News

ക്രൈസ്തവര്‍ തുർക്കിയുടെ സ്വത്വത്തിന്റെ ഭാഗം: ലെയോ പാപ്പ

പ്രവാചകശബ്ദം 28-11-2025 - Friday

അങ്കാര: ക്രൈസ്തവര്‍ തുർക്കിയുടെ സ്വത്വത്തിന്റെ ഭാഗമാണെന്നും രാജ്യത്തിന്റെ ഐക്യത്തിന് ക്രിസ്ത്യാനികൾക്കും സംഭാവനകൾ നൽകുവാൻ സാധിക്കുമെന്നതിനു താൻ ഉറപ്പു നൽകുന്നതായും ലെയോ പതിനാലാമന്‍ പാപ്പ. ഇന്നലെ തുര്‍ക്കി സന്ദര്‍ശനത്തിന്റെ ആദ്യ ദിനത്തില്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ നല്‍കിയ സ്വീകരണത്തിന് ശേഷം പ്രസിഡന്‍റ് ഏര്‍ദ്ദോഗനേയും മറ്റ് നേതാക്കളെയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരിന്നു പാപ്പ. തന്റെ അപ്പസ്തോലിക യാത്രകളുടെ തുടക്കം തുർക്കിയിൽ നിന്നും ആരംഭിക്കുവാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടാണ് പാപ്പ, തന്റെ സന്ദേശം ആരംഭിച്ചത്.

തുർക്കിയിലെ രാഷ്ട്രനേതാക്കളോടുള്ള ലെയോ പാപ്പയുടെ പ്രഥമ പ്രസംഗത്തിൽ, വൈവിധ്യത്തെ വിലമതിക്കാൻ ഏവരെയും ആഹ്വാനം ചെയ്തു. നാടിന്റെ സൗന്ദര്യം, ദൈവസൃഷ്ടിയെ പരിപാലിക്കുന്നതിനു നമ്മെ പ്രചോദിപ്പിക്കുന്നുവെന്നും, സ്ഥലങ്ങളുടെ സാംസ്കാരികവും കലാപരവും ആത്മീയവുമായ സമൃദ്ധി, വിവിധ തലമുറകളും പാരമ്പര്യങ്ങളും ആശയങ്ങളും തമ്മിലുള്ള കൂടിക്കാഴ്ചകളിലൂടെ മഹത്തായ നാഗരികതകൾ രൂപപ്പെടുമെന്നും അതിൽ വികസനവും, ജ്ഞാനവും ഐക്യപ്പെടുന്നുവെന്നും നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും പാപ്പ ചൂണ്ടിക്കാട്ടി.

തന്റെ സന്ദർശനത്തിന്റെ അടയാളമായി ഉപയോഗിച്ചിരിക്കുന്ന ദർദാനെല്ലി പാലം, ഏഷ്യയെയും യൂറോപ്പിനെയും, പൗരസ്ത്യലോകത്തെയും പാശ്ചാത്യ ലോകത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നതിലുപരി, ഈ അടയാളം തുർക്കിയെ അതിൽ തന്നെ പരസ്പരം ബന്ധിപ്പിക്കുന്നതാണെന്നും പാപ്പ പറഞ്ഞു. സ്നേഹത്തിന്റെ പാലങ്ങൾ പണിയുക എന്നതാണ് ഏറ്റവും അത്യാവശ്യമുള്ള കാര്യമെന്നും മതത്തിനു ഏറെ പ്രാധാന്യം കൽപ്പിക്കുന്ന തുർക്കിയിൽ, എല്ലാ ദൈവമക്കളുടെയും അന്തസ്സിനെയും സ്വാതന്ത്ര്യത്തെയും ബഹുമാനിക്കേണ്ടത് അത്യാവശ്യമാണെന്നും പാപ്പ പറഞ്ഞു. ഇന്നലെ അങ്കാരയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി രാത്രിയില്‍ തന്നെ പാപ്പ ഇസ്താംബൂളിലേക്ക് പോയിരിന്നു. ഇവിടെ പാപ്പയുടെ വിവിധ സന്ദര്‍ശന പരിപാടികള്‍ ഇന്നു നടക്കും.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »