News
വത്തിക്കാനിൽ ക്രിസ്തുമസ് ട്രീ ഉയര്‍ത്തി; പുല്‍ക്കൂടിന് ഒരുക്കങ്ങള്‍ നടക്കുന്നു
പ്രവാചകശബ്ദം 28-11-2025 - Friday
വത്തിക്കാന്‍ സിറ്റി: ജൂബിലി വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷത്തിന് മുന്നോടിയായി വത്തിക്കാനില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഇന്നലെ വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ക്രിസ്തുമസ് ട്രീ ആയി ഉപയോഗിക്കുന്നതിനുള്ള സരള വൃക്ഷം ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി. ഇറ്റലിയിലെ ബോൾസാനോ പ്രവിശ്യയിൽ നിന്നുകൊണ്ടുവന്ന 88 അടി ഉയരമുള്ള മരമാണ് സ്ഥാപിച്ചിരിക്കുന്നത്.
ഈ ദിവസങ്ങളില്‍ ട്രീയില്‍ അലങ്കാരങ്ങള്‍ നടത്തും. തങ്ങളുടെ പ്രദേശത്ത് നിന്നുള്ള മരം വത്തിക്കാന്‍ ചത്വരത്തില്‍ ക്രിസ്തുമസ് ട്രീയായി ഉപയോഗിക്കുമ്പോള്‍ പ്രാദേശിക സഭയുടെ ഒരു ചെറിയ ഭാഗം സാർവത്രിക സഭയുടെ ഹൃദയത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള ഒരു മാർഗമായി മാറുകയാണെന്നു ബോൾസാനോ-ബ്രെസ്സാനോൻ രൂപതയുടെ ബിഷപ്പ് ഇവോ മ്യൂസർ പറഞ്ഞു. വത്തിക്കാന്‍ ചത്വരത്തിൽ ക്രിസ്തുമസ് ട്രീയുടെ സമീപത്തു പുൽക്കൂട് നിര്‍മ്മാണവും ആരംഭിച്ചിട്ടുണ്ട്.
ഇറ്റലിയിലെ സലേർണൊ പ്രവിശ്യയും നോചെറ ഇൻഫെരിയോറെ സാർണോ രൂപതയും ചേര്‍ന്നാണ് പുല്‍ക്കൂട് ഒരുക്കുന്നത്. പ്രദേശത്തിൻറെ തനിമ തെളിഞ്ഞു നില്ക്കുന്ന വിധത്തിലായിരിക്കും തിരുപ്പിറവിയുടെ കലാവിഷ്കാരം. പോൾ ആറാമൻ ഹാളില്‍ മറ്റൊരു പുൽക്കൂട് കൂടി ഒരുക്കുന്നുണ്ട്. കോസ്റ്ററിക്ക രാജ്യത്തിന്റെ സംഭാവനയായിരിക്കും ഈ പുല്‍ക്കൂട്. പതിനേഴാം നൂറ്റാണ്ടിലെ ഗിയാൻ ലോറെൻസോ ബെർണിനി രൂപകൽപ്പന ചെയ്ത ബറോക്ക് സ്ക്വയറിന്റെ മധ്യത്തിൽ സ്ഥാപിച്ചിരിക്കുന്ന ട്രീയുടെ അലങ്കാരവും പുല്‍ക്കൂട് നിര്‍മ്മാണവും വത്തിക്കാനില്‍ പുരോഗമിക്കുകയാണ്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?

















