News

മോണ്‍. ജോണ്‍ കുറ്റിയില്‍ തിരുവനന്തപുരം മലങ്കര അതിരൂപതയുടെ സഹായ മെത്രാന്‍

പ്രവാചകശബ്ദം 19-09-2025 - Friday

അടൂര്‍: തിരുവനന്തപുരം മേജര്‍ അതിഭദ്രാസനത്തിന്റെ ചാന്‍സിലര്‍ മോണ്‍. ഡോ. ജോണ്‍ കുറ്റിയില്‍ മേജര്‍ അതിഭദ്രാസന സഹായമെത്രാനായി നിയമിതനായി. അടൂര്‍ മാര്‍ ഇവാനിയോസ് നഗറില്‍ മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ 95-ാം വാര്‍ഷികവും ധന്യന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ മെത്രാഭിഷേക ശതാബ്ദിയും നടക്കുന്ന അല്‍മായ സംഗമ വേദിയിലാണ് മലങ്കര സുറിയാനി കത്തോലിക്കാ സഭാ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ സുപ്രധാനമായ നിയമന പ്രഖ്യാപനം നടത്തിയത്. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും വിശ്വാസികളുടെ ഒരു വലിയ സമൂഹവും തദവസരത്തില്‍ സന്നിഹിതരായിരുന്നു.

നിയുക്ത മെത്രാന്‍ മോണ്‍. ഡോ. ജോണ്‍ കുറ്റിയിലിനെ മാവേലിക്കര രൂപത മുന്‍ അധ്യക്ഷന്‍ ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ഇടക്കെട്ടും ബത്തേരി രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോസഫ് മാര്‍ തോമസ് കറുത്ത കുപ്പായവും പാറശാല രൂപതാധ്യക്ഷന്‍ ബിഷപ്പ് തോമസ് മാര്‍ യൗസേബിയോസ് കുരിശുമാലയും അണിയിച്ചു. വിശ്വാസികളെ പ്രതിനിധീകരിച്ച് എംസിഎ സഭാതല പ്രസിഡന്റ് എസ്.ആര്‍. ബൈജുവും, മദേഴ്‌സ് ഫോറം സഭാതല പ്രസിഡന്റ് ജിജി മത്തായിയും ബൊക്കെ നല്‍കി ആശംസകള്‍ അറിയിച്ചു. മെത്രാഭിഷേകം നവംബര്‍ 22 ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കും.

1982 മെയ് 30 ന് കിഴക്കേതെരുവിൽ ജനിച്ച മോൺ. ജോൺ കുറ്റിയിൽ, സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിലും സെന്റ് മേരീസ് മലങ്കര മേജർ സെമിനാരിയിലും പഠനം പൂർത്തിയാക്കിയ ശേഷം, റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പൗരസ്ത്യ കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി. 2008 ഏപ്രിൽ 2ന് തിരുപ്പട്ടം സ്വീകരിച്ചു.

തിരുവനന്തപുരം അതിരൂപതയിലെ വിവിധ ഇടവകകളിൽ വികാരി, മേജർ ആർച്ച് ബിഷപ്പിന്റെ പേഴ്സണൽ സെക്രട്ടറി, അതിരൂപതയിലെ മൈനർ സെമിനാരിയുടെ റെക്ടർ, സെന്റ് മേരി ക്വീൻ ഓഫ് പീസിന്റെ ബസിലിക്കയുടെ റെക്ടർ, സെന്റ് മേരീസ് മലങ്കര മേജർ സെമിനാരിയിലെ പ്രൊഫസർ, ദൈവവിളിക്കു വേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ സെക്രട്ടറി, സഭാ ട്രൈബ്യൂണലിൽ ജഡ്ജി എന്നിങ്ങനെ വിവിധ മേഖലകളിൽ സ്തുത്യർഹമായ സേവനം ചെയ്തിട്ടുണ്ട്. നാലാഞ്ചിറയിലെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ ഇടവകയുടെ വികാരിയായും തിരുവനന്തപുരം അതിരൂപതയുടെ ചാൻസലറുമായി സേവനം അനുഷ്ഠിച്ചുവരുന്നതിനിടെയാണ് മേല്പട്ട ശുശ്രൂഷയിലേക്ക് മോൺ. ജോൺ കുറ്റിയിൽ തിരഞ്ഞെടുക്കപ്പെടുന്നത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »