News - 2026

കിഴക്കന്‍ ആഫ്രിക്കയിലെ 9 മെത്രാന്‍ സമിതികളെ അഭിസംബോധന ചെയ്ത് പാപ്പയുടെ പ്രതിനിധി

പ്രവാചകശബ്ദം 21-07-2026 - Tuesday

നെയ്‌റോബി: കിഴക്കൻ ആഫ്രിക്കയിലെ ഒൻപത് മെത്രാൻ സമിതികളുടെ അസോസിയേഷന്റെ ഇരുപത്തിയൊന്നാമത് പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സമഗ്ര മാനവിക വികസനത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി അധ്യക്ഷൻ കർദ്ദിനാൾ മൈക്കിൾ ചേർണി. സമ്മേളനത്തിന്റെ ഭാഗമായി നെയ്‌റോബിയിൽ അർപ്പിക്കപ്പെട്ട വിശുദ്ധ ബലിമദ്ധ്യേ നൽകിയ സന്ദേശത്തില്‍ ദൈവരാജ്യത്തിന്റെ ശുശ്രൂഷകരാകാനും, പരസ്പര സഹകരണത്തിന്റെയും പ്രത്യാശയുടെയും പാലങ്ങൾ പണിയാനും കിഴക്കൻ ആഫ്രിക്കയിലെ ക്രൈസ്തവരോട് കർദ്ദിനാൾ ആഹ്വാനം ചെയ്തു.

ലെയോ പതിനാലാമൻ പാപ്പയുടെ പ്രഥമ ചാക്രികലേഖനമായ മാഗ്നിഫിക്ക ഹ്യൂമാനിത്താസ് മുന്നോട്ടുവയ്ക്കുന്ന ഉദ്ബോധനങ്ങൾ പരാമർശിച്ച അദ്ദേഹം, ക്രൈസ്തവർ വരാനിരിക്കുന്ന ദൈവരാജ്യത്തിന്റെ ശുശ്രൂഷകരാകാൻ വിളിക്കപ്പെട്ടവരാണെന്ന് ഓർമ്മിപ്പിച്ചു. ചെറിയ തുടക്കങ്ങളിൽ നിന്നുപോലും വളരുന്ന ദൈവരാജ്യത്തിന്റെ പ്രത്യാശയെ ഓർമ്മിപ്പിക്കുന്നതാണ് കടുകു മണിയുടെ ഉപമയെന്നും, തിന്മയെ അപലപിക്കുന്നതിലേക്ക് ഒതുങ്ങാതെ, ദൈവം തുറന്നുതരുന്ന പുതിയ മാർഗ്ഗങ്ങൾ തിരിച്ചറിയാൻ വേണ്ടി പരിശ്രമിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

പരിശുദ്ധാത്മാവിന്റെ പ്രവർത്തനം പോലെ, ലോകത്തെ ഉള്ളിൽനിന്ന് ശാന്തമായി രൂപപ്പെടുത്തുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുക എന്നതാണ് ക്രൈസ്തവരുടെ ദൗത്യം. സഭയും സമൂഹവും തമ്മിൽ ഐക്യത്തിന്റെയും പ്രത്യാശയുടെയും നീതിയുടെയും പാലങ്ങൾ പണിയാനും, യുവജനങ്ങൾക്കൊപ്പം പ്രത്യാശയുടെ നൂലിഴകൾ പാകാനും അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു. ജൂലൈ 19 മുതൽ 26 വരെ, കിഴക്കൻ ആഫ്രിക്കയിലെ കത്തോലിക്ക യൂണിവേഴ്സിറ്റിയിലാണ് കിഴക്കൻ ആഫ്രിക്കയിലെ മെത്രാൻ സമിതികളുടെ അസോസിയേഷന്റെ ഈ സമ്മേളനം നടക്കുന്നത്.

സുഡാൻ, തെക്കൻ സുഡാൻ, എത്യോപ്യ, ഉഗാണ്ട, കെനിയ, ടാൻസാനിയ, മലാവി, സാംബിയ എന്നീ രാജ്യങ്ങളിലെ മെത്രാൻ സമിതികളും, ജിബൂട്ടിയും സൊമാലിയയുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലെ മെത്രാന്മാരുമുൾപ്പെടെ ഏതാണ്ട് നൂറ്റിനാൽപ്പത് മെത്രാന്മാരുൾപ്പെടുന്നതാണ് കിഴക്കൻ ആഫ്രിക്കയിലെ മെത്രാൻസമിതികളുടെ അസോസിയേഷൻ.


Related Articles »