News - 2025

ആഗസ്റ്റ് മാസത്തിലെ ആദ്യ ശനിയാഴ്ച ദേശീയ ബൈബിള്‍ ദിനം; ഗ്വാട്ടിമാല പാര്‍ലമെന്‍റ് ബില്‍ പാസാക്കി

പ്രവാചകശബ്ദം 23-08-2025 - Saturday

ഗ്വാട്ടിമാല സിറ്റി: മധ്യ അമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയില്‍ എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തിലെ ആദ്യ ശനിയാഴ്ച ദേശീയ ബൈബിള്‍ ദിനമായി ആചരിക്കുവാന്‍ തീരുമാനം. ഇത് സംബന്ധിച്ച ബില്‍ ഗ്വാട്ടിമാല പാര്‍ലമെന്‍റ് പാസാക്കി. ഓഗസ്റ്റ് 12നാണ് ബില്‍ പാസാക്കിയത്. 160 പ്രതിനിധികളിൽ 110 പേർ അനുകൂലമായി വോട്ട് ചെയ്തതോടെ നിയമം അംഗീകരിക്കപ്പെട്ടതായി കോൺഗ്രസ് പ്രസ് ഓഫീസ് അറിയിച്ചു.

മനുഷ്യന്റെ അന്തർലീനമായ അവകാശങ്ങളോടുള്ള ആദരവ് ഉറപ്പാക്കാനും, എല്ലാ നിവാസികളുടെയും സമഗ്ര വികസനം പ്രോത്സാഹിപ്പിക്കാനും, അവരുടെ ആത്മീയ, ധാർമ്മിക, സാംസ്കാരിക മാനങ്ങൾ അനുസ്മരിക്കാനുമാണ് വിശുദ്ധ ഗ്രന്ഥത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന ബില്‍ പാസാക്കിയതെന്ന് ജനപ്രതിനിധികള്‍ പ്രസ്താവിച്ചു.

ഗ്വാട്ടിമാലയുടെ ചരിത്രപരവും ആത്മീയവും സാംസ്കാരികവുമായ പ്രാധാന്യം കണക്കിലെടുത്ത്, എല്ലാ വർഷവും ആഗസ്റ്റ് മാസത്തിലെ ആദ്യ ശനിയാഴ്ച ദേശീയ ബൈബിൾ ദിനമായി പ്രഖ്യാപിക്കുന്നതാണ് ബില്‍. ഗ്വാട്ടിമാല ജനതയുടെ പൈതൃകമായി ബൈബിളിന്റെ മൂല്യം ആഗസ്റ്റ് മാസത്തിലെ ആദ്യ ശനിയാഴ്ച പ്രഘോഷിക്കാന്‍ വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിലായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനുള്ള ആഹ്വാനവും ബില്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്. കത്തോലിക്ക വിശ്വാസികളും പ്രൊട്ടസ്റ്റന്‍റ് ക്രൈസ്തവരും കൂടുതലായി അധിവസിക്കുന്ന ക്രൈസ്തവ ഭൂരിപക്ഷ രാജ്യമാണ് ഗ്വാട്ടിമാല.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »