News - 2025
വത്തിക്കാനിലെ സാന്ത്വന ജൂബിലിയാചരണം സെപ്റ്റംബർ 15ന്
പ്രവാചകശബ്ദം 13-09-2025 - Saturday
വത്തിക്കാന്‍ സിറ്റി: ജീവിത ദുരിതങ്ങളിലൂടെ കടന്നുപോകുന്നവർക്കും അതനുഭവിച്ചവർക്കും സമാശ്വാസത്തിൻറെ ജൂബിലിയാചരണം വത്തിക്കാനിൽ ഒരുങ്ങുന്നു. ജീവിതത്തിൽ യാതനകൾ, ദാരിദ്ര്യം തുടങ്ങിയ വിവിധങ്ങളായ കാരണങ്ങളാൽ വേദനയനുഭവിച്ചവരോ ഇപ്പോൾ സഹനത്തിലൂടെ കടന്നുപോകുന്നവരോ ആയവർക്കുവേണ്ടി ഒരു ദിവസം മാറ്റിവെച്ചാണ് സമാശ്വാസത്തിൻറെ ജൂബിലി ആചരിക്കപ്പെടുന്നത്. 2025 പ്രത്യാശയുടെ ജൂബിലി വർഷമായി ആചരിക്കപ്പെടുന്നതിന്റെ ഭാഗമായി സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 15 തിങ്കളാഴ്ചയാണ് ഈ സാന്ത്വന ജൂബിലി ആചരണം.
ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി എണ്ണായിരത്തിയഞ്ഞൂറോളം പേർ ഇതിൽ പങ്കുകൊള്ളുമെന്ന് സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററി പ്രതീക്ഷ പ്രകടിപ്പിച്ചു. ജൂബിലി ആചരണത്തിനെത്തുന്നവർ തിങ്കളാഴ്ച രാവിലെ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ വിശുദ്ധ വാതിലൂടെ പ്രവേശിക്കും. തിങ്കളാഴ്ച വൈകുന്നേരം ബസിലിക്കയിൽ ലെയോ പതിനാലാമൻ പാപ്പ നയിക്കുന്ന ജാഗരണ പ്രാർത്ഥന നടക്കും. പ്രത്യാശയുടെ നാഥയായ കന്യകാമറിയത്തിൻറെ തിരുസ്വരൂപത്തിൻറെ സാന്നിധ്യത്തിലായിരിക്കും പ്രാർത്ഥനാശുശ്രൂഷ.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
