News - 2026
ഇക്വഡോറില്‍ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു
പ്രവാചകശബ്ദം 25-03-2026 - Wednesday
ക്വിറ്റോ: ഇക്വഡോറിലെ ക്വിറ്റോയില്‍ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു. ഫാ. മാക്സിമിലിയാനോ എന്നറിയപ്പെടുന്ന ജോസ് എസ്റ്റുപിനാൻ ഗൈസ്ബോവര്‍ എന്ന വൈദികനെ മാർച്ച് 23ന് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരിന്നുവെന്ന് ക്വിറ്റോ അതിരൂപത വ്യക്തമാക്കി. ഗ്വായ്ലബാംബയ്ക്ക് സമീപമുള്ള ചാക്വിബാംബയിലെ ഭവനത്തിലാണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്. അഗാധമായ ദുഃഖത്തോടെയാണ് വൈദികന്റെ മരണ വിവരം അറിയിക്കുന്നതെന്നും എന്താണ് സംഭവിച്ചതെന്ന് അറിയുവാന്‍ അന്വേഷണം ആവശ്യപ്പെടുകയാണെന്നും അതിരൂപത പ്രസ്താവിച്ചു.
ദാരുണമായ സംഭവം അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കുന്നതിനും ഉത്തരവാദികളെ തിരിച്ചറിയുന്നതിനും നീതി നടപ്പാക്കുന്നതിനും ഗൗരവമേറിയതും സമയബന്ധിതവും സുതാര്യവുമായ അന്വേഷണം വേണമെന്നും ആർച്ച് ബിഷപ്പ് ആൽഫ്രെഡോ ജോസ് അഭ്യര്‍ത്ഥിച്ചു. വൈദികന്റെ നിത്യശാന്തിയ്ക്കായി പ്രാർത്ഥനയിൽ ഐക്യപ്പെടാനും, കുടുംബത്തിനും സുഹൃത്തുക്കൾക്കും വൈദികന്റെ അകാല വിയോഗത്തിൽ ദുഃഖിക്കുന്ന എല്ലാവർക്കും ആശ്വാസവും ശക്തിയും ലഭിക്കുവാന്‍ പ്രാര്‍ത്ഥന യാചിക്കുകയാണെന്നും അതിരൂപത അറിയിച്ചു.
1961 സെപ്റ്റംബർ 6ന് ഒരു ജർമ്മൻ അമ്മയുടെ മകനായി ജനിച്ച വ്യക്തിയാണ് മാക്സിമിലിയാനോ ജോസ് എസ്റ്റുപിനാൻ. 2000 മെയ് 20 ന് അദ്ദേഹം വൈദികനായി അഭിഷിക്തനായി. വൈദികന്റെ പൗരോഹിത്യ ശുശ്രൂഷ ആഴമേറിയ മാനുഷിക സമർപ്പണത്താൽ അടയാളപ്പെടുത്തിയിരുന്നു. ക്ഷമയോടും ശാന്തതയോടും കൂടി കേൾക്കാനും അനുഗമിക്കാനും കഴിവുള്ള, സൗഹാർദ്ദപരമായ പെരുമാറ്റമുള്ള വൈദികനായിരിന്നു അദ്ദേഹമെന്ന് ഇടവക ജനം അനുസ്മരിച്ചു. വൈദികന്റെ അകാല മരണത്തിന്റെ ഞെട്ടലിലാണ് ഇടവക സമൂഹം.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















