News

ക്രിസ്തു കുരിശില്‍ നിന്ന് ക്ഷമിച്ചതുപോലെ ഞാനും ക്ഷമിക്കുന്നു: ഘാതകന് മാപ്പ് നല്‍കി എറിക്കയുടെ വൈകാരിക പ്രസംഗം

പ്രവാചകശബ്ദം 22-09-2025 - Monday

അരിസോണ: കൊല്ലപ്പെട്ട അമേരിക്കന്‍ ഇന്‍ഫ്ലുവെന്‍സറും അടിയുറച്ച ക്രൈസ്തവ വിശ്വാസിയുമായിരിന്ന ചാര്‍ലി കിര്‍ക്കിന്‍റെ ഘാതകന് ക്രിസ്തു കുരിശില്‍ നിന്നു ക്ഷമിച്ചതുപോലെ താനും മാപ്പ് നൽകുന്നതായി അദ്ദേഹത്തിന്‍റെ വിധവ എറിക്ക കിര്‍ക്ക്. തെക്കുപടിഞ്ഞാറൻ സംസ്ഥാനമായ അരിസോണയിലെ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിൽ കിര്‍ക്കിന്‍റെ അനുസ്മരണ ചടങ്ങിനെത്തിയ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെയും വൈസ് പ്രസിഡന്റ് ജെഡി വാന്‍സിനെയും പതിനായിരക്കണക്കിനുവരുന്ന ആളുകളെയും സാക്ഷിനിര്‍ത്തിയാണ് എറിക്കയുടെ വൈകാരിക പ്രഖ്യാപനം. ചാര്‍ലി ജീവിച്ചിരുന്നുവെങ്കില്‍ ക്രിസ്തു കാണിച്ചതിന് സമാനമായി തെറ്റുകള്‍ ചെയ്യുന്നവരോട് അദ്ദേഹവും ഇതുതന്നെയാവും ചെയ്യുകയെന്നും അവര്‍ പറഞ്ഞു.

"കുരിശിൽ കിടന്ന് നമ്മുടെ രക്ഷകൻ പറഞ്ഞു, 'ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവര്‍ അറിയുന്നില്ല. പിതാവേ, അവരോട് ക്ഷമിക്കണമേ'. ആ മനുഷ്യൻ, ആ യുവാവ്, (ചാര്‍ലിയെ കൊലപ്പെടുത്തിയ വ്യക്തി) ഞാൻ അവനോട് ക്ഷമിക്കുന്നു". ഇടറിയ സ്വരത്തില്‍ നിന്നു വിങ്ങിപൊട്ടി എറിക്ക ഇത് പറഞ്ഞപ്പോള്‍ സ്റ്റേഡിയത്തിലെ സകലരും എഴുന്നേറ്റ് നിന്നു കൈയടിച്ചിരിന്നു. ചിലര്‍ എറിക്കയുടെ പ്രതികരണത്തിന് പിന്നാലെ കണ്ണീര്‍ പൊഴിച്ചു. ലോകത്തെ മുഖ്യധാര മാധ്യമങ്ങളെല്ലാം ഈ ചടങ്ങ് തത്സമയം സംപ്രേക്ഷണം ചെയ്തിരിന്നു. ക്രിസ്തുവിന്റെ ക്ഷമിക്കുന്ന സ്നേഹം പ്രഘോഷിക്കുന്നതായിരിന്നു എറിക്കയുടെ പ്രതികരണം.

ദീര്‍ഘമായ നെടുവീര്‍പ്പിന് ശേഷം എറിക്ക തുടര്‍ന്നു - "ക്രിസ്തു ചെയ്തത് അതാണ്, ചാര്‍ലിയും അങ്ങനെ തന്നെ ചെയ്യുമായിരിന്നു. വെറുപ്പിനുള്ള ഉത്തരം വെറുപ്പല്ല. സുവിശേഷത്തിൽ നിന്ന് നമുക്കറിയാവുന്ന ഉത്തരം സ്നേഹമാണ്. ശത്രുക്കളോടുള്ള സ്നേഹവും നമ്മെ പീഡിപ്പിക്കുന്നവരോടുള്ള സ്നേഹവുമാണ്. ചാർളിയുടെ ജീവിതം ഈ രാജ്യത്തിന് ഒരു വഴിത്തിരിവായിരുന്നു - അതൊരു അത്ഭുതമായിരുന്നു. പ്രാർത്ഥന തിരഞ്ഞെടുക്കുക, ധൈര്യം തിരഞ്ഞെടുക്കുക, സാഹസികത തിരഞ്ഞെടുക്കുക, കുടുംബം തിരഞ്ഞെടുക്കുക, വിശ്വാസജീവിതം തിരഞ്ഞെടുക്കുക. ഏറ്റവും പ്രധാനമായി, ക്രിസ്തുവിനെ തിരഞ്ഞെടുക്കുക. ഞാൻ നിന്നെ സ്നേഹിക്കുന്നു ചാർളി". എറിക്കയുടെ വാക്കുകള്‍ക്ക് നിറഞ്ഞ കൈയടിയാണ് തുടര്‍ന്നും ലഭിച്ചത്.

യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡൻ്റ് ജെ.ഡി.വാൻസ്, ശതകോടീശ്വരൻ ഇലോൺ മസ്‌ക് തുടങ്ങിയ നിരവധി പ്രമുഖർ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു. 63,000 പേർക്ക് ഇരിക്കാവുന്ന അരിസോണ സ്‌റ്റേഡിയത്തിന്റെ അരീനയിൽ ഒരു ലക്ഷത്തിലധികം പേരാണ് എത്തിച്ചേർന്നത്. ക്രിസ്തു വിശ്വാസവും മൂല്യങ്ങളും മുറുകെ പിടിച്ചു ശ്രദ്ധ നേടുകയും കാമ്പസ് ആക്ടിവിസ്റ്റ് സംഘടനയായ ടേണിംഗ് പോയിന്റ് യുഎസ്എയുടെ സ്ഥാപകനുമായ ചാര്‍ലി കിര്‍ക്ക് സെപ്റ്റംബര്‍ 10നു യൂട്ടവാലി സർവകലാശാലയിൽവെച്ചാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »