India - 2026

തിയോളജിയിൽ ഡിപ്ലോമ കോഴ്‌സുമായി കണ്ണൂർ സർവ്വകലാശാല

പ്രവാചകശബ്ദം 02-06-2026 - Tuesday

കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയിൽ പുതുതായി ആരംഭിക്കുന്ന കോഴ്സുകളിൽ തിയോളജി പഠനവും ഉൾപ്പെടുത്തിക്കൊണ്ട് സർവ്വകലാശാല പുതിയ പഠനമേഖലകളിലേക്കു വഴിതുറക്കുന്നു. സർവകലാശാലയുടെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് ആരംഭിക്കുന്ന വിവിധ പുതിയ കോഴ്സുകളുടെ ഔദ്യോഗിക പ്രഖ്യാപനം ഗവർണറും ചാൻസലറുമായ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കണ്ണൂർ സർവ്വകലാശാലാ മാങ്ങാട്ടുപറമ്പ് കാമ്പസിൽ നിർവഹിച്ചു. കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാല ഇത്തരം പ്രോഗ്രാം നടത്തുന്നത്.

തലശേരി അതിരൂപതയുടെ മേൽനോട്ടത്തിലുള്ള ദൈവശാസ്ത്ര പഠനകേന്ദ്രമായ ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് സയൻസുമായി ചേർന്നു നടത്തുന്ന പ്രോഗ്രാമിനു പ്ലസ് ടുവാണു യോഗ്യത. ഇന്ത്യയിലും വിദേശത്തുമായി നിരവധി പഠനകേന്ദ്രങ്ങളുള്ള ആൽഫയിലൂടെ പതിനായിരത്തിലധികം പേർ തിയോളജിയിൽ ഡിപ്ലോമ, ബിരുദ, ബിരുദാനന്തര പഠനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ ഓൺലൈൻ കോഴ്‌സുകളിലൂടെ നാനൂറോളം പേർ വിവിധ തലങ്ങളിൽ ദൈവശാസ്ത്ര പഠനം നടത്തിവരുന്നു. ഗവേഷണ താത്പര്യമുള്ളവർക്കു കലിഫോർണിയയിലെ ജിഎം യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് ഗവേഷണം നടത്തുന്നതിനുള്ള അവസരവുമുണ്ട്.

ഓൺലൈൻ കോഴ്‌സുകൾക്കു പുറമേ റിലീജിയസ് സയൻസിൽ റെഗുലർ ബിരുദ കോഴ്‌സും ഈ അധ്യയന വർഷം മുതൽ ആരംഭിച്ചിട്ടുണ്ട്. ബംഗളൂരുവിലെ ധർമാരാം വിദ്യാ ക്ഷേത്രവുമായി ലിങ്ക് ചെയ്ത‌ിട്ടുള്ള ഈ കോഴ്സ് റോമിലുള്ള കൾച്ചർ ആൻഡ് എഡ്യുക്കേഷൻ ഡിക്കാസ്റ്ററിയുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. തുറന്ന കാഴ്ചപ്പാടോടെയുള്ള പഠനത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഡിപ്ലോമ കോഴ്സ‌ിന്റെ ലക്ഷ്യമെന്ന് ഡയറക്ടർ ഫാ. ഡോ. അനീഷ് കൊട്ടുകാപ്പള്ളി പറഞ്ഞു.


Related Articles »