News - 2025

നിയോഗം സമാധാനം: ഒക്ടോബർ മാസത്തിൽ അനുദിനം ജപമാല ചൊല്ലുവാന്‍ ആഹ്വാനവുമായി ലെയോ പാപ്പ

പ്രവാചകശബ്ദം 25-09-2025 - Thursday

വത്തിക്കാന്‍ സിറ്റി: ജപമാല പ്രാർത്ഥനയ്ക്ക് പ്രത്യേകമായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഒക്ടോബർ മാസത്തിൽ സമാധാനത്തിനായി ജപമാല പ്രാർത്ഥന നടത്താൻ ഏവരെയും ക്ഷണിച്ച് ലെയോ പതിനാലാമൻ പാപ്പ. വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ദിവസവും വൈകുന്നേരം ഏഴിന് നടക്കുന്ന ഈ പ്രത്യേക ജപമാല യജ്ഞത്തിൽ പങ്കെടുക്കാൻ വത്തിക്കാനിൽ സേവനമനുഷ്ഠിക്കുന്ന ഏവരെയും പാപ്പ പ്രത്യേകമായി ക്ഷണിച്ചു. രണ്ടാം വത്തിക്കാൻ കൗൺസിൽ ആരംഭിച്ചതിന്റെ വാർഷികദിനാചരണദിനമായ ഒക്ടോബർ 11-ന് വൈകുന്നേരം ആറുമണിക്ക് വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പ്രത്യേകം ജപമാല പ്രാർത്ഥന നടക്കും. ഇതില്‍ വിശ്വാസികള്‍ക്കും ക്ഷണമുണ്ട്.

ഇന്നലെ സെപ്റ്റംബർ 24 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച സമ്മേളനത്തിന്റെ ആരംഭത്തിലാണ്, ആഗോള സംഘർഷങ്ങളുടെയും യുദ്ധങ്ങളുടെയും കൂടി പശ്ചാത്തലത്തിലാണ് സമാധാനത്തിനായി പ്രത്യേകമായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥവും തേടാൻ പാപ്പ ഏവരെയും ക്ഷണിച്ചത്. ഒക്ടോബർ മാസത്തിൽ സമാധാനത്തിനായി വ്യക്തിപരമായും കുടുംബങ്ങളിലും അനുദിനം ജപമാല പ്രാർത്ഥന നടത്തണമെന്ന് പാപ്പ പറഞ്ഞു. എല്ലാ ദിവസങ്ങളിലും വൈകുന്നേരം ഏഴ് മണിക്ക് വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നടക്കുന്ന ജപമാല പ്രാർത്ഥനയിൽ പങ്കെടുക്കാൻ വത്തിക്കാൻ സേവനമനുഷ്ഠിക്കുന്ന ഏവരോടും പങ്കുചേരണമെന്ന് പാപ്പ പ്രത്യേകമായി ആഹ്വാനം ചെയ്തു.

1962 ഒക്ടോബർ 11ന് ആരംഭിച്ച രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ അറുപത്തിമൂന്നാമത് വാർഷികദിനമാണ് ഈ വർഷം ഒക്ടോബർ 11ന് ആചരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ഒക്ടോബർ 11, 12 തീയതികളിലാണ് മരിയൻ ആദ്ധ്യാത്മികതയുടെ ജൂബിലി നടക്കുന്നത്. അന്നേ ദിവസം വൈകുന്നേരം ആറുമണിക്ക് വിശുദ്ധ പത്രോസിന്റെ ബസിലിക്കയ്ക്ക് മുന്നിലെ ചത്വരത്തിൽ നടക്കാൻ പോകുന്ന ജപമാല പ്രാർത്ഥനയിൽ നമുക്കൊരുമിച്ച് പങ്കെടുക്കാമെന്നും ലെയോ പാപ്പ പറഞ്ഞു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »