News - 2026
സംഘർഷഭരിത മേഖലകൾക്കായി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനവുമായി ലെയോ പാപ്പ
പ്രവാചകശബ്ദം 06-11-2025 - Thursday
വത്തിക്കാന്‍ സിറ്റി: ഭാരതത്തിന്റെ അയല്‍രാജ്യമായ മ്യാന്മാർ ഉൾപ്പെടെ സംഘർഷഭരിതമേഖലകൾക്കായി പ്രാർത്ഥിക്കാനും വിശുദ്ധിയിൽ ജീവിക്കാനും ആഹ്വാനം ചെയ്‌ത് ലെയോ പതിനാലാമൻ പാപ്പ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങൾ മൂലം ബുദ്ധിമുട്ടുന്നവർക്ക് വേണ്ടിയുള്ള തന്റെ പ്രാർത്ഥനയിൽ പങ്കുചേരാനും, മ്യാന്മറിന് സഹായമെത്തിക്കാനും പാപ്പ ആഹ്വാനം ചെയ്തു. നവംബർ അഞ്ച് ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പൊതുകൂടിക്കാഴ്ച അനുവദിച്ച വേളയിലാണ് പാപ്പ ഈ ആഹ്വാനങ്ങൾ നടത്തിയത്.
മ്യാന്മറിൽ നടക്കുന്ന സംഘർഷങ്ങളെ പാപ്പാ പ്രത്യേകമായി അനുസ്മരിച്ചു. അവിടുത്തെ ജനങ്ങളെ വിസ്മരിക്കരുതെന്ന് അന്താരാഷ്ടസമൂഹത്തെ ഓർമ്മിപ്പിച്ച പാപ്പാ, അവർക്കുവേണ്ട മാനവികസഹായങ്ങൾ എത്തിക്കാൻ തയ്യാറാകണമെന്നും അഭ്യർത്ഥിച്ചു. യുവജനങ്ങളെയും രോഗികളെയും നവ വധൂവരന്മാരെയും പ്രത്യേകമായി അഭിസംബോധന ചെയ്ത പാപ്പ, നവംബർ ഒന്നാം തീയതി ആഘോഷിക്കപ്പെട്ട സകല വിശുദ്ധരുടെയും തിരുനാളിനെക്കുറിച്ച് പരാമർശിക്കുകയും, വിശുദ്ധിയിലേക്ക് എവർക്കുമുള്ള വിളിയെക്കുറിച്ച് എടുത്തുപറയുകയും ചെയ്‌തു.
ക്രിസ്തുവിനെ കൂടുതലായി ജീവിതത്തിൽ സ്വീകരിക്കാനും, അതിനായി വിശുദ്ധർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പിൻചെന്ന് മുന്നേറാനും പാപ്പാ ആഹ്വാനം ചെയ്തു. ഇന്നലെ നവംബർ അഞ്ചാം തീയതി ആചരിക്കപ്പെട്ട കാർഷിക പരിസ്ഥിതി ജൂബിലി ദിനത്തിൽ പങ്കെടുക്കാനെത്തിയവരെയും പാപ്പ പ്രത്യേകമായി അഭിസംബോധന ചെയ്തു. സൃഷ്ടലോകത്തിന്റെ പരിപാലനത്തിന് നൽകേണ്ട ശ്രദ്ധ ഇപ്പോഴും ഉണ്ടാകണമെന്നും പാപ്പ ഓർമ്മിപ്പിച്ചു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
















