News
നമ്മോടുള്ള സ്നേഹത്താൽ അവിടുന്ന് ദാരിദ്ര്യവും തിരസ്കരണവും സ്വീകരിച്ചു: പ്രഥമ ഉർബി എത് ഓർബി സന്ദേശത്തില്‍ ലെയോ പാപ്പ
പ്രവാചകശബ്ദം 26-12-2025 - Friday
വത്തിക്കാന്‍ സിറ്റി: നമ്മോടുള്ള സ്നേഹത്താൽ അവിടുന്ന് ദാരിദ്ര്യവും, തിരസ്കരണവും അംഗീകരിക്കുകയും അവഗണിക്കപ്പെട്ടവരോടും ഒഴിവാക്കപ്പെട്ടവരോടും തന്നെത്തന്നെ താദാത്മ്യപ്പെടുത്തുകയായിരിന്നുവെന്ന് ലെയോ പാപ്പ. ഇന്നലെ ഡിസംബർ 25 വ്യാഴാഴ്ച, ക്രിസ്തുമസ് ദിനത്തിൽ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയുടെ മുന്നിലുള്ള മട്ടുപ്പാവിൽനിന്ന് റോം നഗരത്തിനും ലോകം മുഴുവനും വേണ്ടിയുള്ള "ഉർബി എത് ഓർബി" സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
ഡിസംബർ 25 ഉച്ചയ്ക്ക് പന്ത്രണ്ടിന്, ഇന്ത്യയിലെ സമയം വൈകുന്നേരം നാലരയ്ക്ക് പാപ്പാ എത്തിയപ്പോൾ, വിശുദ്ധ പത്രോസിന്റെ ചത്വരത്തിലുണ്ടായിരുന്ന പതിനായിരക്കണക്കിനാളുകൾ ആനന്ദാരവങ്ങളും കരഘോഷവും മുഴക്കി. തുടർന്ന് വത്തിക്കാന്റെ ദേശീയഗാനം വാദ്യോപകരണങ്ങളോടെ ആലപിക്കപ്പെട്ടു. അതേത്തുടർന്ന് പരിശുദ്ധ പിതാവ് ഇറ്റാലിയൻ ഭാഷയിൽ തന്റെ പ്രഭാഷണം നടത്തി.
അവൻ കാലിത്തൊഴുത്തിലാണ് പിറന്നത്, കാരണം സത്രത്തിൽ അവന് ഇടം ലഭിച്ചില്ല. ജനിച്ച ഉടനെ അവന്റെ അമ്മയായ മറിയം അവനെ പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തി (ലൂക്ക 2;7). സകലവും ആരിലൂടെയാണോ സൃഷ്ടിക്കപ്പെട്ടത്, ആ ദൈവപുത്രൻ സ്വീകരിക്കപ്പെടുന്നില്ല, അവന്റെ തൊട്ടിൽ മൃഗങ്ങൾക്കായുള്ള ഒരു പുൽത്തൊട്ടിയാണ്. ആകാശങ്ങൾക്ക് ഉൾക്കൊള്ളാനാകാത്ത പിതാവിന്റെ നിത്യവചനം, ഈ ലോകത്തിലേക്ക് വരാൻ തിരഞ്ഞെടുത്തത് ഇപ്രകാരമാണ്.
സ്നേഹം മൂലം അവൻ ഒരു സ്ത്രീയിൽനിന്ന് ജാതനാകാനും, നമ്മുടെ മാനവികത പങ്കിടാനും തീരുമാനിച്ചു; സ്നേഹത്താൽ അവൻ ദാരിദ്ര്യവും, തിരസ്കരണവും അംഗീകരിച്ചു, അവഗണിക്കപ്പെട്ടവരോടും ഒഴിവാക്കപ്പെട്ടവരോടും തന്നെത്തന്നെ താദാത്മ്യപ്പെടുത്തി. കുരിശിലെ മരണം വരെ, ദൈവപുത്രന്റെ ജീവിതത്തെ നയിക്കുന്ന അടിസ്ഥാനപരമായ പശ്ചാത്തലം, യേശുവിന്റെ ജനനത്തിൽ തെളിഞ്ഞുവരുന്നുണ്ട്: പാപഭാരം വഹിക്കാൻ നമ്മെ അനുവദിക്കാതെ, അത് നമുക്കുവേണ്ടി സ്വയം വഹിക്കുക, ഏറ്റെടുക്കുക എന്ന തെരഞ്ഞെടുപ്പ്.
അത് അവനു മാത്രം സാധിക്കുന്ന ഒന്നായിരുന്നു. എന്നാൽ അതേസമയം, നമുക്ക് മാത്രം ചെയ്യാൻ കഴിയുന്നത് എന്താണെന്നും അവൻ കാണിച്ചുതന്നു. അതായത്, ഓരോരുത്തരും താന്താങ്ങളുടെ ഉത്തരവാദിത്വത്തിന്റെ പങ്ക് ഏറ്റെടുക്കുക. അതേ കാരണം, നാമില്ലാതെ നമ്മെ സൃഷ്‌ടിച്ച ദൈവത്തിന് നാമില്ലാതെ, അതായത് നമ്മുടെ സ്നേഹിക്കാനുള്ള സ്വതന്ത്ര ഇശ്ചാശക്തിയില്ലാതെ, നമ്മെ രക്ഷിക്കാനാകില്ല (വി. അഗസ്റ്റിൻ, പ്രഭാഷണം 169, 11. 13). സ്നേഹിക്കാത്തവൻ രക്ഷിക്കപ്പെടുന്നില്ല, കാരണം അവൻ നഷ്ടപ്പെട്ടവനാണ്. കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാനുമാകില്ല (1 യോഹ. 4, 20).
സഹോദരീ സഹോദരന്മാരെ, ഇതാ സമാധാനത്തിന്റെ മാർഗ്ഗം: ഉത്തരവാദിത്വം. നാമെല്ലാവരും, എല്ലാ തലങ്ങളിലുമുള്ളവർ, മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് പകരം, ആദ്യം സ്വന്തം കുറവുകൾ തിരിച്ചറിഞ്ഞ് ദൈവത്തോട് ക്ഷമ ചോദിക്കുകയും, അതോടൊപ്പം, സഹിക്കുന്ന മനുഷ്യരുടെ അവസ്ഥകളിലേക്ക് ഇറങ്ങിച്ചെല്ലുകയും, കൂടുതൽ ദുർബലരോടും അടിച്ചമർത്തപ്പെട്ടവരോടും ഐക്യദാർഢ്യപ്പെടുകയും ചെയ്‌താൽ ലോകം മാറിയേക്കാം. യേശുക്രിസ്തുവാണ് നമ്മുടെ സമാധാനം, അവൻ നമ്മെ പാപങ്ങളിൽനിന്ന് മോചിപ്പിക്കുന്നു എന്നതാണ് ഒന്നാമത്തെ കാരണം, പിന്നെയോ, വ്യക്തികൾക്കിടയിലും, അന്താരാഷ്ട്രതലത്തിലുമുള്ള ഭിന്നതകൾ, എല്ലാ ഭിന്നതകളും അതിജീവിക്കാൻ വേണ്ടി നാം പിൻചെല്ലേണ്ട മാർഗ്ഗം ഏതാണെന്ന് അവൻ കാണിച്ചുതരുന്നു.
പാപമുക്തമായ ഒരു ഹൃദയമില്ലാതെ, ക്ഷമിക്കപ്പെട്ട ഒരു ഹൃദയമില്ലാതെ, സമാധാനപൂർണ്ണരും, സമാധാനസൃഷ്ടാക്കളുമായ സ്ത്രീപുരുഷന്മാരാകുക സാധ്യമല്ല. ഇതിനായാണ് യേശു ബെത്ലഹേമിൽ ജനിച്ചതും കുരിശിൽ മരിച്ചതും: നമ്മെ പാപത്തിൽനിന്ന് സ്വാതന്ത്രരാക്കാൻ. അവനാണ് രക്ഷകൻ. അവന്റെ കൃപയോടെ, വെറുപ്പിനെയും അക്രമത്തെയും എതിർപ്പിനെയും തള്ളിക്കളയാനും, സംവാദങ്ങളും, സമാധാനവും അനുരഞ്ജനവും പരിശീലിക്കാനും സാധിക്കും, നാമത് ചെയ്യണം.
ഈ ആഘോഷദിനത്തിൽ, എല്ലാ ക്രൈസ്തവർക്കും, പ്രത്യേകിച്ച് മദ്ധ്യപൂർവ്വദേശങ്ങളിൽ ജീവിക്കുന്നവരും, എന്റെ പ്രഥമ അപ്പസ്തോലിക യാത്രയിലൂടെ ഞാൻ കണ്ടുമുട്ടാൻ ആഗ്രഹിച്ചവരുമായവർക്ക് എന്റെ ഊഷ്മളവും പിതൃനിർവ്വിശേഷവുമായ അഭിവാദ്യങ്ങൾ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ അവരുടെ ഭയങ്ങൾ ശ്രവിച്ചു, അവരുടെമേൽ ഉയർന്നുനിൽക്കുന്ന അധികാരശക്തികൾക്ക് മുന്നിലെ അവരുടെ നിസ്സഹായതയുടെ വികാരങ്ങൾ ഞാൻ നന്നായി അറിയുന്നു.
ഇന്ന് ബെത്ലഹേമിൽ ജനിക്കുന്ന കുഞ്ഞ്, "നിങ്ങൾക്ക് എന്നിൽ സമാധാനം കണ്ടെത്തേണ്ടതിനാണ് ഞാൻ ഇത് നിങ്ങളോട് പറഞ്ഞത്, ലോകത്തിൽ നിങ്ങൾക്ക് ഞെരുക്കമുണ്ടാകും, എങ്കിലും ധൈര്യമായിരിക്കുവിൻ, ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു" (യോഹ. 16, 33) എന്ന് പറയുന്ന അതേ യേശുവാണ്. "നീതിയുടെ ഫലം സമാധാനമായിരിക്കും; നീതിയുടെ പരിണിതഫലം പ്രശാന്തതയും എന്നേക്കുമുള്ള പ്രത്യാശയും ആയിരിക്കും" (ഏശയ്യാ 32, 17) എന്ന ദൈവികവചനങ്ങളിൽ ശരണമർപ്പിച്ച്, നമുക്ക് ലെബനനും, പാലസ്തീനായ്ക്കും, ഇസ്രയേലിനും സിറിയയ്ക്കും വേണ്ടി അവനിൽനിന്ന് നീതിയും സമാധാനവും സ്ഥിരതയും അപേക്ഷിക്കാം.
ബുദ്ധിമുട്ടുകളിലായിരിക്കുന്നവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അവരെ സ്വീകരിക്കുകയും ചെയ്യുന്ന തന്റെ ചരിത്രത്തോടും, ക്രൈസ്തവപരമ്പര്യത്തോടുമുള്ള വിശ്വസ്തതയിൽ തുടരുന്നതിനുവേണ്ടി, സാമൂഹിക, സഹകരണ മനോഭാവം ഉണർത്തുന്നത് തുടരാൻ അപേക്ഷിച്ചുകൊണ്ട്, യൂറോപ്പ് ഭൂഖണ്ഡത്തെ നമുക്ക് സമാധാനത്തിന്റെ രാജകുമാരന് സമർപ്പിക്കാം. പീഡിപ്പിക്കപ്പെടുന്ന യുക്രൈൻ ജനതയ്ക്കുവേണ്ടി നമുക്ക് പ്രത്യേകമായി പ്രാർത്ഥിക്കാം:
ആയുധങ്ങളുടെ ഗർജ്ജനം അവസാനിക്കുകയും, ഈ പ്രശ്നത്തിൽ ഉൾപ്പെട്ടിരിക്കുന്ന കക്ഷികൾ, അന്താരാഷ്ട്രസമൂഹത്തിന്റെ പിന്തുണയോടെ, ആത്മാർത്ഥവും നേരിട്ടുള്ളതും പരസ്പരബഹുമാനത്തോടുകൂടിയതുമായ സംവാദങ്ങളിൽ ഏർപ്പെടാനുള്ള ധൈര്യം കണ്ടെത്തുകയും ചെയ്യട്ടെ. ലോകമെമ്പാടും തുടരുന്ന, പ്രത്യേകിച്ച് അവഗണിക്കപ്പെട്ട യുദ്ധങ്ങളുടെ ഇരകൾക്കുവേണ്ടിയും, അനീതിയും, രാഷ്ട്രീയ അസ്ഥിരതയും, മതപീഡനവും, ഭീകരവാദവും മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർക്കുവേണ്ടിയും ബെത്ലഹേമിലെ ശിശുവിൽനിന്നും സമാധാനവും ആശ്വാസവും നമുക്ക് അപേക്ഷിക്കാം.
സുഡാൻ, തെക്കൻ സുഡാൻ, മാലി, ബുർകിന ഫസോ, കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക് എന്നിവിടങ്ങളിലെ സഹോദരീസഹോദരന്മാരെ ഞാൻ പ്രത്യേകമായി അനുസ്മരിക്കുന്നു. മനുഷ്യനായിത്തീർന്ന ദൈവത്തോട്, പ്രത്യാശയുടെ ജൂബിലിയുടെ ഈ അവസാനദിനങ്ങളിൽ ഹെയ്തിയിലെ പ്രിയപ്പെട്ട ജനതയ്ക്കുവേണ്ടി, ആ രാജ്യത്ത് എല്ലാത്തരം അക്രമങ്ങളും അവസാനിക്കാനും, സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും മാർഗ്ഗത്തിൽ മുന്നേറാനും സാധിക്കുന്നതിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ രാഷ്ട്രീയ ഉത്തരവാദിത്വമുള്ളവർ, അവിടുത്തെ ജനം അനേകം വെല്ലുവിളികളെ നേരിടുമ്പോൾ, പ്രത്യയശാസ്ത്രപരമോ, പക്ഷപാതപരമോ ആയ മുൻവിധികൾക്കല്ല, പൊതുനന്മയ്ക്കുവേണ്ടിയുള്ള സംവാദങ്ങൾക്ക് ഇടം കൊടുക്കുന്നതിനു വേണ്ടി ഉണ്ണിയേശു പ്രചോദനമേകട്ടെ. മ്യാൻമറിനെ, അനുരഞ്ജനത്തിന്റെ ഭാവിയുടെ വെളിച്ചത്താൽ പ്രകാശിപ്പിക്കാൻ സമാധാനത്തിന്റെ രാജകുമാരനോട് നമുക്ക് അപേക്ഷിക്കാം: അവൻ യുവതലമുറയ്ക്ക് പ്രത്യാശ തിരികെ നൽകുകയും, മുഴുവൻ ബര്‍മ്മന്‍ ജനതയെയും സമാധാനത്തിന്റെ പാതകളിലൂടെ നയിക്കുകയും, താമസയിടമോ, സുരക്ഷയോ, നാളെയെക്കുറിച്ച് ആത്മവിശ്വാസമോ ഇല്ലാത്തവർക്ക് കൂട്ടായിരിക്കുകയും ചെയ്യട്ടെ.
തായ്‌ലാൻഡും കംബോഡിയയും തമ്മിലുള്ള പുരാതന സൗഹൃദം പുനഃസ്ഥാപിക്കാനും, സംഘർഷങ്ങളിലായിരിക്കുന്ന കക്ഷികൾ അനുരഞ്ജനത്തിനും സമാധാനത്തിനുമായി പ്രവർത്തിക്കുന്നതിനും വേണ്ടി നമുക്ക് അവനോട് പ്രാർത്ഥിക്കാം. അടുത്തിടെയുണ്ടായതും ജനതകളെ മുഴുവൻ കഠിനമായി ബാധിച്ചതുമായ കടുത്ത പ്രകൃതിദുരന്തങ്ങളാൽ കഷ്ടപ്പെടുന്ന തെക്കേ ഏഷ്യയിലെയും ഓഷ്യാനയിലെയും ജനതകളെ നമുക്ക് അവന് സമർപ്പിക്കാം. ഇത്തരം ബുദ്ധിമുട്ടുകളുടെ മുന്നിൽ, സഹനമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാനുള്ള നമ്മുടെ പൊതുവായ പ്രതിബദ്ധത ബോധ്യങ്ങളോടെ പുതുക്കാൻ ഞാൻ ഏവരെയും ക്ഷണിക്കുകയാണെന്നും പാപ്പ പറഞ്ഞു. പാപ്പയുടെ ഉർബി എത് ഓർബി സന്ദേശവും ആശീര്‍വാദവും ലക്ഷകണക്കിന് ആളുകളാണ് സ്വീകരിച്ചത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?






















