India
കളമശേരി മാർത്തോമ്മ ഭവനത്തില്‍ അതിക്രമിച്ച് ആക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
പ്രവാചകശബ്ദം 27-09-2025 - Saturday
കളമശേരി: കളമശേരി മാർത്തോമ്മാ ഭവനത്തിന്റെ ഭൂമിയിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ സംഭവത്തിൽ നാലു പേരെ കളമശേരി പോലീസ് അറസ്റ്റ് ചെയ്തു.തൃക്കാക്കര, മുണ്ടംപാലം പുക്കാട്ട് പതയപ്പിള്ളി അബ്‌ദുൾ മജീദ് (56), കളമശേരി ശാന്തിനഗറിൽ നീറുങ്കൾ മനസ്സിൽ ഫനീഫ (53), ചാവക്കാട് അകലാട് അട്ടുരയിൽ ജംഷീർ (22), കാസർഗോഡ് കുമ്പളം കടപ്പുറം ഹൈദർമൻസിലിൽ ഹൈദർ അലി (29), എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. മതിൽ പൊളിക്കാൻ ഉപയോഗിച്ച ഒരു ജെസിബി പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. കൈയേറ്റക്കാർ ഇടിച്ചുപൊളിച്ച കുടിവെള്ള പൈപ്പ് പുനഃസ്ഥാപിച്ചു നൽകിയതായി കളമശേരി പോലീസ് അറിയിച്ചു. സ്ഥലത്തിൻ്റെ അവകാശം ഉന്നയിക്കുന്നവരോട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു നോട്ടീസ് നൽകിയിട്ടുണ്ട്.
എറണാകുളം സബ് കോടതിയുടെ 2007 ലെ ഡിക്രിയും പ്രൊഹിബിറ്ററി ഇൻജങ്ഷൻ ഓർഡറും ലംഘിച്ചുകൊണ്ട്, സെപ്റ്റംബർ നാലാം തീയതിയാണ് ആക്രമണമുണ്ടായത്. പുലർച്ച ഒരു മണിമുതൽ നാല് മണിവരെയുള്ള സമയത്ത് ഇരുട്ടിന്റെ മറവിൽ, എഴുപതോളം പേർ ആസൂത്രിതമായി കളമശ്ശേരി മാർത്തോമാ ഭവന്റെ കൈവശമുള്ള ഭൂമിയിൽ അതിക്രമിച്ചു കയറുകയും നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യുകയായിരിന്നു. ഭൂമിയെ സംബന്ധിച്ച തർക്കം കോടതിയുടെ പരിഗണനയിൽ ആയതിനാലും ഭൂമിയുടെ മേലുള്ള മാർത്തോമാ ഭവനത്തിന്റെ കൈവശാവകാശം കോടതി അംഗീകരിച്ചിട്ടുള്ളതാണ് എന്നതിനാലും നിയമപരമായ പൂർണ്ണ പിന്തുണ പോലീസ് നൽകുമെന്നും പരിഹാരം ഉടനുണ്ടാകുമെന്നും മാർത്തോമാ ഭവനം അധികൃതർ പ്രതീക്ഷിച്ചെങ്കിലും, കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ പോലീസിന്റെ നിഷ്‌ക്രിയത്വം തുടര്‍ന്നിരിന്നു.
1982ൽ മാർത്തോമാ ഭവനം അധികൃതർക്ക് സ്ഥലം കൈമാറിയ ആദ്യ ഉടമസ്ഥന്റെ മക്കൾ 2010 ൽ വസ്തുതകൾക്ക് നിരക്കാത്ത വാദങ്ങളുമായി (Fake sale deed) മറ്റൊരു പാർട്ടിക്ക് അതേ സ്ഥലം വിൽപ്പന നടത്തുകയാണുണ്ടായത്. സ്ഥലത്തിന്റെ യഥാർത്ഥ ഉടമസ്ഥർ മാർത്തോമാ ഭവനം തന്നെയെന്ന് എറണാകുളം സബ് കോർട്ട് ഡിക്രിയിലൂടെ അംഗീകരിച്ചിട്ടുള്ളതും മറുപാർട്ടിക്കോ അവരുടെ പേരിൽ മറ്റാർക്കുമോ പ്രസ്തുത ഭൂമിയിൽ പ്രവേശിക്കാൻ പാടുള്ളതല്ല എന്ന Prohibitary Injection Order പുറപ്പെടുവിച്ചിട്ടുള്ളതുമാണ്.
ആ വിലക്ക് ലംഘിച്ചുകൊണ്ട് സ്ഥലത്ത് അതിക്രമിച്ചു കയറിയവർ, 45 വർഷമായുള്ള 7 അടി ഉയരവും 100 മീറ്ററോളം നീളവുമുള്ള ദൈവവചനം എഴുതിയ മതിലും ഗേറ്റും ജല വിതരണത്തിനുള്ള പൈപ്പുകളും സിസിടിവി ക്യാമറകളും തകർക്കുകയും പത്തോളം സന്യാസിനിമാർ താമസിക്കുന്ന കോൺവെന്റിലേക്കുള്ള വഴി തടസപ്പെടുത്തുകയും കോൺക്രീറ്റ് നിർമ്മിതികൾ അവിടെ സ്ഥാപിക്കുകയും ചെയ്തതിന് പുറമെ, ആശ്രമ അന്തേവാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിച്ചുകൊണ്ടുള്ള മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് കയ്യേറ്റക്കാരുടെ ചെയ്തികൾ.
പിന്നീടുള്ള ദിവസങ്ങളിൽ അവർ കെട്ടിട നിർമ്മാണം സംബന്ധിച്ച ബോർഡ് സ്ഥാപിക്കുകയും നിർമ്മാണ സാമഗ്രികൾ ഇറക്കുകയും ചെയ്തു. നിയമവിരുദ്ധമായ പ്രവൃത്തികൾ നടന്നുവരുന്നുണ്ടെങ്കിലും സുരക്ഷയ്ക്കായി അവിടെ ക്യാമ്പ് ചെയ്തിട്ടുള്ള പോലീസ് ഉദ്യോഗസ്ഥർ ഇടപെടുകയോ കയ്യേറ്റക്കാരെ തടയുകയോ ചെയ്തിരിന്നില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. നഗ്നമായ നിയമലംഘനത്തിനെതിരെ യുക്തമായ നടപടികൾ സ്വീകരിക്കാനും അതിക്രമിച്ചു കയറിയവരെ പുറത്താക്കാനും ആസൂത്രിതവും സംഘടിതവുമായ ഈ കുറ്റകൃത്യത്തിന് പിന്നിലുള്ളവരെ നീതി പീഠത്തിന് മുന്നില്‍കൊണ്ടുവരുവാനും സഭ ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
