India - 2026
മെത്രാഭിഷേക രജത ജൂബിലി ദിനത്തിൽ കർദ്ദിനാൾ ക്ലീമിസ് ബാവയ്ക്കു ജന്മനാടിന്റെ ആദരവ്
പ്രവാചകശബ്ദം 16-08-2026 - Sunday
മുക്കൂർ (മല്ലപ്പള്ളി): മലങ്കര സുറിയാനി കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവായുടെ മെത്രാഭിഷേക രജതജൂബിലി ദിനത്തിൽ ജന്മനാടിന്റെ ആദരവ്. ഇന്നലെ രാവിലെ മാതൃഇടവകയായ സെൻ്റ് ജോസഫ് ദേവാലയത്തിലേക്ക് കർദ്ദിനാളിനെ വികാരി ഫാ.ഷാജി ബഹനാന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാളിനും ജൂബിലി കൃതജ്ഞത കുർബാനയ്ക്കും മാർ ക്ലീമിസ് ബാവ കാർമികത്വം വഹിച്ചു.
ഉച്ചകഴിഞ്ഞ് ജൂബിലി ഭവനങ്ങളുടെ കൂദാശയും താക്കോൽ ദാനവും നടന്നു. വൈകുന്നേരം മുക്കൂർ ഗ്രാമം കർദ്ദിനാളിനെ വരവേറ്റു. പൗരാവലി ഒരുക്കിയ സ്വീകരണ സമ്മേളനം മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്‌തു. കേരളീയ സമൂഹത്തിൽ തനതായ നിലപാടിലൂടെ എല്ലാവരെയും ചേർത്തു നിർത്തി മുന്നോട്ടു കൊണ്ടുപോകാൻ കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയ്ക്ക് പ്രത്യക കഴിവുണ്ടെന്ന് മന്ത്രി മുരളീധരൻ ചൂണ്ടിക്കാട്ടി. തിരുവല്ല അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ, ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, ആ ന്റോ ആന്റണി എംപി, വർഗീസ് മാമ്മൻ എംഎൽഎ, അതിരൂപത വികാരി ജനറാൾ ഫാ.ഡോ.ഐസക്ക് പറപ്പള്ളിൽ, ബഥനി ആശ്രമം സുപ്പീരിയർ ജനറാൾ ഫാ.ഗീവർഗീസ് കുറ്റിയിൽ ഒഐസി, ബഥനി സന്യാസിനി സമൂഹം സുപ്പീരിയർ ജനറാൾ സിസ്റ്റർ ആർദ്ര എസ്പെ്ഐസി, മേഖലാ വികാരി ഫാ.മാത്യു പുനക്കുളം, വികാരി ഫാ. ഷാജി ബഹനാൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക സഭാ പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ മറുപടി പ്രസംഗം നടത്തി. 2001 ഓഗസ്റ്റ് 15ന് തിരുവല്ല തിരുമൂലപുരത്തായിരുന്നു ക്ലീമിസ് ബാവയുടെ മെത്രാഭിഷേകം.

















