News - 2025
രൂപത സ്ഥാപിതമായിട്ട് 5 നൂറ്റാണ്ട്; 500 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധനയുമായി മെക്സിക്കന്‍ രൂപത
പ്രവാചകശബ്ദം 25-09-2025 - Thursday
മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ഏറ്റവും പഴക്കം ചെന്ന രൂപതയായ ത്ലാക്സ്കല സ്ഥാപിതമായിട്ട് 500 വര്‍ഷം പൂര്‍ത്തിയാകുന്നു. കാനോനികമായ രൂപത സ്ഥാപനത്തിന്റെ അഞ്ഞൂറാം വാർഷികം കൃതജ്ഞതയുടെയും വിശ്വാസ നവീകരണത്തിന്റെയും ആഘോഷമാക്കി മാറ്റാനാണ് രൂപത ഒരുങ്ങുന്നത്. 500 മണിക്കൂർ തുടർച്ചയായ ദിവ്യകാരുണ്യ ആരാധന നടത്തുമെന്നു രൂപത വ്യക്തമാക്കി. രൂപതയുടെ കീഴിലുള്ള വിവിധ ദേവാലയങ്ങളില്‍ സെപ്റ്റംബർ 12ന് ആരംഭിച്ച ദിവ്യകാരുണ്യ ആരാധന ഒക്ടോബർ 3ന് അവസാനിക്കും. രൂപതയുടെ ഏഴ് ഭാഗങ്ങള്‍ ഉൾപ്പെടുന്ന പള്ളികൾക്കിടയിലാണ് പ്രധാനമായും ദിവ്യകാരുണ്യ ആരാധന നടത്തുന്നത്.
500-ാം വാർഷികത്തിന്റെ ജൂബിലി ആഘോഷത്തിനായി ആത്മീയമായി തയ്യാറെടുക്കുക എന്നതാണ് അഖണ്ഡ ദിവ്യകാരുണ്യ ആരാധനയിലൂടെ ഉദ്ദേശിക്കുന്നതെന്ന് രൂപതാനേതൃത്വം വ്യക്തമാക്കി. ഞായറാഴ്ച വിശുദ്ധ കുർബാനകളിൽ ഇടവകയില്‍ ദിവ്യകാരുണ്യ ഭക്തി വളര്‍ത്താന്‍ കുടുംബങ്ങളെയും സംഘടനകളെയും വിശ്വാസികളെയും പ്രോത്സാഹിപ്പിക്കാനും രൂപത ആഹ്വാനം നല്‍കി. രൂപതയുടെ അഞ്ച് നൂറ്റാണ്ടുകളുടെ നിലനിൽപ്പിനെ അനുസ്മരിക്കുന്ന പരിപാടിയുടെ ഭാഗമാണ് ദിവ്യകാരുണ്യ ആരാധനയെന്നും രൂപതാനേതൃത്വം വ്യക്തമാക്കി. ഒക്‌ടോബർ 12-ന് പ്രാദേശിക സമയം രാവിലെ 11 മണിക്ക് കൺസിലിയാർ സെമിനാരിയിൽ ജൂബിലി വിശുദ്ധ കുർബാന നടക്കുമെന്ന് രൂപത പ്രഖ്യാപിച്ചു.
2021 ജൂലൈയിൽ യുനെസ്കോ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ച ത്ലാക്സ്കലയിലെ ഫ്രാൻസിസ്കൻ കോൺവെന്‍റ് ദൈവമാതാവിന്റെ കത്തീഡ്രലായി ഉയര്‍ത്തിയതിന് ശേഷമുള്ള ഔദ്യോഗിക ആശീർവാദവും കൂദാശയും ഒക്ടോബർ 13ന് നടക്കുമെന്നും റിപ്പോർട്ടുണ്ട്. ചടങ്ങില്‍ അപ്പസ്തോലിക് ന്യൂൺഷ്യോ സന്നിഹിതനായിരിക്കും. 2022-ലെ കണക്കുകള്‍ പ്രകാരം രൂപതയുടെ കീഴില്‍ 12,18,000 കത്തോലിക്ക വിശ്വാസികളാണുള്ളത്. 83 ഇടവകകളിലായി 161 വൈദികരാണ് സേവനം ചെയ്യുന്നത്. 7,565 വിശ്വാസികള്‍ക്ക് ഒരു വൈദികന്‍ എന്ന നിരക്കിലാണ് രൂപതയിലെ അനുപാതം.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
