News - 2025
ബ്രസീലിന്റെ ക്രിസ്തീയ സാക്ഷ്യമായി പത്തു ലക്ഷത്തിലധികം വിശ്വാസികളുടെ മരിയന്‍ റാലി
പ്രവാചകശബ്ദം 21-08-2025 - Thursday
റിയോ ഡി ജനീറോ: ബ്രസീലിലെ ഫോർട്ടാലേസ നഗരത്തില്‍ വിശ്വാസ സാക്ഷ്യമായി ഒരു ദശലക്ഷത്തിലധികം കത്തോലിക്ക വിശ്വാസികളുടെ മരിയന്‍ റാലി. 23-ാമത് വാർഷിക “വാക്ക് വിത്ത് മേരി” എന്ന പ്രാര്‍ത്ഥനാറാലിയുടെ ഭാഗമായാണ് ഒരു ദശലക്ഷത്തിലധികം കത്തോലിക്കർ വലിയ വിശ്വാസി സംഗമത്തിന് സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 15ന്, മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളിനോട് അനുബന്ധിച്ചാണ് റാലി നടന്നത്. “ഞങ്ങൾ പ്രത്യാശയുടെ മാതാവ് മറിയത്തോടൊപ്പം നടക്കുന്നു”എന്നതായിരുന്നു ഈ വർഷത്തെ പ്രമേയം. 30 ടീമുകളിലായി ഏകദേശം 3,000 സന്നദ്ധപ്രവർത്തകരാണ് ഏകദേശം ഏഴ് മൈൽ ദൂരമുള്ള യാത്രയുടെ സംഘാടന ഉത്തരവാദിത്വത്തിന് ചുക്കാന്‍ പിടിച്ചത്.
ആർച്ച് ബിഷപ്പ് ഗ്രിഗോറിയോ പൈക്‌സോ, ഒഎസ്‌ബിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഔവർ ലേഡി ഓഫ് അസംപ്ഷൻ ദേവാലയത്തിൽ നടന്ന വിശുദ്ധ കുർബാന അര്‍പ്പണത്തോടെ കാല്‍ നട തീര്‍ത്ഥാടന യാത്രയ്ക്കു തുടക്കമായി. പ്രാർത്ഥിക്കുകയും സ്തുതിഗീതങ്ങൾ ആലപിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്തുക്കൊണ്ടാണ് വിശ്വാസികള്‍ നടന്നു നീങ്ങിയത്. സ്വർഗ്ഗാരോപിത മാതാവിന്റെ ചിത്രം ഫ്ലോട്ടിൽ വഹിച്ചുകൊണ്ട് 20 സൗണ്ട് ട്രക്കുകളുടെയും സംഗീത സംഘങ്ങളുടെയും അകമ്പടിയോടെ തെരുവുകളെ ആത്മീയ ആനന്ദത്താല്‍ നിറച്ചായിരിന്നു റാലിയെന്നത് ശ്രദ്ധേയമാണ്.
2003-ൽ ആരംഭിച്ച "Walk with Mary" ബ്രസീലിലെ ഏറ്റവും വലിയ കത്തോലിക്ക പരിപാടികളിൽ ഒന്നാണ്. 2015-ൽ ഇത് ബ്രസീലിന്റെ സാംസ്കാരിക പൈതൃക പരിപാടിയായി സര്‍ക്കാര്‍ തന്നെ അംഗീകരിച്ചിരിന്നു. 12.5 കിലോമീറ്റര്‍ ദൂരം പ്രാര്‍ത്ഥനാനിര്‍ഭരമായ സ്തുതിഗീതങ്ങളാല്‍ ഏകദേശം 5 മണിക്കൂർക്കൊണ്ട് നടന്നാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. റാലിയില്‍ പങ്കുചേരാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ലക്ഷകണക്കിന് തീര്‍ത്ഥാടകര്‍ കഴിഞ്ഞ ദിവസം ഫോർട്ടാലേസ നഗരത്തിലെത്തിയിരിന്നു. ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്ക ഭൂരിപക്ഷ രാജ്യമാണ് ബ്രസീല്‍. ഏകദേശം125 ദശലക്ഷം കത്തോലിക്ക വിശ്വാസികളാണ് രാജ്യത്തുള്ളത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
