News
ഒഡീഷയില്‍ വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ച് ബജ്‌റംഗ്ദൾ തീവ്രവാദികളുടെ ഭീഷണി
പ്രവാചകശബ്ദം 07-08-2025 - Thursday
ഭൂവനേശ്വര്‍: ഒഡീഷയിലെ ജലേശ്വറിൽ കത്തോലിക്ക വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും മതബോധന വിഭാഗത്തിലെ അംഗത്തിനും നേരെ ആക്രമണവും ഭീഷണിയുമായി തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദൾ. ജലേശ്വർ ഇടവകയ്ക്ക് കീഴിലുള്ള ഗംഗാധർ ഗ്രാമത്തിന് സമീപം രണ്ട് കത്തോലിക്ക വൈദികരെയും രണ്ട് കന്യാസ്ത്രീകളെയും അല്‍മായനെയും മതപരിവർത്തനം നടത്തിയെന്ന വ്യാജ ആരോപണം ഉന്നയിച്ച് ആക്രമിക്കുകയായിരിന്നു.
ഇന്നലെ ഓഗസ്റ്റ് 6ന് ആണ് സംഭവം. ജലേശ്വർ രൂപതയിലെ ജോഡ ഇടവകയിലെ മലയാളി വൈദികരായ ഫാ. ലിജോ നിരപ്പേലും ഫാ. വി. ജോജോയും ഉള്‍പ്പെടെയുള്ള സംഘം രണ്ട് പ്രാദേശിക ക്രൈസ്തവരുടെ ചരമവാർഷികത്തോടനുബന്ധിച്ച് ഗംഗാധർ മിഷൻ സ്റ്റേഷൻ സന്ദർശിച്ചപ്പോഴാണ് അതിക്രമം നടന്നത്. വൈകുന്നേരം 9 മണിയോടെ ഗ്രാമം വിട്ടുപോകുമ്പോൾ, ഗ്രാമത്തിൽ നിന്ന് അര കിലോമീറ്റർ അകലെ, ഇടുങ്ങിയ വനപ്രദേശത്ത്, ഏകദേശം എഴുപതോളം ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ഒരു സംഘം കാത്തിരിക്കുകയായിരിന്നുവെന്ന്‍ ഫാ. ലിജോ പറഞ്ഞു.
ആദ്യം മോട്ടോർ സൈക്കിളിലുണ്ടായിരുന്ന ഞങ്ങളുടെ മതബോധന അദ്ധ്യാപകനെ അവർ ലക്ഷ്യം വച്ചു. അദ്ദേഹത്തെ അവര്‍ നിഷ്കരുണം മർദ്ദിച്ചു. ബൈക്ക് നശിപ്പിച്ചു. ഇന്ധനം ഊറ്റിയെടുത്തുവെന്നും വൈദികന്‍ വെളിപ്പെടുത്തി. തുടർന്ന് അക്രമികൾ വൈദികരുടെ വാഹനത്തിന് നേരെ തിരിഞ്ഞു. ബലപ്രയോഗത്തിലൂടെ തടഞ്ഞുനിർത്തി വർഗീയമായി അധിക്ഷേപിയ്ക്കുകയായിരിന്നു.
“തള്ളിയും വലിച്ചും, കഠിനമായി മർദിച്ചും അവർ ഞങ്ങളെ ശാരീരികമായി ആക്രമിച്ചു, ഞങ്ങളുടെ മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങി. ബിജെഡിയുടെ കാലം കഴിഞ്ഞു, ഇപ്പോൾ ബിജെപിയുടെ ഭരണമാണ് - നിങ്ങൾക്ക് ഇനി ക്രിസ്ത്യാനികളെ ഉണ്ടാക്കാൻ കഴിയില്ലായെന്ന്" ആക്രോശിച്ചുക്കൊണ്ടായിരിന്നു ആക്രമണം നടന്നതെന്നും ഫാ. ലിജോ പറയുന്നു.
നിലവില്‍ ഇതുവരെ അക്രമവുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് വൈദികര്‍ പറയുന്നത്. കന്ധമാലില്‍ അരങ്ങേറിയ ക്രൈസ്തവ വിരുദ്ധ കലാപത്തിന്റെ ഞെട്ടിക്കുന്ന ഓര്‍മ്മകള്‍ ഒഡീഷയിലെ സാധാരണക്കാരായ ക്രൈസ്തവരെ ഇപ്പോഴും വേട്ടയാടുന്നുണ്ട്. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന മതപരമായ അസഹിഷ്ണുതയുടെയും ആൾക്കൂട്ട ആക്രമണത്തിന്റെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
