News
ഏവർക്കും വിശപ്പകറ്റാനുള്ള ഭക്ഷണത്തിനായി പ്രാർത്ഥിക്കാം: ലെയോ പാപ്പയുടെ മെയ് മാസത്തെ പ്രാർത്ഥനാനിയോഗം
പ്രവാചകശബ്ദം 01-05-2026 - Friday
വത്തിക്കാന്‍ സിറ്റി: "ഏവർക്കും ഭക്ഷണം" എന്ന ലക്‌ഷ്യം നേടാനായി പ്രാർത്ഥിക്കാൻ ആഹ്വാനവുമായി ലെയോ പതിനാലാമൻ പാപ്പ. മെയ് മാസത്തേക്കുള്ള പാപ്പയുടെ പ്രാർത്ഥനാനിയോഗങ്ങൾ പ്രസിദ്ധപ്പെടുത്തിക്കൊണ്ട് ഇന്നലെ ഏപ്രിൽ 30 വ്യാഴാഴ്ച പുറത്തുവിട്ട ഒരു വീഡിയോ സന്ദേശത്തിലാണ് ആഗോള സഭാതലവന്റെ അഭ്യർത്ഥന ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഭൂമിയിലെ വിഭവങ്ങൾ, പങ്കുവയ്ക്കൽ മനോഭാവത്തോടെ വിതരണം ചെയ്യാനും, കൂടുതൽ ഉത്തരവാദിത്വത്തോടും കൃതജ്ഞതയോടും കൂടി ജീവിക്കാനും, ഏവർക്കും ഭക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കാനും പാപ്പ സന്ദേശത്തില്‍ ആഹ്വാനം നല്‍കി.
തന്റെ സ്നേഹത്തിന്റെയും കരുതലിന്റെയും ഭാഗമായാണ് ദൈവം നമുക്ക് മണ്ണും, അതുവഴി അനുദിനജീവിതത്തിന് വേണ്ട അപ്പവും നൽകിയതെന്ന് വിഡിയോ സന്ദേശത്തില്‍ പാപ്പ അനുസ്മരിച്ചു. നമ്മുടെ ഭക്ഷണമേശകളുൾപ്പെടെ നിരവധിയിടങ്ങളിൽ നിന്ന് ഒരു പാട് ഭക്ഷണം വലിച്ചെറിയപ്പെടുമ്പോൾ, ദശലക്ഷക്കണക്കിന് സഹോദരീസഹോദരന്മാർ പട്ടിണി മൂലം ദുരിതമനുഭവിക്കുന്ന അവസ്ഥ പലയിടങ്ങളിലും നിലനിൽക്കുന്നുണ്ടെന്നും പാപ്പ ചൂണ്ടിക്കാട്ടി.
നമ്മുക്കു ലഭിക്കുന്ന ഓരോ ഭക്ഷണപദാർത്ഥങ്ങളെയുമോർത്ത് ദൈവത്തിന് നന്ദി പറയാനും, എളിമയോടെ ഭക്ഷിക്കാനും, സന്തോഷത്തോടെ പങ്കുവയ്ക്കാനും, ഭൂമിയിലെ ഫലങ്ങൾ ദൈവദാനങ്ങളെന്നറിഞ്ഞ് സംരക്ഷിക്കാനും, അവ കുറച്ചുപേർക്കായുള്ളതല്ല, ഏവർക്കും വേണ്ടിയുള്ളതാണെന്നറിഞ്ഞ് ജീവിക്കാനും വേണ്ട കഴിവിനായി ഞങ്ങളിൽ പുതിയൊരു മനഃസാക്ഷിയുണർത്തണമേയെന്ന് പരിശുദ്ധ പിതാവ് പ്രാർത്ഥിച്ചു.
സ്വാർത്ഥപരമായ ഉപഭോഗയുക്തിയെ ഐക്യദാർഢ്യത്തിന്റെ സംസ്കാരത്തിലേക്ക് പരിവർത്തനം ചെയ്യാൻ വേണ്ട കഴിവിനായി ദൈവത്തോടു അപേക്ഷിക്കുന്ന പാപ്പ, ബോധവത്കരണ ക്യാമ്പയിനുകൾ വഴിയും ഭക്ഷണവിതരണം ലളിതവും ഉത്തരവാദിത്വമുള്ളതുമായ ജീവിതശൈലി തുടങ്ങി മൂർത്തമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ കഴിവുനൽകണമേയെന്നും പ്രാര്‍ത്ഥിച്ചു. ലോകത്തിന്റെ ജീവനായി മുറിക്കപ്പെട്ട അപ്പമായ യേശുവിനെ ഞങ്ങൾക്കായി നൽകിയ പിതാവേ, നീതിക്കും സാഹോദര്യത്തിനും വേണ്ടി വിശപ്പും ദാഹവുമനുഭവിക്കുന്ന ഒരു പുതുഹൃദയം ഞങ്ങൾക്ക് നൽകണമേയെന്ന് പാപ്പാ വിഡിയോയിൽ പ്രാർത്ഥിക്കുന്നുണ്ട്.

















