Seasonal Reflections - 2026
ദൈവരാജ്യത്തിന്റെ സുഗന്ധം പരത്തേണ്ട സ്നേഹപ്രവര്‍ത്തികൾ | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 31
സി. റെറ്റി ജോസ് എഫ്‌സിസി/ പ്രവാചകശബ്ദം 18-03-2026 - Wednesday
ലോകത്തില്‍ എവിടെയെല്ലാം ഈ സുവിശേഷം പ്രസംഗിക്കപ്പെടുമോ അവിടെയെല്ലാം ഇവള്‍ ചെയ്‌ത കാര്യവും ഇവളുടെ സ്‌മരണയ്‌ക്കായി പ്രസ്‌താവിക്കപ്പെടും (മത്തായി 26 : 13).
ലോകമെമ്പാടും സുവിശേഷം പ്രസംഗിക്കപ്പെടുമ്പോഴെല്ലാം ഈ സ്ത്രീയുടെ പ്രവൃത്തി - അവൾ പരത്തിയ സുഗന്ധം - എന്നും സ്മരിക്കപ്പെടുമെന്ന് ഈശോ അരുളിച്ചെയ്യുന്നു. അതിരുകളില്ലാത്ത സ്നേഹത്തിന്റെ ബലിക്കായുള്ള (Sacrifice of Love) ഒരുക്കമാണ് അവൾ ചെയ്തത്. ഈശോയുടെ മരണം രക്ഷാകരമായ ഒരു ലക്ഷ്യത്തിന് വേണ്ടിയുള്ളതാണെന്ന് ആ സ്ത്രീ തിരിച്ചറിഞ്ഞുവെന്നും, തന്റെ പ്രവൃത്തിയിലൂടെ ഈശോയെ ഒരു രാജാവായും ബലിവസ്തുവായും അവൾ അഭിഷേകം ചെയ്തുവെന്നും വിശുദ്ധ ആഗസ്തീനോസ് പുണ്യവാൻ വ്യാഖ്യാനിക്കുന്നു..പിതാക്കൻമാർ പഠിപ്പിക്കുന്നതുപോലെ, അവളുടെ വിശ്വാസവും സ്നേഹവും കൃതജ്ഞതയുമാണ് ഇവിടെ സ്മരിക്കപ്പെടുന്നത്.
ശിഷ്യന്മാർ ഇതിനെ "പാഴാക്കിക്കളയൽ" എന്ന് വിളിച്ചപ്പോൾ ഈശോ അതിനെ "നല്ല പ്രവൃത്തി" എന്ന് വിളിച്ചു. ലോകം പാഴാക്കിക്കളയൽ എന്ന് കരുതുന്ന പലതും—പ്രാർത്ഥനയ്ക്കായി ചെലവാക്കുന്ന സമയം, ദാനധർമ്മം, പരിത്യാഗങ്ങൾ—ദൈവത്തിന്റെ മുൻപിൽ അമൂല്യമാണ്. ഇതാണ് ലോകത്തിന്റെ യുക്തിയും ദൈവത്തിന്റെ ദൃഷ്ടിയും തമ്മിലുള്ള വ്യത്യാസം.
ഫ്രാൻസിസ് മാർപാപ്പ പലപ്പോഴും ഓർമ്മിപ്പിക്കുന്നത് പോലെ, ഈശോയുടെ നോട്ടം നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുന്നു. ബെഥാനിയായിലെ സ്ത്രീ ഈശോയുടെ നോട്ടം തിരിച്ചറിഞ്ഞവളാണ്. ആ നോട്ടത്തിലൂടെ അവൾക്ക് കിട്ടിയ തിരിച്ചറിവ് സ്‌നേഹ പ്രവർത്തികളിലേയ്ക്ക് അവളെ നയിക്കുന്നു. ലളിതമായ സ്നേഹപ്രവൃത്തികൾ വഴി ദൈവരാജ്യത്തിന്റെ സുഗന്ധം പരത്താൻ നാം വിളിക്കപ്പെട്ടിരിക്കുന്നു.
വി. ജോൺ ക്രിസോസ്തോം ഈ സംഭവത്തെക്കുറിച്ച് പറയുന്നത്, അവളുടെ പ്രവര്‍ത്തിയിലൂടെ അവൾക്ക് ഒരു "നല്ല പേര്" ലഭിച്ചു എന്നാണ്; ഇത് വിലയേറിയ തൈലത്തേക്കാൾ ഉത്തമമാണ് (സഭാപ്രസംഗകൻ 7:1). ഈശോയോട് ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ദൈവത്തിന്റെ മുമ്പിൽ വലിയ പ്രാധാന്യമുണ്ടെന്നും സുവിശേഷം പ്രസംഗിക്കപ്പെടുന്നിടത്തെല്ലാം ഈ കഥ പറയപ്പെടും എന്ന ഈശോയുടെ വാഗ്ദാനത്തിൽ സഭയുടെ സാർവത്രിക സ്വഭാവത്തെയും സുവിശേഷത്തിന്റെ വ്യാപനത്തെയും മുൻകൂട്ടി ഈശോ പ്രവചിക്കുകയായിരുന്നുവെന്നും സഭാപിതാവായ ഒരിജൻ പറയുന്നു.
നമ്മുടെ നോമ്പുകാല ജീവിതം സൽപ്രവൃത്തികളാൽ സുഗന്ധപൂരിതമാകണം. ഈ വലിയ നോമ്പുകാലത്ത്, ബെഥാനിയായിലെ ആ സ്ത്രീയെപ്പോലെ നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവ- അത് നമ്മുടെ സമയമാകാം, കഴിവുകളാകാം- ഈശോയുടെ പാദങ്ങളിൽ സമർപ്പിക്കാം. ലോകം വിലയിരുത്തുന്ന ലാഭനഷ്ടങ്ങൾക്കപ്പുറം ദൈവത്തെ സ്നേഹിക്കാനും സേവിക്കാനും ഈ വചനം നമ്മെ പ്രചോദിപ്പിക്കട്ടെ.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















