News

യേശുവിന്റെ സന്ദേശം സാർവത്രിക ലോകത്തിന് വേണ്ടിയുള്ളതെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ

പ്രവാചകശബ്ദം 19-12-2025 - Friday

ന്യൂഡൽഹി: യേശുക്രിസ്തുവിന്റെ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം ലോകം മുഴുവന് വേണ്ടിയുള്ളതാണെന്ന് ഇന്ത്യയുടെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. ഇന്നലെ ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയില്‍വെച്ചു നടന്ന ക്രിസ്തുമസ് ആഘോഷത്തിനിടെ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. സമാധാനവും ഐക്യവും സ്ഥാപിക്കാൻ ലോകത്തിലേക്ക് വന്ന കർത്താവായ യേശുക്രിസ്തുവിന്റെ ജീവിതത്തിലും പ്രബോധനങ്ങളിലുമാണ് ക്രിസ്തീയതയുടെ സത്ത സ്ഥിതിചെയ്യുന്നതെന്ന് അദ്ദേഹം അനുസ്മരിച്ചു.

യേശുവിന്റെ സന്ദേശം സാർവത്രിക ലോകത്തിന് വേണ്ടിയുള്ളതാണ്. അനുകമ്പ, പരസ്പര ബഹുമാനം, ഓരോ മനുഷ്യന്റെയും അന്തസ്സ് എന്നിവ ഭാരതത്തിന്റെ മൂല്യങ്ങളെ ശക്തമായി പ്രതിധ്വനിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള സമൂഹങ്ങൾ ഭിന്നതകളും സംഘർഷങ്ങളും നേരിടുന്ന സമകാലിക കാലത്ത് അത്തരം മൂല്യങ്ങൾ പ്രത്യേകിച്ചും പ്രസക്തമാണെന്നും അഭിപ്രായപ്പെട്ടു. ഔപചാരിക പരിപാടിക്ക് മുമ്പ്, ഉപരാഷ്ട്രപതി മറ്റ് വിശിഷ്ട വ്യക്തികളോടൊപ്പം പുല്‍ക്കൂട് സന്ദർശിക്കുകയും ഉണ്ണിയേശുവിന് ആദരവ് അർപ്പിക്കുകയും ചെയ്തു.

പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് വിശിഷ്‌ടാതിഥിയായിരുന്നു. സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ഇന്ത്യയിലെ വത്തിക്കാൻ നുൺഷ്യോ ആർച്ച് ബിഷപ്പ് ലെയോപോൾഡോ ജിറേല്ലി, സിബിസിഐ വൈസ് പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് ഡോ. ജോർജ് അന്തോണിസാമി, സെക്രട്ടറി ജനറൽ ആർച്ച് ബിഷപ്പ് ഡോ. അനിൽ കൂട്ടോ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ.ഡോ. മാത്യു കോയിക്കൽ എന്നിവർ പ്രസംഗിച്ചു.

സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കർദ്ദിനാളുമാരായ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, ഡോ. ആന്റണി പൂള, സീറോമലങ്കര സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ആർച്ച്ബിഷപ്പുമാർ, ബിഷപ്പുമാർ, എംപിമാരായ ശശി തരൂർ, ജോസ് കെ. മാണി, ജോൺ ബ്രിട്ടാസ്, മുൻ കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, അൽഫോൻസ് കണ്ണന്താനം, പ്രഫ. കെ.വി. തോമസ്, റിട്ട. ജസ്റ്റീസ് കുര്യൻ ജോസഫ്, വിദേശകാര്യ സെക്രട്ടറി (വെസ്റ്റ്) സിബി ജോർജ്, അംബാസഡർമാർ, കേന്ദ്ര റവന്യു ഡയറക്ട‌ർ മനു വെട്ടിക്കൽ, ഷോൺ ജോർജ്, നോബിൾ മാത്യു, വർഗീസ് മൂലൻ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.

More Archives >>

Page 1 of 1153