India - 2026
ജീവൻ ജ്യോതി അല്മായ പ്രേഷിത മുന്നേറ്റത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്
പ്രവാചകശബ്ദം 26-01-2026 - Monday
കൊച്ചി: സീറോമലബാർ സഭയിലെ അല്മായ വിശ്വാസികളെ സുവിശേഷ പ്രഘോഷണത്തിന്റെ മുൻനിരയിലേക്കു നയിക്കുന്നതിനായി രൂപീകരിച്ച ജീവൻ ജ്യോതി അല്മായ പ്രേഷിതമുന്നേറ്റത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കും. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പദ്ധതി ഉദ്ഘാടനം ചെയ്യും. ഷംഷാബാദ് ആർച്ച് ബിഷപ്പ് മാർ പ്രിൻസ് പാണേങ്ങാടൻ മുഖ്യപ്രഭാഷണം നടത്തും. പ്രസ്ഥാനത്തിന്റെ ഔദ്യോഗിക പേര്, ലോഗോ, പ്രവർത്തനരേഖ എന്നിവ ചടങ്ങിൽ പ്രകാശനം ചെയ്യും.
2024 ഓഗസ്റ്റിൽ നടന്ന മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയുടെ നിർദേശപ്രകാരം 2025 ജനുവരിയിലെ സിനഡ് അംഗീകാരം നൽകിയ ബ്രഹത് പദ്ധതിയാണിത്. വിശുദ്ധ തോമാശ്ലീഹായുടെ ശ്ലൈഹിക പാരമ്പര്യം മുറുകെപ്പിടിച്ച് അല്മായരെ സഭയുടെ മിഷ്ണറി പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാക്കുക എന്നതാണ് ഇതിൻ്റെ പ്രധാന ലക്ഷ്യം. ആത്മീയ ശൈലിയായിട്ടാണ് ജീവൻജ്യോതി വിഭാവനം ചെയ്തിരിക്കുന്നത്.
മധ്യസ്ഥ പ്രാർഥന, കാറ്റെക്കിസ്റ്റ്, കെറിഗ്മാറ്റിക്സ്, മ്യൂസിക് മീഡിയ ഇവാഞ്ചലൈസേഷൻ. പ്രഫഷണൽ ഗ്രൂപ്പുകൾ: നഴ്സുമാർ, ഡോക്ടർമാർ, അധ്യാപകർ, അഭിഭാഷകർ, എൻജിനിയർമാർ എന്നിവരുടെ കൂട്ടായ്മകൾ. നിയമസഹായത്തിനായി ലീഗൽ സെല്ലും ഇതിനൊപ്പം സജ്ജമാക്കും. ഫിയാത്ത് മിഷൻ, ജീസസ് യൂത്ത്, ക്രിസ്റ്റീൻ തുടങ്ങി നിലവിലുള്ള എല്ലാ അല്മായ മുന്നേറ്റങ്ങളെയും പൊതുവേദിയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. പ്രവാസിസമൂഹങ്ങൾക്കിടയിലും ഇതര ഭൂഖണ്ഡങ്ങളിലും സുവിശേഷ വെളിച്ചം എത്തിക്കുന്നതിൽ അല്മായരുടെ പങ്കാളിത്തം ഉറപ്പാക്കാനും വ്യക്തിപരമായ സുവിശേഷ പ്രഘോഷണം പ്രോത്സാഹിപ്പിക്കാനും ജീവൻജ്യോതി ലക്ഷ്യമിടുന്നു.
















