News - 2025
സമാധാനത്തിന് വേണ്ടി നാളെ ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ ലെയോ പാപ്പയുടെ ആഹ്വാനം
പ്രവാചകശബ്ദം 21-08-2025 - Thursday
വത്തിക്കാന്‍ സിറ്റി; സമാധാനത്തിനും നീതിയ്ക്കും വേണ്ടി നാളെ ഓഗസ്റ്റ് 22ന് ഉപവാസത്തിനും പ്രാർത്ഥനയ്ക്കും ആഹ്വാനം ചെയ്‌ത് ലെയോ പതിനാലാമൻ പാപ്പ. ലോകരാജ്ഞിയായ മറിയത്തിന്റെ തിരുനാള്‍ ദിനമായ നാളെ ലോകസമാധാനത്തിനും നീതി പുലരുന്നതിനും സായുധസംഘർഷങ്ങളുടെ ഇരകളായി ദുരിതമനുഭവിക്കുന്നവരുടെ ആശ്വാസത്തിനുമായി ഉപവാസ പ്രാര്‍ത്ഥന നടത്താനാണ് പാപ്പയുടെ ആഹ്വാനം. ഇന്നലെ ഓഗസ്റ്റ് 20 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചവേളയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. പരിശുദ്ധ കന്യകാമറിയത്തിന്റെ രാജ്ഞിത്വത്തിരുനാൾ ആഘോഷിക്കുന്ന ഈ ദിവസം, സമാധാനത്തിന്റെ രാജ്ഞികൂടിയായി നാം വണങ്ങുന്ന ദൈവമാതാവിന്റെ മാദ്ധ്യസ്ഥ്യം തേടാമെന്ന് പാപ്പ പറഞ്ഞു.
വിശുദ്ധ നാട്ടിലും യുക്രൈനിലും നടന്നുവരുന്ന യുദ്ധങ്ങൾ മൂലം നമ്മുടെ ഈ ഭൂമി തുടർച്ചയായി മുറിവേൽപ്പിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടിയ പാപ്പ, കർത്താവ് നമുക്ക് സമാധാനവും നീതിയും നൽകുന്നതിനായും, ലോകത്ത് നിലവിൽ നടന്നുവരുന്ന സായുധസംഘർഷങ്ങൾ മൂലം സഹിക്കുന്നവരുടെ കണ്ണീരൊപ്പുന്നതിനായും പ്രാര്‍ത്ഥിക്കാമെന്നും പറഞ്ഞു. സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മ, എല്ലാ ജനതകളും സമാധാനത്തിന്റെ മാർഗ്ഗം കണ്ടെത്തുന്നതിനായി മാദ്ധ്യസ്ഥ്യം വഹിക്കട്ടെയെന്ന് പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു.
ഓഗസ്റ്റ് 19 ചൊവ്വാഴ്ച കാസ്റ്റല്‍ ഗാന്തോൾഫോയിലുള്ള പാപ്പയുടെ വേനൽക്കാലവസതിക്ക് മുന്നിൽവച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അനുവദിച്ച കൂടിക്കാഴ്ച വേളയിലും ലോകമെമ്പാടും പ്രത്യേകിച്ച് യുക്രൈനിൽ സമാധാനം സ്ഥാപിക്കപ്പെടുന്നതിനുവേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പ ഓർമ്മിപ്പിച്ചിരുന്നു. മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട നാള്‍ മുതല്‍ ഓരോ പ്രസംഗത്തിലും ലോക സമാധാനത്തിന് വേണ്ടി വിവിധ രാജ്യങ്ങളോട് അഭ്യര്‍ത്ഥന നടത്തിവരുന്ന സഭാതലവനാണ് ലെയോ പാപ്പ.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
