India - 2026
വരാപ്പുഴ അതിരൂപതയുടെ അഭിഷേകാഗ്‌നി ബൈബിൾ കൺവെൻഷന് തുടക്കം
പ്രവാചകശബ്ദം 07-09-2026 - Monday
കൊച്ചി: ശതോത്തര ജൂബിലി നിറവിലായിരിക്കുന്ന വരാപ്പുഴ അതിരൂപതയുടെ 14-ാമത് അഭിഷേകാഗ്‌നി ബൈബിൾ കൺവെൻഷന് തുടക്കമായി. ദേശീയ തീർത്ഥാടനകേന്ദ്രമായ വല്ലാർപാടം ബസിലിക്കയിലെ പ്രത്യേക പന്തലിൽ വരാപ്പുഴ അതിരൂപത വികാരി ജനറാൾ മോൺ. മാത്യു ഇലഞ്ഞിമറ്റം കൺവെൻഷൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ഫാ. ജെറോം ചമ്മിണിക്കോടത്ത്, ഫാ. സാംസൺ ക്രിസ്റ്റി, ഫാ. ജിക്‌സൻ ജോണി, ഫാ. അമൽ ആന്റണി, ഫാ.ആഗ്‌നൽ ജോർജ്, ഫാ. ഷൈൻ ജോസ് ചിലങ്ങര, ഫാ. ആന്‍റണ്‍ ഒളിപ്പറമ്പിൽ, ഫാ. ജോസ് റീഗൺ എന്നിവർ തിരുകർമങ്ങളിൽ സഹകാർമികരായി.
ദിവസവും വൈകുന്നേരം നാല് മുതൽ രാത്രി ഒന്‍പത് വരെയാണ് കൺവൻഷൻ. എല്ലാ ദിവസവും ദിവ്യബലി, ദൈവവചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും. ധ്യാനഗുരു ഫാ. സേവ്യർഖാൻ വട്ടായിയിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കൺവൻഷന് ശേഷം വിവിധ സ്ഥലങ്ങളിലേക്ക് സൗജന്യ വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. അഞ്ചുദിവസം നീണ്ടുനിൽക്കുന്ന കൺവൻഷൻ പരിപാടികൾക്ക് വല്ലാർപാടം ബസിലിക്ക റെക്‌ടർ ഫാ.ജെറോം ചമ്മിണിക്കോടത്ത്, അതിരൂപത കമ്മീഷൻ ഫോർ പ്രൊക്ലമേഷൻ ഡയറക്‌ടർ ഫാ. ആൻ്റണി ഷൈൻ കാട്ടുപറമ്പിൽ എന്നിവർ നേതൃത്വം നല്കിവരുന്നു.

















