News - 2025
ക്രിസ്തുവിനെ പ്രതി പീഡിപ്പിക്കപ്പെടുമ്പോൾ..!
ഫാ. മാത്യു നെരിയാട്ടിൽ 02-08-2025 - Saturday
"എന്റെ നാമംമൂലം നിങ്ങള്‍ സര്‍വരാലും ദ്വേഷിക്കപ്പെടും. അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്‌ഷപെടും" (മത്തായി 10:22).
കഴിഞ്ഞ 2000 വർഷങ്ങളായി ഭാരതക്രൈസ്തവരെ സംരക്ഷിച്ചത് ആർഷ ഭാരതസംസ്കാരവും ജനാധിപത്യവുമൊക്കെയാണ് എന്ന വായ്ത്താരി പലപ്പോഴും കേൾക്കാറുണ്ട്. എന്നാൽ സത്യം അതാണോ? സുവിശേഷം പ്രഘോഷിച്ച അനേകർ ഇവിടെ രക്തസാക്ഷികൾ ആയിട്ടില്ലേ? ഉദാ: മാർത്തോമാ ശ്ലീഹ (72), വി. ജോൺ ബ്രിട്ടോ (1693), വി. ദേവസഹായം പിള്ള (1752), വാ. റാണി മരിയ (1995), ഫാ. അരുൾ ദോസ് (1999) അങ്ങനെ എത്രയോ ധീര രക്ത സാക്ഷികൾ.
രണ്ടായിരം വർഷം മിഷൻ വേല ചെയ്യാൻ മറന്നു പോയ മാർത്തോമ്മാ ക്രിസ്ത്യാനികളെ ഓർത്ത് വിലപിച്ചു കൊണ്ടാണ് ധന്യനായ മാർ ഇവാനിയോസ് പിതാവ് ബഥനി സന്യാസ പ്രസ്ഥാനം ആരംഭിക്കുന്നതും പിന്നീട് പുനരൈക്യത്തിലേക്ക് പോകുന്നതും. ചരിത്രപരമായ മറ്റ് ചില കാരണങ്ങളും ഉണ്ടെങ്കിലും സുവിശേഷത്തെക്കുറിച്ചുള്ള ഈ നൊമ്പരമാണ് പുനരൈക്യ പ്രസ്ഥാനത്തിന്റെ യഥാർത്ഥ പ്രേരകശക്തി.
രണ്ടായിരം വർഷം നമ്മൾ വലിയ തട്ടുകേടില്ലാതെ പോയത് ഇവിടെയുള്ളവരുടെ മഹാമാനസ്കതയെക്കാളുപരി മർത്തോമ്മാ ക്രിസ്ത്യാനികൾ കാര്യമായ സുവിശേഷവേല ചെയ്യാത്തതു കൊണ്ടാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടോളമായി നമ്മൾ സുവിശേഷവത്കരണ ശുശ്രൂഷകൾ ചെയ്തു തുടങ്ങിയപ്പോഴല്ലേ പീഡനങ്ങളും വർധിച്ചു തുടങ്ങിയത്?
നീതിനിഷേധങ്ങൾ ഉണ്ടാകുമ്പോൾ ജനാധിപത്യ രാജ്യത്തിലെ പൗരന്മാർ എന്ന നിലയിൽ സാധിക്കുന്ന എല്ലാ രീതിയിലും നമ്മൾ പ്രതിഷേധിക്കണം. പക്ഷെ അതു മാത്രം മതിയോ? നീതിരഹിതരായ ഭരണാധികാരികളിൽ നിന്നും വർഗീയ ഭ്രാന്തു പിടിച്ച ജന സഹസ്രങ്ങളിൽ നിന്നും എന്തെങ്കിലും നന്മ ഉണ്ടാകും എന്ന് വിചാരിക്കുന്നത് എത്ര മൗഢ്യമാണ്.
വിവിധ സംസ്ഥാനങ്ങളിൽ പാസ്സായിക്കൊണ്ടിരിക്കുന്ന മതപരിവർത്തന ബില്ലുകൾ നമ്മളെ ഓർമ്മിപ്പിക്കേണ്ടത് "യേശുവിന്റെ നാമത്തില്‍യാതൊന്നും സംസാരിക്കുകയോ പഠിപ്പിക്കുകയോ അരുതെന്നു" കല്‍പിച്ച അധികാരികളും ജനപ്രമാണികളും നിയമജ്‌ഞരും അടങ്ങിയ സംഘത്തെയാണ് (അപ്പ. 4:18).
ആ സാഹചര്യത്തിൽ ആദിമ സഭ ചെയ്തത് സംഘത്തെ സ്വാധീനിക്കാൻ കഴിയുന്ന ഫരിസേയനായ നിക്കൊദേമോസിനെപ്പോലെയോ അരിമത്തിയാക്കാരൻ ജോസഫിനെപ്പോലെയുള്ളവരുടെ സഹായം തേടുകയല്ല. മറിച്ച്, ഏക മനസ്‌സോടെ ഉച്ചത്തില്‍ ദൈവത്തോടപേക്‌ഷിക്കുകയാണ് ചെയ്തത്. (അപ്പ 4 : 23-31)
ഇന്ത്യയിലെ പൗരന്മാർ എന്ന നിലയിൽ ചെയ്യണ്ട കാര്യങ്ങൾ ചെയ്യുന്നതിനോടൊപ്പവും അതിനെക്കാളധികമായും ഭാരതസഭ ചെയ്യേണ്ടത്, ഈ ക്രൂരതകൾക്കെതിരെ ദൈവത്തോടപേക്‌ഷിക്കുകയല്ലേ? കൂടുതൽ ശക്തമായി സുവിശേഷവേല ചെയ്യാനുള്ള കൃപ ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുകയല്ലേ വേണ്ടത്. നമ്മളെല്ലാം പ്രാർത്ഥിക്കുന്നുണ്ടല്ലോ എന്ന് ഒരു പക്ഷെ പറഞ്ഞേക്കാം. അങ്ങനെ സ്വയപ്രേരിത പ്രാർത്ഥനകൾ മാത്രം മതിയോ?
ആദിമ സഭയിലെപ്പോലെ ഐക്യത്തോടെയുള്ള ശക്തമായ പ്രാർത്ഥനകൾ വേണ്ടേ? ഞങ്ങൾ സാമൂഹിക സേവനം (Social Service) ചെയ്യുന്നവർ മാത്രമാണ്. ഞങ്ങൾ ആരെയും ക്രിസ്ത്യാനിയാക്കുന്നില്ല എന്ന് വിലപിക്കുകയാണോ വേണ്ടത്? ഞങ്ങൾ ഇന്നും നാളെയും ക്രിസ്തുവിനെ പ്രഘോഷിക്കുക തന്നെ ചെയ്യും എന്ന് ധൈര്യപൂർവ്വം പറയുകയല്ലേ വേണ്ടത്.
കാരണം, ഭരണഘടന അനുവദിക്കുന്നതു കൊണ്ട് മാത്രമല്ലല്ലോ നമ്മൾ സുവിശേഷം പ്രഘോഷിക്കുന്നത്. അതുപോലെ, ഭരണഘടന അനുവദിക്കുന്ന കാലം വരെ മാത്രമല്ലല്ലോ നമ്മൾ സുവിശേഷവേല ചെയ്യേണ്ടത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
