News

ഫെമിനിസ്റ്റുകളുടെ ആക്രമണം തടയാന്‍ ദേവാലയത്തിന് മുന്നില്‍ പ്രതിരോധം തീര്‍ത്ത് മെക്സിക്കന്‍ ക്രൈസ്തവര്‍

പ്രവാചകശബ്ദം 12-03-2026 - Thursday

മെക്സിക്കോ സിറ്റി: മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഫെമിനിസ്റ്റുകളുടെ ആക്രമണം തടയാന്‍ ദേവാലയത്തിന് മുന്നില്‍ പ്രതിരോധം തീര്‍ത്ത് മെക്സിക്കന്‍ ക്രൈസ്തവര്‍. ഫെമിനിസ്റ്റുകള്‍ നടത്തിയ പ്രകടനങ്ങള്‍ക്കിടെ മെക്സിക്കോയിലെ കത്തോലിക്ക വിശ്വാസികള്‍ പള്ളികൾക്ക് ചുറ്റും സംരക്ഷണ മനുഷ്യച്ചങ്ങല തീർക്കുകയായിരിന്നു. ചിലയിടങ്ങളില്‍ പ്രകടനക്കാർ ചുവരുകളിൽ പെയിന്റ് സ്പ്രേ ചെയ്യുകയും, പ്രവേശന കവാടങ്ങൾക്ക് സമീപം തീ കത്തിക്കുകയും, മാർച്ചുകളിൽ പ്രകോപനപരമായ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുകയും ചെയ്തതോടെയാണ് നാശനഷ്ടങ്ങൾ തടയാൻ വിശ്വാസികൾ ദേവാലയ കെട്ടിടങ്ങൾക്ക് പുറത്ത് ഒത്തുകൂടിയത്.

ഗ്വാഡലജാര നഗരത്തിൽ, കത്തോലിക്ക വനിതകള്‍ ഇടവകയ്ക്ക് മുന്നിൽ നിൽക്കുകയും പ്രകടനക്കാരായ ഫെമിനിസ്റ്റുകളില്‍ നിന്ന് ദേവാലയത്തെ സംരക്ഷിക്കുന്നതിനായി മനുഷ്യച്ചങ്ങല രൂപപ്പെടുത്തുകയായിരിന്നു. സമാനമായ സംരക്ഷണ നടപടികൾ മറ്റ് പ്രദേശങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിനിടെ പതിനേഴാം നൂറ്റാണ്ടിലെ ചരിത്രപ്രസിദ്ധമായ സാഗ്രാരിയോ മെട്രോപൊളിറ്റാന പള്ളിയ്ക്കു നേരെ ഫെമിനിസ്റ്റുകളുടെ ആക്രമണമുണ്ടായി. പള്ളിയുടെ വാതിലുകൾ കത്തിക്കാനും ചുവരെഴുത്തുകൾ കൊണ്ട് വികൃതമാക്കാനും ശ്രമം നടന്നു. ആക്രമണം നടന്ന സമയത്ത് പള്ളി പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു.

മെക്സിക്കൻ ബിഷപ്പ്സ് കോൺഫറൻസ് അക്രമത്തെ അപലപിക്കുകയും ആരാധനാലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ദേവാലയങ്ങള്‍ നിരവധി ആളുകൾക്ക് പ്രാർത്ഥനയുടെയും ആത്മീയ ആശ്വാസത്തിന്റെയും സ്ഥലങ്ങളാണെന്നും അത്തരം ഇടങ്ങൾക്കെതിരായ അക്രമങ്ങൾക്ക് സമാധാനം കൊണ്ടുവരാൻ കഴിയില്ലെന്നും ബിഷപ്പുമാർ പ്രസ്താവിച്ചു. സ്വവര്‍ഗ്ഗാനുരാഗം, ഭ്രൂണഹത്യ തുടങ്ങിയ വിഷയങ്ങളില്‍ കത്തോലിക്ക സഭ മുറുകെ പിടിക്കുന്ന ശക്തമായ ധാര്‍മ്മിക നിലപാടാണ് ഫെമിനിസ്റ്റുകളെ ചൊടിപ്പിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലെ വനിതാദിനത്തിലും മെക്സിക്കന്‍ ദേവാലയങ്ങള്‍ ഫെമിനിസ്റ്റുകളുടെ കടുത്ത ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »