News - 2026
ഹെയ്തിയില്‍ വലിയ സാമൂഹിക ഇടപെടല്‍ നടത്തിയ കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി
പ്രവാചകശബ്ദം 28-10-2025 - Tuesday
പോർട്ട്-ഔ-പ്രിൻസ്: കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയതായി ദേശീയ മെത്രാന്‍ സമിതിയുടെ വെളിപ്പെടുത്തല്‍. പെറ്റൈറ്റ്-പ്ലേസ് കാസോയിലെ സെയിന്റ് ക്ലെയർ ഇടവക വികാരിയായ ഫാ. ജീൻ ജൂലിയൻ ലഡോസര്‍ എന്ന വൈദികനെയാണ് കഴിഞ്ഞ ആഴ്ച തട്ടിക്കൊണ്ടുപോയതെന്ന് ഹെയ്തി മെത്രാന്‍ സമിതിയുടെ (CEH) പ്രസിഡന്റ് ബിഷപ്പ് മാക്സ് ലെറോയ് മെസിഡോർ മാധ്യമങ്ങളെ അറിയിച്ചു.
ഫാ. ലഡോസറിനെ കൂടാതെ മൂന്ന് പേരെ കൂടി തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ബന്ദികളെ മോചിപ്പിക്കണമെങ്കില്‍ മോചനദ്രവ്യം നല്‍കണമെന്ന് അക്രമികള്‍ തട്ടിക്കൊണ്ടുപോയവരുടെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ടെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും സുരക്ഷ പുനഃസ്ഥാപിക്കാൻ ക്രിയാത്മക ഇടപെടലുകള്‍ വേണമെന്നും ബിഷപ്പ് മാക്സ് ലെറോയ് ആവശ്യപ്പെട്ടു. അരാജകത്വവും ക്രിമിനൽ സംഘങ്ങളുടെ തുടർച്ചയായ ആക്രമണങ്ങളെയും തുടർന്ന് കനത്ത അരക്ഷിതാവസ്ഥ നേരിടുന്ന ഹെയ്തിയില്‍ വൈദികര്‍ക്കും സന്യസ്തര്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ തുടര്‍ക്കഥയായി മാറിയിരിക്കുകയാണ്.
1992 ജൂൺ 21ന് ജനിച്ച ഫാ. ജീൻ ജൂലിയൻ, പോർട്ട്-ഔ-പ്രിൻസ് രൂപതയിലെ വൈദികനാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഡെൽമാസിലെ കമ്മ്യൂണിലെ പെറ്റൈറ്റ്-പ്ലേസ് കാസോയിലുള്ള സെയിന്റ്-ക്ലെയർ ഇടവകയിലെ ഇടവക വികാരിയായി സേവനമനുഷ്ഠിച്ചു വരികയായിരിന്നു. സാമൂഹിക പ്രവർത്തനങ്ങളിലുള്ള തീക്ഷ്ണത, യുവജന മുന്നേറ്റ ഇടപെടലുകള്‍ എന്നിവയിലൂടെ ഏറെ ശ്രദ്ധേയനായ അദ്ദേഹം പ്രദേശവാസികള്‍ക്ക് ഇടയില്‍ ഏറെ സ്വീകാര്യനായിരിന്നു. വിശ്വാസികൾക്കിടയിൽ വലിയ കൂട്ടായ്മ വളര്‍ത്താനും അദ്ദേഹത്തിന് കഴിഞ്ഞിരിന്നു. വൈദികന്റെ മോചനത്തിനായി രാജ്യമെമ്പാടും പ്രാര്‍ത്ഥന തുടരുകയാണ്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?

















