News

സ്പാനിഷ് ദേവാലയത്തിന്റെ 1,700 കിലോഗ്രാം ഭാരമുള്ള ദേവാലയ മണി വെഞ്ചിരിച്ച് പാപ്പ

പ്രവാചകശബ്ദം 18-05-2026 - Monday

വലൻസിയ: സ്പെയിനിലെ പ്രസിദ്ധമായ "വലൻസിയൻ സിസ്റ്റൈൻ ചാപ്പൽ" എന്നറിയപ്പെടുന്ന സെന്‍റ് നിക്കോളാസ് ദേവാലയത്തിന്റെ നാമധേയത്തിലുള്ള ചരിത്രപ്രസിദ്ധമായ ഇടവകയുടെ ദേവാലയ മണി ലെയോ പാപ്പ വെഞ്ചിരിച്ചു. പള്ളിയിലെ മണി ഗോപുരത്തിൽ സ്ഥാപിക്കുന്നതിനായി വലൻസിയയിലേക്ക് എത്തിക്കുന്നതിന് മുന്‍പ് വത്തിക്കാനിൽ പാപ്പയുടെ ആശീര്‍വാദം സ്വീകരിക്കുവാന്‍ സഭാനേതൃത്വം തീരുമാനിക്കുകയായിരിന്നു. വലൻസിയ ആർച്ച് ബിഷപ്പ് എൻറിക് ബെനവന്റ് വിദാൽ, സാൻ നിക്കോളാസ് ഇടവക വികാരി ഫാ. അന്റോണിയോ കോർബി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിന്റെയും വലൻസിയൻ സിവിൽ സൊസൈറ്റി പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് പാപ്പ, ദേവാലയ മണി ആശീര്‍വദിച്ചത്.

വെങ്കലം കൊണ്ടു നിര്‍മ്മിച്ച മണിയിൽ ലെയോ പതിനാലാമൻ മാർപാപ്പയുടെ മുദ്രാവാക്യമായ ഇൻ ഇല്ലോ ഉനോ ഉനം ("ഏക ക്രിസ്തുവിൽ നമ്മൾ ഒന്നാണ്") എന്നതു ആലേഖനം ചെയ്തിട്ടുണ്ട്. ആശീർവാദ ചടങ്ങിനിടെ വലൻസിയൻ പാരമ്പര്യ ശൈലിയായ “a la española” രീതിയിൽ മണിമുഴക്കവും നടത്തി. പരമ്പരാഗത കരകൗശല സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു വെങ്കലത്തിൽ നിർമ്മിച്ചിരിക്കുന്ന പുതിയ മണിയ്ക്കു 1.34 മീറ്റർ വ്യാസവും ഏകദേശം 1,700 കിലോഗ്രാം ഭാരവുമുണ്ട്. തടികൊണ്ടുള്ള നുകം, അനുബന്ധ വസ്തുക്കള്‍, ബോൾട്ട് എന്നിവയുൾപ്പെടെയുള്ള പൂർണ്ണമായ ദേവാലയ മണി സംവിധാനത്തിന് 3.05 മീറ്റർ ഉയരവും ഏകദേശം 3,000 കിലോഗ്രാം ഭാരവുമുണ്ടെന്നാണ് കണക്ക്.

അതേസമയം മണി സ്ഥാപിക്കുന്ന സെന്‍റ് നിക്കോളാസ് ദേവാലയത്തിന് വത്തിക്കാനുമായി ചരിത്രപരമായ ബന്ധമുണ്ടെന്നതാണ് ശ്രദ്ധേയമായ വസ്തുത. 1455-ൽ ഈ ദേവാലയത്തിന്റെ റെക്ടറായിരുന്ന ഫാ. അല്‍ഫോണ്‍സോ ഡെ ബോര്‍ജ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുകയും “കാലിക്സ്തൂസ് മൂന്നാമൻ” എന്ന പേര് സ്വീകരിക്കുകയും ചെയ്തു. മാർപാപ്പയായ ശേഷവും അദ്ദേഹം സെന്‍റ് നിക്കോളാസ് ദേവാലയത്തിന്റെ റെക്ടർ പദവി നിലനിർത്തി. ഇതിന് പിന്നാലെ റോമിലെ നിലവിലെ മാർപാപ്പയെ ദേവാലയത്തിന്റെ പ്രതീകാത്മക റെക്ടറായി കണക്കാക്കുകയും, ഇടവക വികാരി മാർപാപ്പയുടെ പ്രതിനിധിയായി “വൈസ് റെക്ടർ” പദവിയിൽ സേവനം ചെയ്യുകയും ചെയ്യുന്ന പ്രത്യേക പാരമ്പര്യം രൂപപ്പെടുകയായിരിന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️