News

ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ജെറുസലേമിലെ തിരുക്കല്ലറ ദേവാലയത്തിനു കേടുപാട്

പ്രവാചകശബ്ദം 17-03-2026 - Tuesday

ജെറുസലേം: ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഈശോയെ അടക്കം ചെയ്ത കല്ലറ സ്ഥിതി ചെയ്യുന്ന ജെറുസലേമിലെ ഹോളി സെപ്പൽക്കർ ദേവാലയത്തിനു കേടുപാട്. മിസൈലിന്റെ ഭാഗങ്ങൾ ഹോളി സെപ്പൽക്കർ ദേവാലയം, അർമേനിയൻ പാത്രിയാർക്കേറ്റ് മന്ദിരം, അൽ-അഖ്സ പള്ളിക്ക് സമീപമുള്ള ടെമ്പിൾ മൗണ്ട് എന്നിവയിൽ വീണതായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ജെറുസലേമിലെ പുണ്യസ്ഥലങ്ങളിൽ മിസൈലുകൾ വിക്ഷേപിച്ച ഇറാന്റെ നടപടിയെ ഇസ്രായേൽ സർക്കാർ അപലപിച്ചു.

ആക്രമണം യഹൂദരെയും മുസ്ലീങ്ങളെയും ക്രൈസ്തവരെയും ഒരുപോലെ അപകടത്തിലാക്കുന്നതാണെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയ വക്താവ് ഓറൻ മാർമോർസ്റ്റീൻ ചൂണ്ടിക്കാട്ടി. ഇറാനിൽ നിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ തിരുക്കല്ലറ ദേവാലയ പരിസരത്താണ് വീണതെന്നും ഇറാൻ ഭരണകൂടം ജെറുസലേമിലെ പുണ്യസ്ഥലങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നും ആക്രമണം നഗരത്തിലെ പ്രധാന പുണ്യസ്ഥലങ്ങളെ നേരിട്ട് അപകടത്തിലാക്കുകയാണെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. ഈ ആക്രമണങ്ങളുടെ പിന്നിലെ ഇറാന്റെ ലക്ഷ്യം ജനതയ്ക്ക് സാധ്യമായ ഏറ്റവും വലിയ ദോഷം വരുത്തുക എന്നതാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിരോധം ശക്തമാണ്, പക്ഷേ ഇറാനിയൻ ഭരണകൂടത്തിന്റെ ഉദ്ദേശ്യങ്ങളും ലക്ഷ്യവും വ്യക്തമാണ്. അവർ പരമാവധി സിവിലിയൻ നാശനഷ്ടങ്ങൾ വരുത്താൻ ശ്രമിക്കുകയാണ്, ഇപ്പോൾ അവർ ജെറുസലേം നഗരത്തിലെ പുണ്യസ്ഥലങ്ങളും ലക്ഷ്യമിടുന്നു. അവർ ക്രൈസ്തവരെയും മുസ്ലീങ്ങളെയും യഹൂദരെയും ആക്രമിക്കുകയാണ്, വെറും മീറ്ററുകൾ അകലെ പതിച്ച ആ ബാലിസ്റ്റിക് മിസൈൽ ഈ പുണ്യസ്ഥലത്ത് നേരിട്ട് പതിച്ചിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നുവെന്ന് സങ്കൽപ്പിക്കുക. ജെറുസലേമിലെ ക്രിസ്ത്യാനികൾക്ക് ഏറ്റവും വിശുദ്ധമായ ഏക സ്ഥലമാണ് ഹോളി സെപൽക്കർ പള്ളിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »