News - 2025

ക്രൈസ്തവ വിദ്വേഷം പരത്താന്‍ 'ജനം ടിവി'യുടെ വ്യാജപ്രചരണം; വിമര്‍ശനവുമായി സീറോ മലബാര്‍ മീഡിയ കമ്മീഷന്‍

പ്രവാചകശബ്ദം 25-07-2025 - Friday

കൊച്ചി: സൗമ്യ വധക്കേസ് പ്രതിയും കൊടുംകുറ്റവാളിയുമായ ഗോവിന്ദ ചാമിയുടെ ജയില്‍ ചാട്ടവുമായി ബന്ധപ്പെട്ട് ക്രൈസ്തവ വിദ്വേഷം വളർത്തുന്ന വിധത്തില്‍ സംഘപരിവാര്‍ മാധ്യമമായ 'ജനം ടിവി' നടത്തുന്ന വ്യാജ പ്രചരണത്തെ അപലപിച്ച് സീറോ മലബാര്‍ മീഡിയ കമ്മീഷന്‍. ഗോവിന്ദ ചാമിയുടെ പേര് ചാർളി തോമസ് എന്നു നല്‍കി വാര്‍ത്ത റിപ്പോര്‍ട്ടുകളില്‍ വ്യാജ പ്രചരണം നടത്തുന്ന ചാനലിന്റെ വര്‍ഗ്ഗീയമുഖം ചൂണ്ടിക്കാട്ടിയാണ് സീറോ മലബാര്‍ മീഡിയ കമ്മീഷന്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

മീഡിയ കമ്മീഷന്‍ കുറിപ്പ്: ‍

പോലീസ് റെക്കോർഡുകളിലും സകലമാന മാധ്യമങ്ങൾക്കും സൗമ്യ വധക്കേസ് പ്രതി കൊടുംകുറ്റവാളി ഗോവിന്ദ ചാമിയാണ്, എന്നാൽ ജനം ടിവിക്കു മാത്രം അയാൾ ചാർളി തോമസാണ്. സൗമ്യക്കേസിൽ പിടിയിലായപ്പോൾ ഇയാൾ പോലീസിനോടു പറഞ്ഞ പേരാണ് ചാർലി തോമസ് എന്നത്. പോലീസ് പിടിക്കുമ്പോൾ പേര് മാറ്റി പറയുന്നത് ഇയാളുടെ സ്ഥിരം പരിപാടിയായിരുന്നു.

ഗോവിന്ദച്ചാമി, ചാർലി, കൃഷ്ണൻ, രാജ, രമേഷ് എന്നിങ്ങനെ പല പേരുകളും വിവിധ കേസുകളിൽ ഇയാൾ പോലീസിനോടു പറഞ്ഞിട്ടുണ്ട്. ആദ്യം പോലീസ് രേഖപ്പെടുത്തിയപ്രകാരം ചില മാധ്യമങ്ങളിലും ആദ്യം ചാർലി തോമസ് എന്ന പേരാണ് വന്നത്.



എന്നാൽ, പിന്നീട് പോലീസ് നടത്തിയ കൂടുതൽ അന്വേഷണത്തിൽ ഇയാളുടെ പേര് ഗോവിന്ദച്ചാമി എന്നാണെന്നു കണ്ടെത്തി. ഇതോടെ മാധ്യമങ്ങൾ ആ പേര് ഉപയോഗിച്ചു തുടങ്ങി. സുപ്രീം കോടതി വിധി രേഖകളിൽ ഗോവിന്ദസ്വാമി എന്നാണ് ഇയാളുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല ഇതുമായി ബന്ധപ്പെട്ടുനടന്ന നിരവധി മാധ്യമചർച്ചകളിൽ ഇത് കള്ള പ്രചാരണമാണെന്നു തെളിഞ്ഞതുമാണ്.

ഏതായാലും, ജനം ടി വി യുടെ മഹത്തായ മാധ്യമ ധർമ്മം അസ്സലായി. തങ്ങളുടെ അനുഭാവികൾക്കിടയിൽ ക്രൈസ്തവ വിദ്വേഷം വളർത്താനും മതപരിവർത്തണമെന്ന ദുരാരോപണം ഒരിക്കൽക്കൂടി ആവർത്തിച്ചുറപ്പിക്കാനും കിട്ടിയ അവസരം മുതലാക്കുകയാണെന്നത് മനസ്സിലാകുന്നുണ്ട്.


Related Articles »