News
യുദ്ധ ഭീതിയിൽ ആശങ്ക പ്രകടിപ്പിച്ച് ലെയോ പാപ്പ
പ്രവാചകശബ്ദം 13-07-2026 - Monday
റോം: മധ്യപൂർവേഷ്യയിൽ കഴിഞ്ഞ ദിവസങ്ങളിൽ, പുനഃരാരംഭിച്ച യുദ്ധ ഭീഷണിയില്‍ ആശങ്ക പ്രകടിപ്പിച്ച് ലെയോ പതിനാലാമൻ പാപ്പ. വേനൽകാല വിശ്രമത്തിനുവേണ്ടി, കാസ്റ്റൽ ഗന്ധോൾഫോയിലെത്തിയ പാപ്പ ഇന്നലെ ഞായറാഴ്ച നല്‍കിയ സന്ദേശത്തിലാണ് ആശങ്ക പ്രകടിപ്പിച്ചത്. യുഎസും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചതും ലെബനനിലെ പ്രതിസന്ധിയും, ഏറെ ദുരിതങ്ങൾ വിതയ്ക്കുന്ന മധ്യപൂർവേഷ്യയിലെ സ്ഥിതികളെ കുറിച്ചും, യുക്രൈനിലെ, ഖാർകിവ്, ഡിനിപ്രോ, കീവ്, ഒഡെസ എന്നിവിടങ്ങളിൽ സമീപ ദിവസങ്ങളിൽ നടന്ന തീവ്രമായ ആക്രമണങ്ങളെക്കുറിച്ചു പാപ്പ ആശങ്ക പ്രകടിപ്പിച്ചു.
അക്രമം, ഭീകരത, മരണം ഒരിക്കൽ കൂടി അതിന്റെ ഭീകരമായ മുഖം വെളിപ്പെടുത്തുന്നുവെന്നും, ധാരാളം നിരപരാധികൾ ഇരകളാക്കപ്പെടുകയും ചെയ്യുന്നുവെന്ന് പാപ്പ ചൂണ്ടിക്കാട്ടി. ദുർബലമായ ഈ നിമിഷങ്ങളിലും, പ്രത്യാശയുടെയും സമാധാനത്തിന്റെയും ജ്വാല കെടുത്താൻ, യുദ്ധത്തിന്റെ കാറ്റിനെ അനുവദിക്കരുതെന്ന് പാപ്പ ആഹ്വാനം ചെയ്തു. സംഭാഷണത്തിന്റെയും, കണ്ടുമുട്ടലുകളുടെയും, നയതന്ത്രത്തിന്റെയും പാതയിൽ, സ്ഥിരോത്സാഹത്തോടെ മുൻപോട്ടു പോകുമെന്ന പ്രത്യാശയും പാപ്പ പങ്കുവച്ചു.
ജനങ്ങൾക്ക് പരസ്പര സുരക്ഷയോടെയും ഓരോ വ്യക്തിയുടെയും അന്തസ്സിനോടുള്ള ബഹുമാനത്തോടെയും അനുരഞ്ജനത്തോടെ ജീവിക്കാൻ കഴിയുന്ന നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിലേക്ക് നയിക്കാൻ ഈ ഒരു മാർഗം മാത്രമാണ് ഉളളതെന്നും പാപ്പ പറഞ്ഞു. ഓഗസ്റ്റ് ആദ്യവാരം വരെ മാർപാപ്പമാരുടെ വേനൽക്കാലവസതിയായി അറിയപ്പെടുന്ന കാസ്റ്റൽ ഗാൻഡോൾഫോയിലുള്ള പൊന്തിഫിക്കൽ കൊട്ടാരത്തിലാണ് പാപ്പ സമയം ചെലവഴിക്കുന്നത്. പ്രാർത്ഥന, വിശ്രമം, വായന എന്നിവയ്ക്കു വേണ്ടിയാണ് പാപ്പ ഈ ദിവസങ്ങള്‍ നീക്കിവെയ്ക്കുന്നത്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















