News - 2025

പരിഹാസ പോസ്റ്റ്; കന്യാസ്ത്രീകള്‍ക്കു ജാമ്യം ലഭിച്ചിട്ടും വിടാതെ ഛത്തീസ്ഗഡിലെ ബി‌ജെ‌പി നേതൃത്വം

പ്രവാചകശബ്ദം 02-08-2025 - Saturday

ബിലാസ്‌പുർ: കന്യാസ്ത്രീകളെ അന്യായമായി ജയിലിലടച്ചു വേട്ടയാടി ഒടുവില്‍ ജാമ്യം ലഭിച്ചപ്പോഴും പരിഹാസം തുടര്‍ന്ന് ഛത്തീസ്‌ഗഡിലെ ബി‌ജെ‌പി നേതൃത്വം. ഇന്നു അല്‍പം മുന്‍പ് 'എക്സി'ല്‍ പങ്കുവെച്ച പോസ്റ്റിലാണ് കന്യാസ്ത്രീകളെ അധിക്ഷേപിച്ച് രാഷ്ട്രീയ പരിഹാസം നിറഞ്ഞ ചിത്രം പങ്കുവെച്ചിരിക്കുന്നത്. BJP Chhattisgarh എന്ന സംസ്ഥാന ബി‌ജെ‌പി നേതൃത്വത്തിന്റെ ഔദ്യോഗിക 'എക്സ്' പേജിലാണ് പോസ്റ്റ്. ഒരു പെണ്‍കുട്ടിയുടെ കഴുത്തില്‍ കുരുക്ക് മുറുക്കി കുരിശ് ധരിച്ച രണ്ട് കന്യാസ്ത്രീകള്‍ നടക്കുന്നതും അതിന് പിറകില്‍ രാഷ്ട്രീയ നേതാക്കള്‍ മുട്ടിലിഴയുന്ന കാര്‍ട്ടൂണ്‍ ചിത്രമാണ് സംസ്ഥാന ബി‌ജെ‌പി നേതൃത്വം പങ്കുവെച്ചത്. സംഭവം വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തു.



ഇന്നലെ അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്ന വാദമുയർത്തി ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തിരിന്നു. ജാമ്യാപേക്ഷയെ സംസ്ഥാന സർക്കാർ എതിർക്കില്ലെന്നും കന്യാസ്ത്രീകൾക്കു മോചനം സാധ്യമാക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി കേരള എംപിമാർക്ക് വ്യാഴാഴ്‌ച ഉറപ്പ് നൽകിയിരുന്നുവെങ്കിലും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഇന്നലെയുണ്ടായ പ്രതികൂല നീക്കം വ്യാപക പ്രതിഷേധത്തിന് കാരണമായിരിന്നു. വിഷയത്തില്‍ ബി‌ജെ‌പിയുടെ യഥാര്‍ത്ഥ നിലപാട് വ്യക്തമാക്കുന്നത് കൂടിയാണ് ഇന്ന് വിവാദമായ പോസ്റ്റ്.

അതേസമയം അറസ്‌റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ, ഒൻപതു ദിവസത്തെ ജയിൽവാസത്തിനുശേഷമാണ് കന്യാസ്ത്രീകൾക്കു ഇന്ന് ജാമ്യം ലഭിച്ചിരിക്കുന്നത്. ജാമ്യാപേക്ഷയിൽ ബിലാസ്‌പുർ എൻഐഎ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപനം നടത്തിയത്. പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം, രണ്ടുപേർ ജാമ്യം നിൽക്കണം, 50,000 രൂപ വീതം കെട്ടിവയ്ക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. രാജ്യമെമ്പാടും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നു നടത്തിയ നിയമപോരാട്ടത്തിന് ഒടുവില്‍ ലഭിച്ച ജാമ്യത്തിന് ഇടയിലും ഛത്തീസ്‌ഗഡിലെ ബി‌ജെ‌പി നേതൃത്വം സ്വീകരിച്ച നിലപാടിനെതിരെ വിമര്‍ശനം ശക്തമാകുകയാണ്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »