News - 2026
സ്രഷ്ടാവിന്റെ മഹിമ വർണ്ണിക്കുന്ന ബഹിരാകാശ വിസ്മയ പ്രദർശനവുമായി വത്തിക്കാന്‍
പ്രവാചകശബ്ദം 18-10-2025 - Saturday
വത്തിക്കാന്‍ സിറ്റി: പ്രത്യാശയുടെ തീർത്ഥാടകരാകുവാൻ ഏവരെയും ക്ഷണിക്കുന്ന ജൂബിലി വർഷത്തിൽ, സ്രഷ്ടാവിന്റെ മഹിമ വർണ്ണിക്കുന്ന ബഹിരാകാശവിസ്മയ പ്രദർശനവുമായി വത്തിക്കാന്‍. ജോൺസ് ഹോപ്കിൻസ് സർവകലാശാല, സ്‌പേസ് ടെലിസ്‌കോപ്പ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുമായി സഹകരിച്ചാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ക്രിസ്തു വര്‍ഷത്തിന്റെ ജൂബിലി പ്രമാണിച്ചാണ് ആദ്യമായി ഇത്തരത്തിൽ ഒരു പ്രദർശനം സംഘടിപ്പിക്കുന്നത്. ഹബിൾ, ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനികളിൽ നിന്നുള്ള കോസ്മിക് ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തുന്നത്.
പ്രമുഖ ജ്യോതിശാസ്ത്രജ്ഞരുടെ വിവരണങ്ങളും, ഗവേഷണ നിരീക്ഷണങ്ങളും ഉൾക്കൊള്ളിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. നവംബർ മാസം മൂന്നാം തീയതി കാസ്റ്റല്‍ ഗന്ധോൾഫോയിൽ പ്രദർശനം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. പ്രദർശനം കാണുവാനുള്ള ടിക്കറ്റുകൾ, ഇറ്റാലിയൻ ഇംഗ്ലീഷ് ഭാഷകളിൽ ലഭ്യമായ വത്തിക്കാൻ മ്യൂസിയം ഔദ്യോഗിക പേജിൽ നിന്നും ബുക്ക് ചെയ്യാവുന്നതാണ്. ബഹിരാകാശത്തിന്റെ ഏറ്റവും ആഴങ്ങളിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുവാൻ ഈ പ്രദർശനം സഹായിക്കും.
വ്യാഴഗ്രഹത്തിന്റെ ധ്രുവദീപ്തി, സൗരയൂഥത്തിന് പുറത്തുള്ള മറ്റുഗ്രഹങ്ങൾ, ചെറുനക്ഷത്രങ്ങൾ, തുടങ്ങിയവയുടെ ദൂരദർശിനി ചിത്രങ്ങൾ പ്രദർശനത്തിൽ ഉണ്ടാകും. ഇവയുടെ അസാധാരണമായ സൗന്ദര്യം മാത്രമല്ല, അതുമായി ബന്ധപ്പെട്ട ശാസ്ത്രീയ കണ്ടെത്തലുകളും പ്രദർശനത്തിൽ വിവരിക്കും. സൃഷ്ടിയുടെ മനോഹാരിത വെളിപ്പെടുത്തിക്കൊണ്ട് സൃഷ്ടാവിനെ മഹത്വപ്പെടുത്തുക എന്ന ലക്ഷ്യവും പ്രദര്‍ശനത്തിന്റെ കേന്ദ്രബിന്ദുവാണ്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?

















