News

ഹെയ്‌തിയിലെ അനാഥാലയത്തിൽ നിന്ന് ഐറിഷ് മിഷ്ണറിയേയും അന്തേവാസികളെയും തട്ടിക്കൊണ്ടുപോയി

പ്രവാചകശബ്ദം 05-08-2025 - Tuesday

പോർട്ട് ഒ പ്രിൻസ്: കരീബിയന്‍ രാജ്യമായ ഹെയ്‌തിയുടെ തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിനടുത്ത് സ്ഥിതിചെയ്യുന്ന അനാഥാലയത്തിൽ നിന്നും ഐറിഷ് മിഷ്ണറി ഉൾപ്പെടെ ഒൻപത് പേരെ ആയുധധാരികളായ സംഘം തട്ടിക്കൊണ്ടുപോയി. തിങ്കളാഴ്ച പുലർച്ചെയാണ് സായുധ സംഘം തട്ടിക്കൊണ്ടുപോയതെന്ന് മേയർ മാസില്ലോൺ ജീൻ വെളിപ്പെടുത്തി. കെൻസ്കോഫിലെ സെന്‍റ് ഹെലെന അനാഥാലയത്തിന്റെ ഡയറക്ടറും മിഷ്ണറി ജീന്‍ ഹെറാട്ടി ഉൾപ്പെടെയുള്ളവരെയാണ് തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയവരില്‍ 3 കുട്ടികളും ഉള്‍പ്പെടുന്നു.

സായുധ സംഘം തുടരുന്ന വിവിധ ആക്രമണങ്ങള്‍ക്കിടയിലും സ്വന്തം സുരക്ഷയ്ക്ക് ഭീഷണികൾ ഉണ്ടാകുകയും ചെയ്തിട്ടും ജീവിതാവസാനം വരെ താൻ ഹെയ്‌തിയിലെ പാവപ്പെട്ട സമൂഹത്തിന് ഒപ്പം നിലകൊള്ളുമെന്ന് പ്രഖ്യാപിച്ച മിഷ്ണറിയായിരിന്നു ജീന്‍ ഹെറാട്ടി. മോചനത്തിന് വേണ്ടി തുടർച്ചയായ ശ്രമങ്ങൾ തുടരുകയാണെന്ന് ഐറിഷ് വിദേശകാര്യ മന്ത്രി സൈമൺ ഹാരിസ് പറഞ്ഞു. ജീനും മറ്റ് ജീവനക്കാരും മൂന്ന് വയസ്സുള്ള ആ കുട്ടിയും സുരക്ഷിതമായി വിടുവിക്കപ്പെടാൻ വേണ്ടി ചെയ്യാൻ കഴിയുന്ന എല്ലാം ചെയ്യുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

1993 മുതൽ ഹെയ്‌തിയിൽ മിഷൻ പ്രവർത്തനം നടത്തി വരികയാണു ജീന്‍ ഹെറാട്ടി. അയർലണ്ടിലെ ലിസ്‌കാർണെയിൽ ജനിച്ച അവർ നടത്തിയ സ്തുത്യര്‍ഹമായ ജീവകാരുണ്യ പ്രവർത്തനം പരിഗണിച്ച് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അരാജകത്വവും ക്രിമിനൽ സംഘങ്ങളുടെ തുടർച്ചയായ ആക്രമണങ്ങളെയും തുടർന്ന് കനത്ത അരക്ഷിതാവസ്ഥ നേരിടുന്ന രാജ്യമാണ് ഹെയ്തി. കഴിഞ്ഞ ജൂലൈ 7ന്, പോർട്ട്-ഓ-പ്രിൻസിലെ ഗുണ്ട സംഘത്തിന്റെ നിയന്ത്രിത മേഖലയില്‍ സേവനം ചെയ്തിരിന്ന യൂണിസെഫ് സംഘത്തിൽപ്പെട്ട ആറ് ജീവനക്കാരെ തട്ടിക്കൊണ്ടുപോയിരുന്നു. ഒരാൾ അടുത്ത ദിവസം തന്നെ മോചിതനായെങ്കിലും, മറ്റ് അഞ്ച് പേർ മൂന്ന് ആഴ്ചയ്ക്കുശേഷം മാത്രമാണ് വിട്ടയക്കപ്പെട്ടത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »