News - 2026

പ്രാർത്ഥന സുവിശേഷവത്ക്കരണത്തിന്റെ അവിഭാജ്യ ഘടകം : ലെയോ പാപ്പ

പ്രവാചകശബ്ദം 30-01-2026 - Friday

വത്തിക്കാന്‍ സിറ്റി: പ്രാർത്ഥന ക്രിസ്തുവിന്റെ ശരീരത്തിന്റെ സുവിശേഷ വേലയ്ക്ക് ബാഹ്യമല്ല, മറിച്ച് അതിന്റെ അവിഭാജ്യ ഘടകമാണെന്നു ലെയോ പാപ്പ. തൊണ്ണൂറിലധികം രാജ്യങ്ങളിൽ, 22 ദശലക്ഷത്തിലധികം ആളുകളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പാപ്പായുടെ ആഗോള പ്രാർത്ഥന ശൃംഖലയുടെ നേതൃനിരയിൽ പ്രവർത്തിക്കുന്നവർക്കും, അംഗങ്ങൾക്കും ഇന്നലെ ജനുവരി മുപ്പതാം തീയതി, അനുവദിച്ച സ്വകാര്യ കൂടിക്കാഴ്ചയ്ക്കിടെ നല്‍കിയ സന്ദേശത്തിലാണ് പാപ്പയുടെ പരാമര്‍ശം. ലോകത്തിന്റെ മുഴുവൻ ആവശ്യങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവാൻ അടുത്ത തലമുറയിലേക്ക് യുവജനങ്ങളെ തയ്യാറാക്കേണ്ടതിന്റെ ആവശ്യകതയും പാപ്പ ചൂണ്ടിക്കാട്ടി.

ഓരോ മാസവും, ശ്രദ്ധാപൂർവ്വമായ വിചിന്തനത്തിനുശേഷം, താനും തന്റെ മുൻഗാമികളും, മനുഷ്യരാശി നേരിടുന്ന വെല്ലുവിളികളെയും സഭയുടെ ജീവിതത്തെയും ദൗത്യത്തെയും സ്പർശിക്കുന്ന വിവിധ നിയോഗങ്ങൾ സമർപ്പിക്കുമ്പോൾ, ആഗോള പ്രാർത്ഥന ശൃംഖലയുടെ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് അവ എത്തിക്കുവാനുള്ള പരിശ്രമങ്ങൾക്കും, ദൈവസന്നിധിയിൽ അവർ അർപ്പിക്കുന്ന പ്രാർത്ഥനകൾക്കും, താൻ ഏറെ കൃതജ്ഞതയുള്ളവനാണെന്നും പാപ്പ പറഞ്ഞു. പ്രാർത്ഥന ക്രിസ്തുവിന്റെ ശരീരത്തിന്റെ സുവിശേഷ വേലയ്ക്ക് ബാഹ്യമല്ല, മറിച്ച് അതിന്റെ അവിഭാജ്യ ഘടകമാണെന്നും പരിശുദ്ധ പിതാവ് ആവര്‍ത്തിച്ചു.

യേശുവിന്റെ ഹൃദയത്തിൽ വേരൂന്നിയ പ്രാർത്ഥനാശൃംഖലയുടെ ആത്മീയത, കർത്താവിനെ കൂടുതൽ അടുത്തറിയാനും ആവശ്യമുള്ളവർക്ക് പ്രാർത്ഥനാപൂർവ്വമായ പിന്തുണ നൽകുമ്പോൾ, കൂടുതൽ അനുകമ്പയും സഹാനുഭൂതിയും പുലർത്താനും ഏറെ സഹായിക്കുന്നുവെന്നു പാപ്പ പറഞ്ഞു. വൈവിധ്യമാർന്ന സംസ്കാരങ്ങൾ, ഭാഷകൾ, ആത്മീയ വരങ്ങൾ എന്നിവയെ സംയോജിപ്പിച്ച് ശൃംഖലയിൽ കൂടുതൽ പങ്കാളിത്തം വളർത്താൻ പാപ്പ ഏവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.


Related Articles »