News

യുദ്ധം അഭയാർത്ഥിയാക്കി, ക്രിസ്തു വൈദികനാക്കി; മുസ്ലിം കുടുംബത്തില്‍ ജനിച്ച സെനാദ് ഇന്ന് കത്തോലിക്ക വൈദികന്‍

പ്രവാചകശബ്ദം 14-07-2026 - Tuesday

ബെർലിൻ: ബോസ്നിയ-ഹെർസഗോവിനയിലെ ആഭ്യന്തര യുദ്ധത്തിനിടെ കുടുംബത്തോടൊപ്പം പലായനം ചെയ്ത് ജർമ്മനിയിൽ അഭയാർത്ഥിയായി എത്തിയ മുന്‍ മുസ്ലിം യുവാവ് കത്തോലിക്ക വൈദികനായി അഭിഷിക്തനായി. മുസ്ലിം കുടുംബത്തിൽ ജനിച്ച് പ്രായപൂർത്തിയായശേഷം ക്രൈസ്തവ വിശ്വാസം സ്വീകരിച്ച നാല്‍പ്പത്തിയൊന്നുകാരനായ സെനാദ് മർകല്യേവിച്ചാണ് ഈ അടുത്ത നാളില്‍ വൈദിക പരിശീലനം പൂര്‍ത്തിയാക്കി തിരുപ്പട്ടം സ്വീകരിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ മെയ് 30നു ബെർലിനിലെ സെന്റ് ഹെഡ്‌വിഗ് കത്തീഡ്രലിൽ ബെർലിൻ അതിരൂപത മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് ഹൈനർ കോച്ചില്‍ നിന്നാണ് അദ്ദേഹം വൈദികപട്ടം സ്വീകരിച്ചത്.

1984-ൽ അന്നത്തെ യുഗോസ്ലാവിയയിലെ ബ്ര്കോയിലെ ഒരു മുസ്ലിം കുടുംബത്തിലാണ് മർകല്യേവിച്ച് ജനിച്ചു വളർന്നത്. 1992-ൽ ബോസ്നിയൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ കുടുംബം ആദ്യം ഓസ്ട്രിയയിലേക്കും പിന്നീട് ജർമ്മനിയിലേക്കും അഭയം തേടി പലായനം ചെയ്തു. ജന്മന ഉണ്ടായിരുന്ന കാഴ്ചവൈകല്യവും പുതിയ രാജ്യത്തിലെ അന്യതാബോധവും ബാല്യകാലം കൂടുതൽ പ്രയാസകരമാക്കിയെന്ന് അദ്ദേഹം പറയുന്നു. 23-ാം വയസ്സിലാണ് ദൈവത്തെ തേടിയുള്ള അദ്ദേഹത്തിന്റെ വിശ്വാസയാത്രയ്ക്ക് പുതിയ വഴിത്തിരിവുണ്ടായത്.

പതിയെ ബൈബിൾ വായിക്കാൻ തുടങ്ങിയ സെനാദ് എല്ലാ ഞായറാഴ്ചയും രഹസ്യമായി ദേവാലയത്തിൽ പോകാൻ തുടങ്ങി. "ആദ്യമായി ദേവാലയത്തിൽ കയറുമ്പോൾ ഭയമായിരുന്നു. ഞാൻ ചെയ്യുന്നത് ശരിയാണോ എന്ന്" പലപ്പോഴും മനസ്സില്‍ ചോദ്യം ഉയര്‍ന്നിരിന്നുവെന്ന് സെനാദ് പറയുന്നു. എന്നാല്‍ ഇരട്ടജീവിതം നയിക്കാൻ താൽപര്യമില്ലെന്ന് പിന്നീട് തിരിച്ചറിയുകയായിരിന്നു. വിശുദ്ധ ബൈബിളിലും തിരുസഭയുടെ കൂദാശകളിലും ആകൃഷ്ടനായ അദ്ദേഹം 2009-ലെ ഈസ്റ്റർ വിജിൽ ശുശ്രൂഷയിൽ മാമ്മോദീസ സ്വീകരിച്ച് കത്തോലിക്ക സഭയിൽ അംഗമാകുകയായിരിന്നു. തുടക്കത്തിൽ അമ്മ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ എതിർത്തെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ തീരുമാനത്തെ അംഗീകരിച്ചു. അധികം വൈകാതെ വൈദിക പരിശീലനത്തിന് പ്രവേശിച്ചു.

2023-ൽ ലാന്റർഷോഫനിലെ മുതിർന്നവർക്കായുള്ള സെമിനാരിയിൽ ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയ മർകല്യേവിച്ച്, ബെർലിനിലെ ന്യൂകോൾൻ ജില്ലയിലെ സെന്റ് എഡിത്ത് സ്റ്റൈൻ ഇടവകയിൽ ഡീക്കനായും ശുശ്രൂഷ ചെയ്തു. മനുഷ്യരെ ആത്മീയമായി അനുഗമിക്കാനും സുവിശേഷം അറിയിക്കാനുമാണ് വൈദിക ശുശ്രൂഷയിലൂടെ താന്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. പുതിയ ഉത്തരവാദിത്വമുള്ള ഇടവക, മുസ്ലിം ജനസംഖ്യ കൂടുതലുള്ള പ്രദേശമായതിനാൽ തന്റെ ജീവിതാനുഭവം വഴി ക്രൈസ്തവരും മുസ്ലിംകളും തമ്മിലുള്ള സൗഹൃദത്തിനും സുവിശേഷവത്ക്കരണത്തിനും സഹായകരമാകുമെന്ന പ്രത്യാശ പങ്കുവെയ്ക്കുകയാണ് ഈ യുവ വൈദികന്‍.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »