India - 2026
മാരാമൺ ബൈബിള്‍ കൺവെൻഷൻ ഇന്നു ആരംഭിക്കും
പ്രവാചകശബ്ദം 08-02-2026 - Sunday
മാരാമൺ: ഏഷ്യയിലെ ഏറ്റവും വലിയ ബൈബിള്‍ കണ്‍വെന്‍ഷനായി അറിയപ്പെടുന്ന മാരാമൺ കൺവെൻഷൻ ഇന്നു ഞായറാഴ്‌ച പമ്പാ നദിയിലെ മാരാമൺ മണൽപ്പുറത്ത് ഒരുക്കുന്ന വിശാലമായ പന്തലിൽ ആരംഭിക്കും. 131-ാമത് കണ്‍വെന്‍ഷന്‍ 15ന് സമാപിക്കും. ഇന്നു ഉച്ചകഴിഞ്ഞ് 2.30 ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക്ക് മാർ പീലക്‌സിനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. ഡോ. ക്ലിയോഫസ് ജെ. ലാറു (യുഎസ്എ) സുവിശേഷ സന്ദേശം നൽകും.
മാർത്തോമ്മാ സഭയിലെ ബിഷപ്പുമാരെ കൂടാതെ പ്രഫ. ഡോ. ക്ലിയോഫസ് ജെ. ലാറു (യുഎസ്‌എ.), റവ. മോളോ വിൽസൻ മെസവാൻഡിലേ (സൗത്ത് ആഫ്രിക്ക), ബിഷപ്പ് ഡോ. പോൾ സ്വരൂപ് (ഡൽഹി) എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും. വിവിധ ദിവസങ്ങളിലെ യോഗങ്ങളിൽ സഹോദരി സഭകളിലെ ബിഷപ്പുമാരും പ്രഭാഷകരും നേതൃത്വം നൽകും. തിങ്കൾ മുതൽ ശനി വരെ രാവിലെ 7.30ന് ബൈബിൾ ക്ലാസുകൾ പന്തലിൽ നടക്കും. സായാഹ്നയോഗങ്ങൾ ആറിന് ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച് 7.30ന് സമാപിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 2.30ന് കുടുംബവേദി യോഗങ്ങളും ക്രമീകരിക്കും. കുടുംബവേദി യോഗങ്ങളിൽ ഡോ.ജിറ്റി ജോർജ് (കോട്ടയം), ഫാ. എഡ്വേർഡ് ജോർജ് (മൂവാറ്റുപുഴ) എന്നിവർ പ്രസംഗിക്കും.

















