News - 2025

കോംഗോയിലെ കത്തോലിക്ക ഇടവക പരിധിയില്‍ കൂട്ടക്കൊല; 64 പേർക്കു ദാരുണാന്ത്യം

പ്രവാചകശബ്ദം 20-09-2025 - Saturday

നോർത്ത് കിവു: ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ നോർത്ത് കിവു പ്രവിശ്യയിലെ കത്തോലിക്ക ഇടവക പരിധിയില്‍ നടന്ന ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തിൽ 64 പേർ കൊല്ലപ്പെട്ടു. സെപ്റ്റംബർ 8 അര്‍ദ്ധരാത്രി കിവു പ്രവിശ്യയിലെ മംഗുരെദ്ജിപയിലെ സെന്റ് ജോസഫ് ഇടവക പരിധിയിലെ എൻടോയോയിൽ നടന്ന ക്രൂരമായ ആക്രമണത്തിന്റെ വിവരങ്ങള്‍ പ്രാദേശിക ബിഷപ്പിനെ ഉദ്ധരിച്ച് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡാണ് (എസിഎൻ) പുറംലോകത്തെ അറിയിച്ചത്. കൂട്ടക്കൊലയെ കോംഗോ ബിഷപ്പ്സ് കോൺഫറൻസ് അപലപിച്ചു.

നിരപരാധികളായ വിശ്വാസികൾക്കെതിരെ നടത്തിയ "നീചമായ കൂട്ടക്കൊല" എന്നാണ് മെത്രാന്‍ സമിതി ആക്രമണത്തെ വിശേഷിപ്പിച്ചത്. ഇസ്ലാമിക വിമത ഗ്രൂപ്പായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് ആണ് ആക്രമണം നടത്തിയത്. രാത്രി 9 മണിയോടെ എൻടോയോ ഗ്രാമത്തിൽ നടന്ന ഒരു അനുശോചന ചടങ്ങിനിടെ ഇസ്ളാമിക തീവ്രവാദികള്‍ ആക്രോശത്തോടെ എത്തുകയായിരിന്നു. ആക്രമണകാരികൾ തോക്കുകളും ചുറ്റികകളും ഉപയോഗിച്ചിരിന്നുവെന്നും ചില വീടുകൾ തിരഞ്ഞെടുത്ത് തീയിട്ടുവെന്നും ഭൂരിഭാഗം ആളുകളും വടിവാളുകൾ ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നും പ്രാദേശിക ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

കൂട്ടക്കൊലയുടെ ആകസ്മിക ദുരിതത്തില്‍ വേദനയനുഭവിക്കുന്ന എല്ലാ കുടുംബങ്ങൾക്കും, ഇടവകയിലെ എല്ലാ വിശ്വാസികൾക്കും, ആത്മീയ അടുപ്പം പ്രകടിപ്പിക്കുകയാണെന്നു ബ്യൂട്ടെംബോ-ബെനിയിലെ ബിഷപ്പ് മെൽക്കിസെഡെക് സികുലി പാലുക്കോ പറഞ്ഞു. ജീവന്റെ നാഥനായ ദൈവം, ദുരിതമനുഭവിക്കുന്നവരുടെ ആശ്വാസകയായ പരിശുദ്ധ കന്യകാമറിയത്തിന്റെ മധ്യസ്ഥതയിലൂടെ നമ്മെ ശക്തിപ്പെടുത്തുകയും, കഷ്ടപ്പാടുകളുടെ മരുഭൂമിക്കപ്പുറം ശാശ്വത സമാധാനത്തിലേക്ക് നമ്മെ നയിക്കുകയും ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം നടന്നതിനോട് ചേര്‍ന്നു ഇറ്റൂരി പ്രവിശ്യയിലെ ഒരു ഇടവകയിൽ രണ്ടു മാസം മുന്‍പ് ഇസ്ലാമിക തീവ്രവാദികള്‍ ആക്രമണം നടത്തിയിരിന്നു. കഴിഞ്ഞ ജൂലൈയില്‍ നടന്ന ദാരുണ സംഭവത്തില്‍ 34 ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »