News - 2025
ഹെയ്‌തിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ മിഷ്ണറിയ്ക്കും സംഘത്തിനും മോചനം
പ്രവാചകശബ്ദം 31-08-2025 - Sunday
പോർട്ട് ഒ പ്രിൻസ്: കരീബിയന്‍ രാജ്യമായ ഹെയ്‌തിയുടെ തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസില്‍ നിന്ന് തട്ടിക്കൊണ്ടുപോയ മിഷ്ണറിയും മൂന്ന് വയസ്സുള്ള ഒരു കുട്ടിയുമുൾപ്പെടെ എട്ട് പേർ സ്വതന്ത്രരായി. കെൻസ്കോഫിലെ സെന്റ് ഹെലേന അനാഥാലയത്തിൽനിന്ന് ഒരു മാസം മുൻപ് തട്ടിക്കൊണ്ടുപോകപ്പെട്ട അനാഥാലയത്തിന്റെ ഡയറക്ടറും മിഷ്ണറിയുമായ ജീന്‍ ഹെറാട്ടിയും ആറ് ജോലിക്കാരുമാണ് മോചിതരായിരിക്കുന്നത്. ഓഗസ്റ്റ് മൂന്നാം തീയതിയാണ് അക്രമികൾ ഈ എട്ടുപേരെയും തട്ടിക്കൊണ്ടുപോയത്.
ചുറ്റുമതിൽ തകർത്ത് അകത്തുകയറിയ തോക്കുധാരികൾ അനാഥാലയത്തിനുള്ളിൽ പ്രവേശിച്ച് ഡയറക്ടറേയും പ്രവർത്തകരെയും തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതിന് മുൻപും ഇതേ സ്ഥാപനം പലവട്ടം ആക്രമണത്തിന് ഇരയായിട്ടുണ്ട്. തലസ്ഥാനമായ പോർട്ട് ഓ പ്രിൻസിന് അടുത്തുള്ള സെന്റ് ഹെലേന അനാഥാലയത്തിൽ ഏതാണ്ട് ഇരുനൂറിലധികം അനാഥരെയാണ് ജീന്‍ ഹെറാട്ടിയും കീഴിലുള്ള പ്രവർത്തകർ സംരക്ഷിക്കുന്നത്. തട്ടിക്കൊണ്ടുപോകപ്പെട്ട എട്ട് പേരും സ്വാതന്ത്രരാക്കപ്പെട്ടുവെന്ന വാർത്ത സ്ഥിരീകരിച്ച അയർലണ്ട് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്, എല്ലാവരും ആരോഗ്യത്തോടെയാണിരിക്കുന്നതെന്ന് വ്യക്തമാക്കി.
ആഭ്യന്തരപ്രശ്നങ്ങളും സായുധസംഘർഷങ്ങളും നിലനിൽക്കുന്ന ഹെയ്തിയില്‍ ആളുകളെ തട്ടിക്കൊണ്ടുപോകുന്നത് പതിവായി മാറിയിരിക്കുകയാണ്. 2021-ല്‍ അഞ്ച് കുട്ടികളെയും പതിനേഴ് മിഷ്ണറിമാരെയും അക്രമികൾ പിടിച്ചുകൊണ്ടുപോയിരുന്നു. ഇവരിൽ പലരും മൂന്ന് മാസങ്ങൾക്ക് ശേഷമാണ് സ്വാതന്ത്രരായത്. 2025-ന്റെ ആദ്യ ആറ് മാസത്തിൽ സായുധ സംഘര്‍ഷങ്ങള്‍ക്ക് ഇരയായ മൂവായിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടിരിന്നു. അരാജകത്വവും ക്രിമിനൽ സംഘങ്ങളുടെ തുടർച്ചയായ ആക്രമണങ്ങളെയും തുടർന്ന് കനത്ത അരക്ഷിതാവസ്ഥ നേരിടുന്ന രാജ്യമാണ് ഇന്ന് ഹെയ്തി.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
