News

ഒഡീഷയില്‍ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് ക്രൈസ്തവരുടെ റാലി

പ്രവാചകശബ്ദം 22-08-2025 - Friday

റൂർക്കേല: ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്ര ഹിന്ദുത്വവാദികള്‍ നടത്തുന്ന ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഒഡീഷയില്‍ പതിനായിരത്തില്‍ അധികം ക്രൈസ്തവരുടെ റാലി. കത്തോലിക്ക മെത്രാന്മാരുടെ നേതൃത്വത്തിൽ ഇരുപതിലധികം ക്രൈസ്തവ വിഭാഗങ്ങളിൽ നിന്നുള്ള പതിനായിരത്തോളം ക്രൈസ്തവരാണ് കിഴക്കൻ ഒഡീഷ സംസ്ഥാനത്തെ പ്രധാന തെരുവുകളിലൂടെ മാർച്ച് നടത്തിയത്. സംസ്ഥാനത്തും ഇന്ത്യയിലുടനീളവും തീവ്രഹിന്ദുത്വ സംഘടനകള്‍ ക്രൈസ്തവര്‍ക്ക് നേരെ നടത്തുന്ന വർദ്ധിച്ചുവരുന്ന ആക്രമണങ്ങളെ അപലപിച്ചായിരിന്നു ഓരോ ചുവടുകളും.

വൈദികര്‍, പാസ്റ്റർമാർ, കന്യാസ്ത്രീകൾ, വിശ്വാസികള്‍ എന്നിവർക്കു നേരെയുള്ള ആക്രമണങ്ങൾ ഒഡീഷയിലും ഇന്ത്യയിലുടനീളവും വർദ്ധിക്കുകയാണെന്ന് റൂർക്കേല രൂപത ബിഷപ്പ് കിഷോർ കുമാർ കുജുർ പറഞ്ഞു. ആക്രമണങ്ങളുടെ ഭയാനകമായ വര്‍ദ്ധനവ് ക്രൈസ്തവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റൂർക്കേലയില്‍ നടന്ന റാലിയ്ക്കു ശേഷം ബിഷപ്പും 20 ക്രൈസ്തവ നേതാക്കളും ജില്ല ഭരണകൂടത്തിലെ ധീന ദസ്തഗീറിന് മെമ്മോറാണ്ടം സമർപ്പിച്ചു. ക്രൈസ്തവര്‍ നേരിടുന്ന വിവിധങ്ങളായ ആശങ്ക ശ്രദ്ധയില്‍പ്പെടുത്തുന്നതിനായിരിന്നു ഇത്. ജില്ല ആസ്ഥാനമായ സുന്ദർഗഡിലും ക്രൈസ്തവര്‍ റാലി നടത്തിയിരിന്നു. റാലിയില്‍ പങ്കെടുത്തവര്‍ ജില്ലാ കളക്ടർ ശുഭാങ്കർ മൊഹപത്രയ്ക്കും സമാനമായ നിവേദനം സമർപ്പിച്ചു.

ഒഡീഷയിലും അയൽ സംസ്ഥാനങ്ങളായ ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും സാമൂഹികമായി പിന്നോക്കാവസ്ഥയില്‍ കഴിയുന്ന ദളിത്, ആദിവാസി ക്രൈസ്തവരെ ആക്രമിക്കുന്നുണ്ടെന്ന് സുന്ദർഗഡിൽ നടന്ന റാലിക്ക് നേതൃത്വം നൽകിയ പ്രൊട്ടസ്റ്റന്റ് നേതാക്കളായ പ്രതാപ് പ്രധാനും ജോൺ ലക്രയും പറഞ്ഞു. ജൂലൈ 25ന് ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽവെച്ച് ആൾക്കൂട്ട വിചാരണയ്ക്കു പിന്നാലേ രണ്ട് കന്യാസ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്തതു ഉൾപ്പെടെ രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെ സമീപകാലത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന പീഡനങ്ങളുടെ പശ്ചാത്തലവും കൂടി കണക്കിലെടുത്താണ് റാലി നടത്തിയത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »