India - 2026
കൊച്ചിയുടെ ഇടയനായി ഡോ. ആന്റണി കാട്ടിപറമ്പിൽ അഭിഷിക്തനായി
പ്രവാചകശബ്ദം 08-12-2025 - Monday
കൊച്ചി: കൊച്ചി രൂപതയുടെ 36-ാമത് മെത്രാനായി മോൺ. ആൻ്റണി കാട്ടിപ്പറമ്പിൽ അഭിഷിക്തനായി. മെത്രാഭിഷേക തിരുക്കർമങ്ങൾക്ക് ഗോവ ആർച്ച് ബിഷപും ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ പ്രസിഡൻ്റുമായ കർദ്ദിനാൾ ഫിലിപ്പ് നേരി ഫെറോ മുഖ്യകാർമികത്വം വഹിച്ചു. വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ, കൊച്ചി രൂപത മുൻ മെത്രാൻ ബിഷപ്പ് ഡോ. ജോസഫ് കരിയിൽ എന്നിവർ സഹകാർമികരായി.
ഉച്ചതിരിഞ്ഞ് 2.30ന് കൊച്ചി മെത്രാസന മന്ദിരത്തിൽ നിന്ന് തിരുവസ്ത്രങ്ങളണിത്ത മെത്രാൻമാരും വൈദീകരും ചേർന്ന് നിയുക്ത മെത്രാനെ തിരുകർമ്മങ്ങൾക്ക് വേദിയാക്കുന്ന സാന്താക്രൂസ് സ്‌ക്വയറിലേക്ക് പ്രദക്ഷിണയോടെ ആനയിച്ചു.കൊച്ചി രൂപതയിലെ 51 ഇടവകകളിൽ നിന്ന് എത്തിയ പ്രതിനിധികൾ ദർശന കുരിശും ഇടവക കുരിശിൻ്റെ ഇടതുവശത്ത് ഇടവകയുടെ കൊടിയും വലതുവശത്ത് പേപ്പൽഫ്ലാഗുമേന്തി പരമ്പരാഗത വേഷമണിഞ്ഞ ഇടവക പ്രതിനിധികളും അണിനിരന്നു.
വത്തിക്കാൻ സ്ഥാനപതിയും ഭാരതത്തിൻ്റെയും നേപ്പാളിൻ്റേയും വത്തിക്കാൻ സ്ഥാനപതിയുമായ ആർച്ച് ബിഷപ്പ് ലെയോ പോൾദോ ജിറെല്ലി, സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ പ്രസിഡൻ്റ് മാർ ആൻഡ്രൂസ് താഴത്ത്, കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതിയുടെ പ്രസിഡന്റ് ആർച്ചുബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ എന്നിവർ സന്ദേശങ്ങൾ നൽകി. തലശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയും എറണാകുളം - അങ്കമാലി അതിരൂപതയുടെ മേജർ ആർച്ച്ബിഷപ്പിന്റെ വികാരിയുമായ മാർ ജോസഫ് പാംപ്ലാനി വചനപ്രഘോഷണം നടത്തി.
കൊച്ചി രൂപത അപ്പോസ്റ്റലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ഡോ.ജയിംസ് റാഫേൽ ആനാപറമ്പിൽ സ്വാഗതമാശംസിച്ചു. ദിവ്യബലി മധ്യേ മുഖ്യകാർമികന്റെ മുമ്പിൽ നിയുക്ത മെത്രാൻ തൻ്റെ സന്നദ്ധത അറിയിച്ചു. തുടർന്ന് സകല വിശുദ്ധരോടുമുള്ള പ്രാർത്ഥനയും കൈവയ്പു കർമ്മവും നടത്തി. പ്രധാന കാർമികൻ അധികാര ചിഹ്നങ്ങളായ മോതിരം, അംശമുടി എന്നിവ അഭിഷിക്ത മെത്രാനെ അണിയിച്ചു. അജഗണപരിപാലന അധികാര ചിഹ്നമായ അധികാര ദണ്ഡ് അഭിഷിക്ത മെത്രാന് നൽകിക്കൊണ്ട് കത്തീഡ്രലിൽ ഇരുത്തി. തുടർന്ന് സഹ മെത്രാന്മാർ സമാധാന ചുംബനം നൽകി. തിരഞ്ഞെടുക്കപ്പെട്ട വൈദിക അല്മായ സന്യസ്ത പ്രതിനിധികൾ പുതിയ മെത്രാന് ആദരവ് പ്രകടിപ്പിച്ചു.
തുടർന്ന് പുതിയ മെത്രാന്റെ മുഖ്യകാർമികത്വത്തിൽ തിരുകർമങ്ങൾ തുടർന്നു. ഒന്നരവർഷക്കാലത്തെ കാത്തിരിപ്പിനു ശേഷം തങ്ങൾക്ക് ലഭിച്ച പുതിയ ഇടയനെ സ്വീകരിക്കാൻ അഭിഷേക വേദിയായ സാന്താക്രൂസ് ഗ്രൗണ്ടിലേക്ക് ആയിരങ്ങൾ ഒഴുകിയെത്തി. ത്രാനും കാർമികരും പുഷ്പാർച്ചന നടത്തി. കന്യാകുമാരി മുതലുള്ള തെക്ക് കിഴക്കൻ ഇന്ത്യയും ശ്രീലങ്ക നേപ്പാൾ ബംഗ്ലാദേശ് ബർമ്മ ഹോങ്കോങ് മാലാക്ക എന്നീ രാജ്യങ്ങൾ വരെയും വ്യാപിച്ചു കിടന്ന വിശാലമായ രൂപതയായിരുന്നു കൊച്ചി. 1557-ൽ സ്ഥാപിതമായ കൊച്ചി രൂപതയുടെ അഞ്ചാമത്തെ തദ്ദേശിയ മെത്രാനാണ് ബിഷപ്പ് ആന്റണി കാട്ടിപ്പറമ്പിൽ.

















