുന്ന ഒരു പ്രവര്‍ത്തിയാണ്" എന്നു ജോൺ പോൾ രണ്ടാമൻ പാപ്പ അപ്പസ്തോലിക ലേഖനത്തില്‍ ( എക്ലേസിയ ദേയി, 3) പ്രഖ്യാപിച്ചിരുന്നു.

ഇക്കാരണങ്ങളാൽ, ഇനിമുതൽ വിശുദ്ധ പത്താം പീയൂസിന്റെ നാമധേയത്തിലുള്ള പൗരോഹിത്യ കൂട്ടായ്മയിലെ (SSPX) സമർപ്പിതർ ശീശ്മയിലായതുകൊണ്ടുതന്നെ, അവർ കാനോനികനിയമം (can. 1364 § 1 CIC) അനുശാസിക്കുന്ന പുറത്താക്കൽ നടപടിയനുസരിച്ച് സഭയിൽനിന്ന് പുറത്തായിട്ടുള്ളവരായി കണക്കാക്കണം (cfr. Ecclesia Dei, 5 c; Pontificio Consiglio per i Testi Legislativi, Nota esplicativa sulla scomunica per scisma in cui incorrono gli aderenti al movimento del Vescovo Marcel Lefebvre, 24.08.1996, 5-6).

ഈ സമൂഹത്തിലെ അൽമായ വിശ്വാസികളെ സംബന്ധിച്ചിടത്തോളം, അവർ ഔദ്യോഗികമായി വിശുദ്ധ പത്താം പീയൂസിന്റെ നാമധേയത്തിലുള്ള പൗരോഹിത്യ കൂട്ടായ്മയോട്, 1996-ൽ നിയമരേഖകൾക്കായുള്ള പൊന്തിഫിക്കൽ കൗൺസിൽ നൽകിയിരുന്നതും ഇപ്പോഴും സാധുതയുള്ളതുമായ വിശദീകരണരേഖയിൽ പറയുന്നതനുസരിച്ച്, ചേർന്ന് നിൽക്കുന്നുവെങ്കിൽ അവരും ശീശ്മയിൽപ്പെട്ടവരും സഭയിൽനിന്ന് പുറത്താക്കപ്പെട്ടവരുമായി കണക്കാക്കപ്പെടുമെന്നും വത്തിക്കാന്‍ വ്യക്തമാക്കി.

(https://www.vatican.va/roman_curia/pontifical_councils/intrptxt/documents/rc_pc_intrptxt_doc_19960824_vescovo-lefebvre_it.html)

വിശുദ്ധ പത്താം പീയൂസിന്റെ പൗരോഹിത്യ കൂട്ടായ്മയിലെ (SSPX) സമർപ്പിത ശുശ്രൂഷകർ നടത്തുന്ന കൂദാശകൾ നിയമാനുസൃതമല്ലെന്നും, അവർ നടത്തുന്ന കുമ്പസാരവും വിവാഹവും അസാധുവാണെന്നും ദൈവജനത്തെ അറിയിക്കുന്നു. പൂർണ്ണമായ കൂട്ടായ്മയിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന എല്ലാവരെയും, ആത്മാർത്ഥമായ സ്നേഹത്തോടും അഗാധമായ കരുതലോടും കൂടി കരുതലുള്ള ഒരു അമ്മയെപ്പോലെ സഭ സ്വീകരിക്കും. വിവിധ സാഹചര്യങ്ങളിൽ അതത് മെത്രാന്മാർക്ക് (Ordinaries) സ്വീകരിക്കാവുന്ന നടപടിക്രമങ്ങൾക്കായി അപ്പസ്തോലിക ന്യൂൺഷ്യോമാർ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും വത്തിക്കാന്‍ വിശ്വാസ കാര്യാലയം അറിയിച്ചു. ഡിക്കാസ്റ്ററിയുടെ രണ്ട് സെക്രട്ടറിമാരും ഒപ്പിട്ടാണ് ഡിക്രി പുറത്തിറക്കിയിരിക്കുന്നത്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »