News

മലങ്കര കത്തോലിക്ക സഭയ്ക്ക് യൂറോപ്പിൽ പുതിയ അപ്പസ്തോലിക് വിസിറ്റേറ്റർ

പ്രവാചകശബ്ദം 19-09-2025 - Friday

തിരുവനന്തപുരം: യൂറോപ്പിൽ താമസിക്കുന്ന സീറോ മലങ്കര കത്തോലിക്ക സഭയിലെ അംഗങ്ങൾക്കായി പുതിയ അപ്പസ്തോലിക വിസിറ്റേറ്ററായി മോൺസിഞ്ഞോർ കുര്യാക്കോസ് തോമസ് തടത്തിലിനെ ലെയോ പതിനാലാമൻ പാപ്പ നിയമിച്ചു. ഇന്നു സെപ്റ്റംബർ പത്തൊൻപതാം തീയതിയാണ് നിയമനം അറിയിച്ചുകൊണ്ടുള്ള വത്തിക്കാന്‍ അറിയിപ്പ് പ്രസിദ്ധീകരിച്ചത്. തിരുവല്ല മലങ്കര രൂപതയിലെ വൈദികനാണ്, ഫാ. കുര്യാക്കോസ് തോമസ് തടത്തിൽ.

അടൂര്‍ മാര്‍ ഇവാനിയോസ് നഗറില്‍ മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ 95-ാം വാര്‍ഷികവും ധന്യന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ മെത്രാഭിഷേക ശതാബ്ദിയും നടക്കുന്ന അല്മായ സംഗമ വേദിയിലാണ് മലങ്കര സുറിയാനി കത്തോലിക്കാ സഭാ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ സുപ്രധാനമായ പ്രഖ്യാപനം നടത്തി. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും വിശ്വാസികളുടെ ഒരു വലിയ സമൂഹവും തദവസരത്തില്‍ സന്നിഹിതരായിരുന്നു.മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ക്ലിമീസ് കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ മോൺ. കുര്യാക്കോസ് തോമസ് തടത്തിലിനെ സ്ഥാനിക ചിഹ്നങ്ങള്‍ അണിയിച്ചു.

1962 മാര്‍ച്ച് ഇരുപത്തിയേഴാം തീയതി കോട്ടയത്താണ് ഫാ. കുര്യാക്കോസിന്റെ ജനനം. ആലുവയിലെ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ നിന്ന് തത്വശാസ്ത്ര പഠനവും ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കിയ ശേഷം, കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പൗരസ്ത്യ സഭാശാസ്ത്രത്തിൽ ആരാധനക്രമം കേന്ദ്രീകരിച്ചു ഡോക്ടറേറ്റും നേടി.

1987 ഡിസംബർ 30ന് വൈദികനായി അഭിഷിക്തനായി. തിരുവല്ല അതിരൂപതയിലെ വിവിധ ഇടവകകളിൽ വികാരി, സെന്റ് മേരീസ് മലങ്കര മേജർ സെമിനാരിയിൽ അധ്യാപകൻ, ചാൻസലർ, സെന്റ് മേരീസ് മലങ്കര മേജർ സെമിനാരിയുടെ റെക്ടർ, സെമിനാരി രൂപീകരണത്തിനായുള്ള സിനഡൽ കമ്മീഷന്റെ സെക്രട്ടറി, യുകെയിലെ അജപാലന ഏകോപകൻ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »