News
അബുദാബിയോട് ചേര്‍ന്നുള്ള ദ്വീപിൽ നിന്ന് 1400 വർഷം പഴക്കമുള്ള കുരിശ് കണ്ടെത്തി
പ്രവാചകശബ്ദം 21-08-2025 - Thursday
അബുദാബി: യുഎഇയിലെ അബുദാബിയോട് ചേര്‍ന്നുള്ള സിർ ബാനി യാസ് ദ്വീപിൽനിന്ന് 1400 വർഷം പഴക്കമുള്ള കുരിശ് കണ്ടെത്തി. 1992 മുതൽ അബുദാബി ഐലൻഡ്‌സ് ആർക്കിയോളജിക്കൽ സർവേ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന പര്യവേക്ഷണത്തിനിടയിലാണ് പുരാതന കുരിശ് കുഴിച്ചെടുത്തത്. മുന്‍പ് ദേവാലയത്തിന്റെയും ആശ്രമത്തിന്റെയും ഭാഗങ്ങൾ കണ്ടെത്തിയ സ്ഥലത്തു നിന്നാണ് കുരിശും കണ്ടെത്തിയിരിക്കുന്നത്. ഇത് ഇറാഖിലെ ചർച്ച് ഓഫ് ഈസ്റ്റിന്റെ ഭാഗമെന്നാണ് ഗവേഷകരുടെ നിഗമനം.
ദ്വീപിന്റെ വിവിധയിടങ്ങളിൽ നിന്നായാണ് കുരിശിന്റെ അഞ്ചുഭാഗങ്ങൾ കണ്ടെത്തുന്നത്. ദ്വീപിന്റെ കിഴക്കുഭാഗത്ത് പുരാതന ക്രൈസ്‌തവ ദേവാലയത്തിൻ്റെ ശേഷിപ്പുകൾ കണ്ടെത്തിയിരുന്നു. ഇവിടെ ഖനനം പുനരാരംഭിച്ച ഗവേഷകരാണ് കുരിശ് കണ്ടെത്തുന്നത്. 1990-ൽ കണ്ടെത്തിയ അലങ്കാര കുരിശിനേക്കാൾ ഇതിന് വലുപ്പമുണ്ട്. കുരിശിന് 27 സെന്റീമീറ്റർ നീളവും 17 സെൻ്റീമീറ്റർ വീതിയും രണ്ട് സെന്റീമീറ്റർ കനവുമുണ്ട്. ഇറാഖിലും കുവൈറ്റിലും കണ്ടെത്തിയ പുരാതന കുരിശുകളോടു സാമ്യമുള്ളതും പുരാതന ഇറാഖിൽ ഉത്ഭവിച്ച കിഴക്കൻ സഭയുമായി ബന്ധപ്പെട്ടതുമാണ് കുരിശ് എന്നാണു പുരാവസ്‌തു ഗവേഷകരുടെ നിഗമനം.
യുഎഇയുടെ ആഴമേറിയ സഹവർത്തിത്വത്തിൻ്റെയും മൂല്യങ്ങളുടെയും ശക്തമായ തെളിവാണ് കണ്ടെത്തലെന്ന് അബുദാബി സാംസ്‌കാരിക, ടൂറിസം വകുപ്പ് (ഡിസിടി അബുദാബി) ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു. അബുദാബിയിൽനിന്ന് 170 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന പ്രകൃതിസംരക്ഷണകേന്ദ്രമാണ് സിർ ബാനി യാസ് ദ്വീപ്. മുപ്പതു വര്‍ഷമായി പ്രദേശത്ത് നടന്നുവന്നിരിന്ന ഉദ്ഖനനത്തിന്റെ പ്രധാന കണ്ടെത്തലായാണ് ഗവേഷകര്‍ കുരിശിനെ കണക്കാക്കുന്നത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
