News
നൈജീരിയയിൽ കത്തോലിക്ക സ്‌കൂൾ ആക്രമിച്ച് ഇരുനൂറിലധികം വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി
പ്രവാചകശബ്ദം 22-11-2025 - Saturday
അബൂജ: നൈജീരിയയിൽ സായുധധാരികളുടെ സംഘം കത്തോലിക്ക സ്‌കൂൾ ആക്രമിച്ച് ഇരുനൂറിലധികം വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി. നൈജർ സംസ്ഥാനത്ത് പാപിരി എന്ന സ്ഥലത്തെ സെൻ്റ് മേരീസ് ബോർഡിംഗ് സ്‌കൂളിൽ വെള്ളിയാഴ്‌ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. തോക്കുധാരികൾ സ്‌കൂളിൽ അതിക്രമിച്ചു കടന്ന് വിദ്യാർഥികളെയും അധ്യാപകരെയും കടത്തിക്കൊണ്ടുപോയെന്നാണു റിപ്പോർട്ട്. 215 വിദ്യാർത്ഥികളെയും 12 ജീവനക്കാരെയും പിടികൂടിയതായാണ് ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ സംഘടന പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്.
ഒരാഴ്ചയ്ക്കുള്ളിൽ നൈജീരിയയിൽ നടക്കുന്ന രണ്ടാമത്തെ സമാന സംഭവമാണിത്. തിങ്കളാഴ്‌ച കെബ്ബി സംസ്ഥാനത്ത് തോക്കുധാരികൾ ബോർഡിംഗ് സ്‌കൂൾ ആക്രമിച്ച് 25 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു. ചൊവ്വാഴ്ച സെൻട്രൽ നൈജീരിയയിലെ ഇറുകു പട്ടണത്തിൽ അക്രമികൾ പള്ളി ആക്രമിച്ച് രണ്ടു വിശ്വാസികളെ വധിക്കുകയും പാസ്റ്റർ അടക്കം ഒട്ടേറെപ്പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്‌തിരുന്നു. നൈജീരിയയിലെ ക്രൈസ്‌തവപീഡനം അവസാനിപ്പിച്ചില്ലെങ്കിൽ സൈനികനടപടി വേണ്ടിവരുമെന്നു യുഎസ് പ്രസിഡൻ്റ് ട്രംപ് മുന്നറിയിപ്പു നല്കിയ ശേഷമാണ് ഈ ആക്രമണങ്ങള്‍ അരങ്ങേറിയതെന്നതും വസ്തുതയാണ്.
76 ദിവസത്തിനിടെ നൈജീരിയയിൽ നൂറിലധികം ക്രൈസ്തവര്‍ കൊല്ലപ്പെടുകയും 120 പേരെ ഇസ്ളാമിക ഗ്രൂപ്പുകൾ തട്ടിക്കൊണ്ടുപോകുകയും ചെയ്തതായി ഇന്റർനാഷ്ണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോ (ഇന്റർ സൊസൈറ്റി) അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ഓഗസ്റ്റ് 10നും ഒക്ടോബർ 26നും ഇടയിലുള്ള കാലയളവിനിടെ ക്രൈസ്തവര്‍ക്ക് നേരെ നടന്ന ആക്രമണങ്ങളുടെ റിപ്പോര്‍ട്ടാണ് അടുത്തിടെ സംഘടന പുറത്തുവിട്ടത്. നൈജീരിയയിലെ ക്രൈസ്തവര്‍ക്ക് നേരെ ഇസ്ലാമിക തീവ്രവാദികളും അവരുടെ സഹായികളും തുടർച്ചയായി നടത്തിവരുന്ന വ്യവസ്ഥാപിത ആക്രമണങ്ങളില്‍ വിശ്വാസികള്‍ ആശങ്കയിലാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരിന്നു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?


















