India - 2026

ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ വത്തിക്കാന്‍ സുവിശേഷവൽക്കരണ ഡിക്കാസ്റ്ററി അംഗം

പ്രവാചകശബ്ദം 13-08-2026 - Thursday

കൊച്ചി: വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ ലെയോ പതിനാലാമൻ പാപ്പ സുവിശേഷവൽക്കരണ ഡിക്കാസ്റ്ററിയില്‍ അംഗമായി നിയമിച്ചു. മുന്‍പ് റോമിലെ പാപ്പയുടെ കാര്യാലയത്തിൽ കത്തോലിക്കാ സഭയുടെ പൊന്തിഫിക്കൽ കൗൺസിൽ സെക്രട്ടറിയായും കുടിയേറ്റക്കാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക വിഭാഗത്തിലും ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വത്തിക്കാന്‍ സുവിശേഷവൽക്കരണ ഡിക്കാസ്റ്ററിയിലേക്ക് അംഗമായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയാണ് അദ്ദേഹം.

1952 ഒക്ടോബർ 6 ന് ഇന്ത്യയിലെ എറണാകുളം ജില്ലയിലെ വടുതലയിലാണ് ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ ജനിച്ചത്. 1965-ൽ അദ്ദേഹം സെമിനാരിയിൽ ചേർന്നു. കളമശ്ശേരി സെന്റ് പോൾസ് കോളേജിൽ പ്രീ-ഡിഗ്രി കോഴ്സിന് ശേഷം, തത്ത്വശാസ്ത്ര പഠനത്തിനായി തിരുച്ചിറപ്പള്ളി സെന്റ് പോൾസ് സെമിനാരിയിലേക്ക് അയച്ചു. പിന്നീട് ആലുവയിലെ മംഗലപ്പുഴ സെമിനാരിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദം നേടി. 1978 മാർച്ച് 13ന് പൗരോഹിത്യം സ്വീകരിച്ചു.

1980-ൽ ഉന്നത പഠനത്തിനായി റോമിലേക്ക് അയച്ചു. പൊന്തിഫിക്കൽ അർബൻ യൂണിവേഴ്സിറ്റിയിൽ നിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി. 1984-ൽ റോമിലെ കൊളീജിയോ സാൻ പാവോലോയുടെ വൈസ് റെക്ടറായി ഫാ. ജോസഫ് നിയമിതനായി. 1989-ൽ ഫാ. ജോസഫ് കളത്തിപ്പറമ്പിൽ കേരളത്തിലേക്ക് മടങ്ങി. വരാപ്പുഴ അതിരൂപതയുടെ ചാൻസലറായി ചുമതലയേറ്റു. അതേ വർഷം തന്നെ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തിന് മോൺസിഞ്ഞോർ പദവി നൽകി. 2002 ഏപ്രിൽ 19-ന് അദ്ദേഹം കോഴിക്കോട് ബിഷപ്പായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. 2002 മെയ് 19-ന് അദ്ദേഹം അഭിഷിക്തനായി.

2011 ഫെബ്രുവരി 22-ന് ബെനഡിക്ട് പതിനാറാമൻ പാപ്പ കുടിയേറ്റക്കാര്‍ക്ക് വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ സെക്രട്ടറിയായി നിയമിച്ചു. 2016 ഒക്ടോബർ 31-ന് ഫ്രാൻസിസ് മാർപാപ്പയാണ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ വരാപ്പുഴ അതിരൂപതയുടെ ആർച്ച് ബിഷപ്പായി നിയമിച്ചത്. 2016 ഡിസംബർ 18-ന് വരാപ്പുഴ അതിരൂപതയുടെ ആർച്ച് ബിഷപ്പായി സ്ഥാനാരോഹണം നടന്നു. 2016 ഡിസംബർ മുതൽ വരാപ്പുഴ അതിരൂപതയുടെ ആർച്ച് ബിഷപ്പായി സേവനം അനുഷ്ഠിക്കുകയാണ് അദ്ദേഹം.


Related Articles »