India - 2026
കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവായുടെ മെത്രാഭിഷേക രജത ജൂബിലി സമാപനം നാളെ
പ്രവാചകശബ്ദം 21-08-2026 - Friday
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്ക സഭ മേജർ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മെത്രാഭിഷേക രജത ജൂബിലി സമാപനം നാളെ നടക്കും. പട്ടം സെൻ്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ തയാറാക്കിയിരിക്കുന്ന പ്രത്യേക പന്തലിൽ രാവിലെ 8.30നു ചടങ്ങുകൾ ആരംഭിക്കും. കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ സമൂഹബലി നടക്കും. നിരവധി ബിഷപ്പുമാരും നാനൂറോളം വൈദികരും സഹകാർമികരാകും.
കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് വചനസന്ദേശം നൽകും. അന്ത്യോഖ്യയിലെ സുറിയാനി കത്തോലിക്കാ പാത്രിയാർക്കീസ് ഇഗ്നാത്തിയോസ് യൂസഫ് യൗനാൻ ബാവ മുഖ്യാതിഥി യായിരിക്കും. 11നു നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. കെസിബിസി പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ അധ്യക്ഷത വഹിക്കും. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ മുഖ്യാതിഥി ആയിരിക്കും.
ഗോവ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഫിലിപ്പ് നേരി ഫെറാവോ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, യാക്കോബായ സഭ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ, മാർ ത്തോമ്മാ സഭ തലവൻ ഡോ. തെയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത, ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, മന്ത്രി കെ. മുരളീധരൻ, എം.എ യൂസഫലി, ഇന്‍റര്‍ ചർച്ച് കൗൺസിൽ സെക്രട്ടറി ബിഷപ്പ് ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, ശശി തരൂർ എംപി, കെ.എൻ. ബാലഗോപാൽ എംഎൽഎ, തിരുവനന്തപുരം മേയർ വി.വി രാജേഷ്, രജതജൂബിലി ജനറൽ കൺവീനർ മുൻ ഡിജിപി ജേക്കബ് പുന്നൂസ് തുടങ്ങിയവർ പ്രസംഗിക്കും.
ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത ബിഷപ്പ് സാമുവേൽ മാർ തെയോഫിലോസ്, ബിഷപ്പ് ഔഗിൻ മാർ കുര്യാക്കോസ്, മുൻ ചീഫ് സെക്രട്ടറിമാരായ ജോൺ മത്തായി, സന്തോഷ് മാത്യു എന്നിവർ പ്രകാശനം ചെയ്യുന്ന പുസ്‌തകങ്ങൾ ഏറ്റുവാങ്ങും. കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മറുപടി പ്രസംഗം നടത്തുമെന്നു മലങ്കര കത്തോലിക്കാ എപ്പിസ്കോപ്പൽ സുനഹദോസ് സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, തിരുവനന്തപുരം മേജർ അതിഭദ്രാസനം സഹായമെത്രാൻ യൂഹാനോൻ മാർ അലക്‌സിയോസ്, ജനറൽ കൺവീനർ ജേക്കബ് പുന്നൂസ്, മലങ്കര കത്തോലിക്കാ സഭ പിആർഒ ഫാ. ബോവസ് മാത്യു എന്നിവർ അറിയിച്ചു.

















