News
ലോക സമാധാനത്തിനായി മാര്‍പാപ്പയുടെ നേതൃത്വത്തില്‍ ഇന്ന് വത്തിക്കാനില്‍ പ്രാര്‍ത്ഥന
പ്രവാചകശബ്ദം 11-04-2026 - Saturday
വത്തിക്കാന്‍ സിറ്റി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങളും യുദ്ധങ്ങളും വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സമാധാനം വീണ്ടെടുക്കാനും, യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിക്കാനും വേണ്ടി ഇന്ന് വത്തിക്കാനില്‍ പ്രാര്‍ത്ഥന. ഇന്നു ഏപ്രിൽ 11 ശനിയാഴ്ച വൈകുന്നേരം ആറുമണിക്ക് ഈ നിയോഗങ്ങളോടെ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ മാര്‍പാപ്പയുടെ നേതൃത്വത്തില്‍ പ്രാർത്ഥന നടക്കും. ഇന്ത്യന്‍ സമയം രാത്രി 9.20നു ആംഭിക്കുന്ന പ്രാര്‍ത്ഥന വത്തിക്കാന്‍ മീഡിയ ഉള്‍പ്പെടെയുള്ള യൂട്യൂബ് ചാനലുകളിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യും.
ഈസ്റ്റര്‍ ദിനത്തില്‍ വത്തിക്കാനില്‍ നല്കിയ 'ഉര്‍ബി ഏത്ത് ഓര്‍ബി' സന്ദേശത്തിലാണ് ലെയോ പാപ്പ ജാഗരണ പ്രാര്‍ത്ഥനയുടെ കാര്യം ആഗോള വിശ്വാസി സമൂഹത്തെ അറിയിച്ചത്. മാനവ ദുരിതക്കയത്തിലാക്കുന്ന നിരവധി സംഘർഷങ്ങൾ ലോകത്തിന്റെ വിവിധയിടങ്ങളിൽ അരങ്ങേറുന്ന ഈ അവസരത്തിൽ സമാധാനവും വിവിധ ജനതകൾ തമ്മിലുള്ള സഹവാസവും ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കാൻ ഏവരെയും പാപ്പ ക്ഷണിച്ചിട്ടുണ്ട്.
പരിശുദ്ധ പിതാവ് നയിക്കുന്ന ഈ പ്രാർത്ഥനാസമ്മേളനത്തിൽ വത്തിക്കാനില്‍ എത്തുന്ന എല്ലാ വിശ്വാസികൾക്കും പങ്കുചേരാനുള്ള അനുവാദമുണ്ടായിരിക്കുമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചിരുന്നു. മദ്ധ്യപൂർവ്വദേശങ്ങളിൽ രണ്ടാഴ്ചത്തേക്ക് വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെട്ടതിൽ തന്റെ സന്തോഷവും ആശ്വാസവും പ്രത്യാശയും കഴിഞ്ഞ ദിവസം നടന്ന പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽ പ്രകടിപ്പിച്ചതിന് പിന്നാലെ, ഇന്ന് ക്രമീകരിക്കുന്ന പ്രാർത്ഥനാസമ്മേളനത്തെക്കുറിച്ച് പരിശുദ്ധ പിതാവ് വീണ്ടും സംസാരിച്ചിരിന്നു.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️
















